അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും പലപല പ്രതിസന്ധികളിലും കുടുങ്ങി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം വേണ്ടത്ര വിജയകരമാക്കാന്‍ കഴിയാതെ സാഹചര്യത്തില്‍ പശ്ചിമേഷ്യയിലെ സംഘര്‍ഷം സൃഷ്ടിച്ച പ്രതിസന്ധിയില്‍നിന്ന് കണ്ണൂര്‍ വിമാനത്താവളം കരകയറുന്നു. സംഘര്‍ഷത്തിന് അയവ് വന്നതോടെ ഇന്‍ഡിഗോയും എയര്‍ ഇന്ത്യ എക്സ്പ്രസും 95 ശതമാനം സര്‍വീസുകളും പുനരാരംഭിച്ചതോടെയാണ് ഇത്. സംഘര്‍ഷത്തെ തുടര്‍ന്ന് ഈ മാര്‍ച്ചില്‍ യാത്രക്കാരുടെ എണ്ണത്തില്‍ 92 ശതമാനം കുറവാണ് കണ്ണൂരിലുണ്ടായത്. കോഴിക്കോട് വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ 47 ശതമാനവും കൊച്ചിയില്‍ 37 ശതമാനവും കുറവുണ്ടായി. തിരുവനന്തപുരം വിമാനത്താവളത്തില്‍ 39 ശതമാനത്തിന്റെയും കുറവുണ്ടായി.
യാത്രക്കാരുടെ എണ്ണത്തില്‍ ആകെ 62 ശതമാനം കുറവാണ് കണ്ണൂരിലുണ്ടായത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി യാത്രക്കാരുടെ എണ്ണത്തില്‍ ശ്രദ്ധേയമായ പുരോഗതിയാണ് വിമാനത്താവളം കൈവരിക്കുന്നത്. ഇതിനിടയിലാണ് പശ്ചിമേഷ്യയിലെ പ്രതിസന്ധി കണ്ണൂര്‍ വിമാനത്താവളത്തെയും ബാധിച്ചതെന്ന് കിയാല്‍ എംഡി സി ദിനേശ് കുമാര്‍ വ്യക്തമാക്കി.
എന്നാല്‍ ഈ പ്രതിസന്ധിയില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളം കരകയറി തുടങ്ങിയതായും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇക്കഴിഞ്ഞ ഏപ്രിലില്‍ 19 ശതമാനം യാത്രക്കാര്‍ വര്‍ധിച്ചു. മേയില്‍ 45 ശതമാനവും ജൂണില്‍ 65 ശതമാനവും വര്‍ധനവുണ്ടായി. ഈ മാസം 95 ശതമാനം സര്‍വീസുകളും പുനരാരംഭിച്ചിട്ടുണ്ട്. ഇതോടെ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എം ഡി സി ദിനേശ് കുമാര്‍ അറിയിച്ചു.
കണ്ണൂര്‍ വിമാനത്താവളത്തിനുള്ള യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. 2025ല്‍ യാത്രക്കാരുടെ എണ്ണത്തില്‍ കണ്ണൂര്വിമാനത്താവളം റെക്കോര്‍ഡാ സൃഷ്ടിച്ചത്. 1.5 ദശലക്ഷം യാത്രക്കാരാണ് കഴിഞ്ഞ വര്‍ഷം കണ്ണൂര്‍ അന്താരാഷ്ര്ട വിമാനത്താവളത്തില്‍നിന്ന് യാത്ര ചെയ്തത്. 2024നെ അപേക്ഷിച്ച് 16ശതമാനം വര്‍ധനവാണ് ഇത്.
കെപി. അനില്‍കുമാര്‍
മട്ടന്നൂര്‍



