
ന്യൂഡൽഹി: രാജ്യത്തെ സമൂഹമാധ്യമ മെസേജിംഗ് പ്ലാറ്റ്‌ഫോമുകൾക്ക് ഏകീകൃത നിയമം കൊണ്ടുവരാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. വാട്‌സാപ്പിലെ യൂസർനെയിം ഫീച്ചറുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെയാണ് ഐടി മന്ത്രാലയം പുതിയ ചട്ടങ്ങൾ രൂപീകരിക്കാൻ നടപടികൾ ആരംഭിച്ചത്.
വാട്‌സാപ്പ്, ടെലഗ്രാം, സിഗ്നൽ തുടങ്ങിയ മെസേജിംഗ് പ്ലാറ്റ്‌ഫോമുകൾക്ക് പൊതുവായ മാനദണ്ഡങ്ങൾ ഏർപ്പെടുത്തുകയാണ് ലക്ഷ്യം. ഒരു പ്ലാറ്റ്‌ഫോമിലെ പ്രത്യേക ഫീച്ചറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമ്പോൾ സമാന സേവനങ്ങൾ മറ്റ് പ്ലാറ്റ്‌ഫോമുകൾ വഴി ലഭിക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് കേന്ദ്രത്തിന്റെ നീക്കം.
അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് എല്ലാ പ്രധാന മെസേജിംഗ് പ്ലാറ്റ്‌ഫോമുകളുമായും സർക്കാർ ചർച്ച നടത്തും. ഇതിനായി ഐടി മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി അധ്യക്ഷനായ സമിതി പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. വാട്‌സാപ്പിനും ടെലഗ്രാമിനും നൽകിയ നോട്ടിസുകളുടെ മറുപടികളും മന്ത്രാലയം പരിശോധിച്ചുവരികയാണ്.
അതേസമയം, പഞ്ചാബ് മനുഷ്യാവകാശ പ്രവർത്തകൻ ജസ്വന്ത് സിങ് ഖൽറയുടെ ജീവിതത്തെ ആസ്പദമാക്കിയ സത്‌ലജ് സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ, പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കുന്ന എല്ലാ സിനിമകൾക്കും സർട്ടിഫിക്കേഷൻ നിർബന്ധമാക്കാനുള്ള നീക്കവും കേന്ദ്രം ആരംഭിച്ചിട്ടുണ്ട്.
സർട്ടിഫിക്കറ്റ് ഇല്ലാതെ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്തതിനെ തുടർന്നാണ് ഈ നീക്കം. കേന്ദ്രം നിയോഗിച്ച സമിതി സിനിമ രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും എതിരാണെന്നും ഭീകരതയെ വെള്ളപൂശുന്നുവെന്നും റിപ്പോർട്ട് നൽകിയതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ ചിത്രത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരാനാണ് കേന്ദ്രത്തിന്റെ തീരുമാനം.






