
രണ്ട് പെണ്‍മക്കള്‍ ചേര്‍ന്ന് തങ്ങളുടെ അമ്മയെ ഞെട്ടിച്ച ഒരു രഹസ്യ യാത്രയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ തരംഗമായിരിക്കുന്നത്. ശ്രാവ്യ ഗുനിപുടി എന്ന ഇന്‍സ്റ്റാഗ്രാം യൂസറാണ് അമ്മയ്ക്ക് നല്‍കിയ ഈ മനോഹരമായ സര്‍പ്രൈസ് യാത്രയുടെ വീഡിയോ പങ്കുവെച്ചത്. ആരെയും അത്ഭുതപ്പെടുത്തുന്ന രീതിയിലായിരുന്നു ഈ മക്കള്‍ തങ്ങളുടെ അമ്മയ്ക്കായി ഒരു വാരാന്ത്യ അവധിക്കാലം പ്ലാന്‍ ചെയ്തത്.
യാത്രയ്ക്കായി മക്കള്‍ ഒരുക്കിയ പദ്ധതി വളരെ രസകരമായിരുന്നു. ആഴ്ചകളോളം അമ്മ അറിയാതെ അവരുടെ വസ്ത്രങ്ങള്‍ കുറച്ചുകുറച്ചായി ഇവര്‍ രഹസ്യമായി കാറിന്റെ ഡിക്കിയില്‍ ഒളിപ്പിച്ചു വെച്ചു. അമ്മ ആ ദിവസങ്ങളില്‍ ഫ്രീയാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഇവര്‍ ബുക്കിംഗുകളെല്ലാം ചെയ്തത്. ഒടുവില്‍ കുറച്ചുനേരത്തേക്ക് അടുത്തുള്ള ഒരു പാര്‍ക്കിലേക്ക് പോകാം എന്ന് പറഞ്ഞാണ് അമ്മയെയും കൂട്ടി ഇവര്‍ കാറില്‍ യാത്ര തിരിച്ചത്.
പാര്‍ക്കിലേക്ക് പോവുകയാണെന്ന് കരുതി സന്തോഷത്തോടെ കാറിന്റെ പിന്‍സീറ്റിലിരുന്ന് സംസാരിക്കുന്ന അമ്മയുടെ ദൃശ്യങ്ങളാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. തനിക്ക് വലിയ സന്തോഷമുണ്ടെന്ന് അമ്മ മക്കളോട് പറയുന്നുമുണ്ട്. എന്നാല്‍ കുറച്ചു സമയം കഴിഞ്ഞപ്പോള്‍ മക്കള്‍ ആ സത്യം തുറന്നുപറഞ്ഞു; "ഞങ്ങള്‍ നിങ്ങളോട് കള്ളം പറഞ്ഞതാണ്, നമ്മള്‍ പാര്‍ക്കിലേക്കല്ല പോകുന്നത്" എന്നായിരുന്നു ആ വെളിപ്പെടുത്തല്‍.
തങ്ങളുടെ ലഗേജുകളെല്ലാം നേരത്തെ തന്നെ പാക്ക് ചെയ്തിട്ടുണ്ടെന്ന് മക്കള്‍ പറഞ്ഞപ്പോള്‍ അമ്മ ആദ്യം അമ്പരന്നുപോയി. ഒന്നു പതറിയെങ്കിലും, "നിങ്ങള്‍ ഗൗരവമായിട്ടാണോ പറയുന്നത്?" എന്ന് ചോദിച്ച് അവര്‍ സന്തോഷം കൊണ്ട് അലറിവിളിക്കുകയായിരുന്നു. പിന്നീട് ശ്രീശൈലത്തിലേക്ക് നടത്തിയ ആ മനോഹരമായ വാരാന്ത്യ യാത്ര കുടുംബം ഒരുപോലെ ആസ്വദിച്ചു. മാതാപിതാക്കള്‍ക്ക് ഇത്തരം മനോഹരമായ ഓര്‍മ്മകള്‍ സമ്മാനിക്കാന്‍ എല്ലാവരും ശ്രമിക്കണമെന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് ശ്രാവ്യ കുറിച്ചത്.






