
കുടുംബപ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള പരമ്പരകളില്‍ ഒന്നാണ് ‘ഉപ്പും മുളകും’. ഒരു കൊച്ചു കുടുംബത്തിന്റെ വിശേഷങ്ങളും ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെ പങ്കിടുന്ന ഉപ്പും മുളകും എന്ന സിറ്റ്കോമിലെ എല്ലാ താരങ്ങളും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. അക്കൂട്ടത്തില്‍ മുന്‍പന്തിയിലാണ് സിദ്ധാര്‍ത്ഥ് പ്രഭു. ‘തട്ടീം മുട്ടീം’ എന്ന പരമ്പരയിലൂടെ ബാലതാരമായി ശ്രദ്ധ നേടിയ സിദ്ധാർത്ഥ്, ‘ഉപ്പും മുളകും’ പരമ്പരയില്‍ ലച്ചുവിന്റെ ഭർത്താവായ സിദ്ധുവായി എത്തിയതോടെയാണ് കൂടുതല്‍ ജനശ്രദ്ധ നേടിയത്.
പരമ്പരയില്‍ വലിയൊരു പ്രതിസന്ധി ഘട്ടത്തില്‍ എത്തിയ സിദ്ധാർത്ഥ്, തന്റെ മികച്ച പ്രകടനത്തിലൂടെ പരമ്പരയെ വീണ്ടും ടിആർപി റേറ്റിംഗില്‍ മുന്നിലെത്തിച്ചു. അപ്പോഴാണ് അപ്രതീക്ഷിതമായി വാഹനമോടിച്ച് വഴിയാത്രക്കാരെ ഇടിച്ച് പരിക്കേല്‍പ്പിച്ച് കേസില്‍ സിദ്ധാർത്ഥ് ഉള്‍പ്പെട്ടത്. വഴിയാത്രക്കാരൻ ചികിത്സയിലിരിക്കെ മരിച്ചതിനാല്‍ കേസും മറ്റുമായി കുറച്ചുനാള്‍ സിദ്ധാര്‍ത്ഥ് ഉപ്പും മുകളില്‍ നിന്നും വിട്ടുനിന്നു. എന്നാല്‍ പിന്നീട് തിരിച്ച് എത്തിയപ്പോഴും വലിയ സ്വീകാര്യത ലഭിച്ചു.
പക്ഷേ ഇപ്പോഴിതാ താന്‍ ഉപ്പും മുളകും പരമ്പരയില്‍ നിന്ന് വീണ്ടും ചെറിയൊരു ഇടവേളയെടുക്കാന്‍ തീരുമാനിച്ചെന്ന് കുറിക്കുകയാണ് സിദ്ധാര്‍ത്ഥ് പ്രഭു. ഇത് ഒരു വിടവാങ്ങൽ അല്ലെന്നും ചെറിയൊരു ഇടവേള മാത്രമാണെന്നും താന്‍ തിരിച്ചുവരാൻ തീരുമാനിച്ചാൽ, തീർച്ചയായും എല്ലാവരെയും അറിയിക്കുമെന്നുമാണ് സിദ്ധാര്‍ത്ഥ് കുറിച്ചിരിക്കുന്നത്.
‘‘ഉപ്പും മുളകിൽ നിന്ന് ഒരു ചെറിയ ഇടവേള എടുക്കാൻ ഞാൻ തീരുമാനിച്ചു. ഇത് വിടവാങ്ങൽ അല്ല - ഒരു ഇടവേള മാത്രം. ഞാൻ തിരിച്ചുവരാൻ തീരുമാനിച്ചാൽ, തീർച്ചയായും നിങ്ങളെ എല്ലാവരെയും അറിയിക്കും.
ഈ അവിശ്വസനീയമായ അവസരം എനിക്ക് നൽകിയതിനും ഈ യാത്രയിലുടനീളം എന്നിൽ വിശ്വസിച്ചതിനും ഫ്ലവേഴ്സ് ടിവിക്ക് എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി.
