
ചിത്രീകരണത്തിനിടെ പ്രാണിയുടെ കടിയേറ്റ് ഗുരുതരാവസ്ഥയിലായ പ്രശസ്ത നടനും സുഹൃത്തുമായ രാജേഷ് ശർമ്മയുടെ ആരോഗ്യനിലയിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി നടൻ അക്ഷയ് കുമാർ. ഹൈദരാബാദിൽ സിനിമ ഷൂട്ടിംഗിനിടെയാണ് രാജേഷ് ശർമ്മയ്ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായത്. നിലവിൽ കൊൽക്കത്തയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തന്റെ പ്രിയ സുഹൃത്തിന് എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് അക്ഷയ് കുമാർ ആശംസിച്ചു.
രാജേഷ് ശർമ്മയ്ക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു അക്ഷയ് കുമാറിന്റെ കുറിപ്പ്. "ഷൂട്ടിംഗിനിടെ പ്രാണിയുടെ കടിയേറ്റതിനെ തുടർന്ന് എന്റെ പ്രിയ സുഹൃത്ത് രാജേഷിന്റെ ആരോഗ്യനിലയെക്കുറിച്ച് അറിഞ്ഞതിൽ വലിയ ആശങ്കയുണ്ട്. മഹാദേവൻ അദ്ദേഹത്തെ എത്രയും വേഗം പൂർണ്ണ ആരോഗ്യവാനായി അനുഗ്രഹിക്കട്ടെ. പെട്ടെന്ന് സുഖം പ്രാപിക്കൂ കൂട്ടുകാരാ, നമുക്ക് ഇനിയും ഒന്നിച്ച് ഇരുന്ന് ഒരുപാട് ചിരിക്കാനുണ്ട്," അക്ഷയ് കുമാർ ഫെയ്സ്ബുക്കില്‍ കുറിച്ചു. 'സ്പെഷ്യൽ 26', 'ടോയ്‌ലറ്റ്: ഏക് പ്രേം കഥ', 'ലക്ഷ്മി', 'ഭൂത് ബംഗ്ല' ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിച്ചവരാണ് ഇരുവരും.
ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിൽ പ്രഭാസ് ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയായിരുന്നു സംഭവം. സെറ്റിൽ വെച്ച് പ്രാണിയുടെ കടിയേറ്റതാണ് രോഗകാരണമെന്ന വാർത്ത പുറത്തുവന്നതോടെ സിനിമാ ലോകം ഒന്നടങ്കം ഞെട്ടലിലാണ്.
അതിനിടെ, നടന് എങ്ങനെയാണ് രോഗബാധയുണ്ടായത് എന്നതിനെക്കുറിച്ച് ഉടനടി ഉന്നതതല അന്വേഷണം നടത്തണമെന്ന് ഓൾ ഇന്ത്യൻ സിനി വർക്കേഴ്സ് അസോസിയേഷൻ (AICWA) തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയോടും അധികൃതരോടും ആവശ്യപ്പെട്ടു. സിനിമാ സെറ്റുകളിലെ മോശം ശുചിത്വവും സുരക്ഷിതമല്ലാത്ത തൊഴിൽ സാഹചര്യങ്ങളുമാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമാകുന്നതെന്നും അസോസിയേഷൻ കുറ്റപ്പെടുത്തി. ഭാവപ്രകടനങ്ങൾ കൊണ്ട് ഇന്ത്യൻ സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ രാജേഷ് ശർമ്മ എത്രയും വേഗം ക്യാമറയ്ക്ക് മുന്നിലേക്ക് തിരിച്ചെത്തട്ടെ എന്ന പ്രാർത്ഥനയിലാണ് ആരാധകരും സഹപ്രവർത്തകരും.






