
കൊച്ചി : എറണാകുളത്ത് റിസോര്‍ട്ട് നിര്‍മാണത്തിനെത്തിയ തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ടു. മയ്യനാട് സ്വദേശി മുജീബ് (48) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകിട്ടയോടെയാണ് സംഭവം നടന്നത്.മുളന്തുരുത്തിക്ക് സമീപം ആമ്പല്ലൂര്‍ പഞ്ചായത്തിലെ ഞണ്ടുകാട് തുരുത്തില്‍ റിസോര്‍ട്ട് നിര്‍മാണ തൊഴിലാളിയായിരുന്നു കൊല്ലപ്പെട്ട മുജിബ്.
ഞണ്ടുകാട് തുരുത്തിലെ 'ചാക്കനാട്ട് ഹൗസ്' എന്ന പഴയ വീട് റിസോര്‍ട്ടാക്കി മാറ്റുന്ന ജോലികള്‍ക്കായാണ് മുജിബ് മറ്റ് മൂന്ന് തൊഴിലാളികള്‍ ഇവിടെ താമസിച്ചിരുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് മുജീബിന്റെ സഹപ്രവര്‍ത്തകരും തിരുവനന്തപുരം സ്വദേശികളുമായ രാജു, രഞ്ജിത്ത്, സുമേഷ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മുജീബിന്റെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. റിസോർട്ട് ചട്ടങ്ങൾ ലംഘിച്ചാണ് നിർമിച്ചുകൊണ്ടിരുന്നതെന്ന വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്.
സംഭവദിവസം രാത്രി പാടശേഖരത്തിന് സമീപത്തെ ഷെഡിലിരുന്ന് മദ്യപിക്കുന്നതിനിടെ ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുന്നത്. തര്‍ക്കം മൂര്‍ച്ഛിച്ചതോടെ നിര്‍മാണ സൈറ്റിലുണ്ടായിരുന്ന മാരകായുധം ഉപയോഗിച്ച് മുജീബിന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പരുക്കേറ്റ മുജീബിനെ അവിടെത്തന്നെ ഉപേക്ഷിച്ച് പ്രതികള്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. പിന്നീട് പ്രദേശവാസികളാണ് മൃതദേഹം കണ്ടെത്തി പൊലീസില്‍ വിവരമറിയിച്ചത്. രാത്രി തന്നെ പോലീസ് പ്രതികളെ പിടികൂടി.






