
കണ്ണൂര്‍: അനസ്‌തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് അബോധാവസ്ഥയിലായ ഒന്നരവയസ്സുകാരന് മരണം സംഭവിച്ച സംഭവത്തില്‍ ബന്ധുക്കളുടെ പരാതിയില്‍ ആശുപത്രിക്കെതിരേ കേസ്. പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ എരമം സ്വദേശികളായ സൂരജ് വിജിഷ ദമ്പതികളുടെ മകന്‍ ദേവാന്‍ഷ് ശൗര്യ മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരേ ചികിത്സാപിഴവ് ആരോപിക്കപ്പെട്ടിട്ടുണ്ട്.
അനസ്‌തേഷ്യ നല്‍കിയപ്പോള്‍ കാര്‍ഡിയാക്ക് അറസ്റ്റ് ഉണ്ടായെന്നാണ് ആശുപത്രിയുടെ വിശദീകരണം. വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നില നിര്‍ത്തിയിരുന്ന കുഞ്ഞ് കഴിഞ്ഞദിവസമാണ് മരണമടഞ്ഞത്. രക്തസമ്മര്‍ദത്തില്‍ വ്യത്യാസം സംഭവിച്ച് മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അനസ്‌തേഷ്യ ഡോക്ടര്‍ ഡോ. അഞ്ജലി പൊതുവാളിനെതിരെ കേസ് എടുത്തു.
നാലു ദിവസം മുന്‍പാണ് വീട്ടില്‍ കളിച്ചുകൊണ്ടിരിക്കവേ മുറ്റത്ത് വീണ് പരുക്കേറ്റ ഒന്നര വയസുകാരന്റെ മുഖത്തെയും ചുണ്ടിലെയും മുറിവിന് സ്റ്റിച്ച് ഇടാന്‍ പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സ്റ്റിച്ച് ഇടാന്‍ വേണ്ടി നിര്‍ദേശിച്ചപ്പോള്‍ കുട്ടി ബഹളം വെച്ചതോടെയാണ് അനസ്‌തേഷ്യ നിര്‍ദേശിച്ചത്. ആദ്യം മാതമംഗലത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച് പ്രഥമശുശ്രൂഷ നല്‍കിയിരുന്നു. തുടര്‍ന്നാണ് പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് മാറ്റിയത്.
അടിയന്തിര ഘട്ടങ്ങളില്‍ അല്ലാതെ രണ്ട് വയസിന് താഴെ കുട്ടികള്‍ക്ക് അനസ്‌തേഷ്യ നല്‍കാറില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ദമ്പതികള്‍ക്ക് ആറ് വര്‍ഷത്തിന് ശേഷം ജനിച്ച കുഞ്ഞാണ് ദേവാന്‍ഷ് ശൗര്യ.