ഞങ്ങളുടെ സംവിധായകൻ, എഴുത്തുകാർ, നിർമ്മാതാക്കൾ, സാങ്കേതിക വിദഗ്ധർ, ക്യാമറാ സംഘം, മേക്കപ്പ് ആർട്ടിസ്റ്റുകൾ, വസ്ത്രാലങ്കാരം ടീം, പ്രൊഡക്ഷൻ സ്റ്റാഫ്, തിരശ്ശീലയ്ക്ക് പിന്നിൽ അക്ഷീണം പ്രവർത്തിച്ച ഓരോ വ്യക്തിക്കും പ്രത്യേക നന്ദി. നിങ്ങളെല്ലാവരും ഈ അനുഭവം അവിസ്മരണീയമാക്കി.
എന്റെ പ്രിയപ്പെട്ട സഹകലാകാരന്മാരേ, ചിരി, ഓർമ്മകൾ, പിന്തുണയ്ക്ക്, സൗഹൃദത്തിന് നന്ദി. നിങ്ങളോരോരുത്തരുമായും പ്രവർത്തിക്കുന്നത് ഒരു അനുഗ്രഹമാണ്, ഞങ്ങൾ പങ്കിട്ട നിമിഷങ്ങൾ ഞാൻ എപ്പോഴും വിലമതിക്കും...’’ എന്നാണ് സിദ്ധാര്‍ത്ഥ് പ്രഭു കുറിച്ചിരിക്കുന്നത്. ഈ വാർത്ത ആരാധകരെ വലിയ സങ്കടത്തിലാക്കിയിട്ടുണ്ട്. സിദ്ധാർത്ഥിന്റെ പിന്മാറ്റം ഉള്‍ക്കൊള്ളാൻ കഴിയുന്നില്ലെന്നും, അദ്ദേഹം ഉണ്ടായിരുന്നത് കൊണ്ട് മാത്രമാണ് പലരും പരമ്പര വീണ്ടും കണ്ടുതുടങ്ങിയതെന്നും ആരാധകർ കമന്റുകളിലൂടെ കുറിക്കുന്നുണ്ട്.
എന്നാല്‍ സിദ്ധാര്‍ത്ഥ് ബ്രേക്ക് എടുക്കുന്നത് ബിഗ് ബോസ് സീസണ്‍ മലയാളം സീസണ്‍ വരാനിരിക്കുന്ന സമയത്താണ്. അതുകൊണ്ടു തന്നെ താരം ഷോയില്‍ പങ്കെടുത്തേക്കുമെന്ന അഭ്യൂഹങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്. എന്തായാലും താരത്തിന്റെ പിന്മാറ്റം പരമ്പരയുടെ വരും എപ്പിസോഡുകളെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയും ആരാധകര്‍ പ്രകടിപ്പിക്കുന്നുണ്ട്.
ജൂഹി റുസ്തഗി അവതരിപ്പിക്കുന്ന ലച്ചു എന്ന കഥാപാത്രത്തിന്റെ ഭർത്താവായ സിദ്ധുവായാണ് സിദ്ധാർത്ഥ് പ്രഭു എത്തിയത്. അതിനുശേഷം ഉപ്പും മുളകും എപ്പിസോഡുകള്‍ വീണ്ടും ടിആർപിയില്‍ വലിയ ചലനം സൃഷ്ടിച്ചു. ബാലുവും നീലുവുമായി അഭിനയിച്ചിരുന്ന ബിജു സോപാനവും നിഷ സാരംഗും ഉപ്പും മുളകില്‍ നിന്നും പിന്മാറിയശേഷം ടിആർപിയില്‍ അടക്കം വളരെ പിന്നിലായിരുന്നു ഉപ്പും മുളകും. അതില്‍ വലിയ മാറ്റം സംഭവിച്ചത് സിദ്ധാർത്ഥ് പ്രഭുവിന്റെ വരവോടെയാണ്. തന്റെ മികച്ച പ്രകടനത്തിലൂടെ പരമ്പരയെ വീണ്ടും ടിആർപി റേറ്റിംഗില്‍ മുന്നിലെത്തിക്കാൻ സഹായിച്ചിരുന്നു. സിദ്ധു-ലച്ചു കോമ്പോ ആരാധകർക്കിടയില്‍ വലിയ ഹിറ്റായിരുന്നു.യൂട്യൂബില്‍ എപ്പിസോഡുകള്‍ മില്യണ്‍ അടിക്കാൻ തുടങ്ങി.






