
കൻസാസ് സിറ്റി: ലോകകപ്പിൽ ഗോളുകൾ നേടി മുന്നേറുന്ന ലിയോണൽ മെസിയുടെ പേരിൽ അത്ര അഭിമാനകരമല്ലാത്ത ഒരു റെക്കോർഡും കൂടിയുണ്ട്. ലോകകപ്പ് ചരിത്രത്തിൽ എടുത്ത എട്ട് പെനൽറ്റികളിൽ നാലെണ്ണം മാത്രമാണ് മെസി ഗോളാക്കിയത്. ഇതോടെ ലോകകപ്പിൽ ഒരു ടൂർണമെന്റിൽ രണ്ട് പെനൽറ്റികൾ നഷ്ടപ്പെടുത്തിയ ഏക താരമെന്ന റെക്കോർഡും മെസിയുടെ പേരിലായി.
ഈ ലോകകപ്പിൽ ഓസ്ട്രിയക്കെതിരെയായിരുന്നു ആദ്യ പെനൽറ്റി പിഴവ്. തുടർന്ന് പ്രീക്വാർട്ടറിൽ ഈജിപ്തിനെതിരായ മത്സരത്തിലും മെസിക്ക് ലക്ഷ്യം കാണാനായില്ല. ആകെ നാല് പെനൽറ്റികൾ നഷ്ടമായതിൽ മൂന്നെണ്ണം ഗോൾകീപ്പർമാർ രക്ഷപ്പെടുത്തിയപ്പോൾ ഒരെണ്ണം പുറത്തേക്കാണ് പോയത്.
കരിയർ കണക്കുകളും മെസിക്ക് പെനൽറ്റിയിൽ വലിയ മുൻതൂക്കം നൽകുന്നില്ല. അർജന്റീനയ്ക്കായി എടുത്ത 32 പെനൽറ്റികളിൽ ഏഴെണ്ണം ലക്ഷ്യത്തിലെത്തിയില്ല. ക്ലബ്-രാജ്യാന്തര മത്സരങ്ങൾ ചേർത്ത് ആകെ 148 പെനൽറ്റികളിൽ 114 എണ്ണം ഗോളാക്കി, 77 ശതമാനമാണ് വിജയശരാശരി.
നിലവിലെ അർജന്റീനൻ ടീമിൽ മെസിയേക്കാൾ മികച്ച പെനൽറ്റി റെക്കോർഡുള്ള അഞ്ച് താരങ്ങളുണ്ട്. 14ൽ 13 പെനൽറ്റികളും ഗോളാക്കിയ ലിയാൻഡ്രോ പരേഡെസാണ് പട്ടികയിൽ മുന്നിൽ. അലക്സിസ് മാക് അലിസ്റ്റർ, എൻസോ ഫെർണാണ്ടസ്, യൂലിയൻ അൽവാരസ്, നിക്കോ ഗോൺസാലസ് എന്നിവർക്കും പെനൽറ്റി കണക്കിൽ മെസിയെക്കാൾ മികച്ച വിജയശരാശരിയുണ്ട്.
എന്നാൽ കണക്കുകൾക്ക് അപ്പുറം ടീമിന്റെ ആദ്യ പെനൽറ്റി ഓപ്ഷൻ ഇപ്പോഴും മെസി തന്നെയാണ്. കാരണം അദ്ദേഹത്തിന്റെ അനുഭവവും ടീമിനുള്ളിലെ വിശ്വാസവുമാണ്. നിലവിലെ ടീമിൽ മെസി രാജ്യത്തിനായി 32 പെനൽറ്റികൾ എടുത്തപ്പോൾ, മറ്റ് എല്ലാ താരങ്ങളും ചേർന്ന് എടുത്തത് വെറും ഏഴ് പെനൽറ്റികൾ മാത്രമാണ്.
മെസിയുടെ പെനൽറ്റി പിഴവുകൾ ചർച്ചയായ സാഹചര്യത്തിൽ അർജന്റീന പരിശീലകൻ ലയണൽ സ്കലോണിയും പ്രതികരിച്ചു. പെനൽറ്റി എടുക്കണമോ വേണ്ടയോ എന്നത് മെസിയുടെ വ്യക്തിപരമായ തീരുമാനമാണെന്നും, അതിൽ അദ്ദേഹത്തിന് പൂർണ സ്വാതന്ത്ര്യമുണ്ടെന്നും സ്കലോണി വ്യക്തമാക്കി.






