
കാൻസാസ് സിറ്റി: നീണ്ട 72 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് സ്വിറ്റ്‌സർലൻഡ് ഒടുവിൽ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ഇടംപിടിച്ചിരിക്കുകയാണ്. എന്നാൽ സെമിയിലേക്കുള്ള അവരുടെ പാതയിൽ കടുത്ത വെല്ലുവിളിയുയർത്തി നിൽക്കുന്നത് നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയാണ്. ഇനി വെറും മൂന്ന് മത്സരങ്ങൾ മാത്രം ജയിച്ചാൽ സ്വിസ്സ് പടയ്ക്ക് ലോകകിരീടത്തിൽ മുത്തമിടാം.
ഈ ലോകകപ്പിൽ ഇതിനകം തന്നെ നിരവധി അട്ടിമറികൾ നടന്നു കഴിഞ്ഞതിനാൽ ഫുട്ബോളിൽ എന്തും സംഭവിക്കാമെന്ന പ്രതീക്ഷയിലാണ് ആരാധകർ. എന്നിരുന്നാലും അര്‍ജന്റീന സ്വിസ്പടയ്ക്ക് അത്ര എളുപ്പം മറികടക്കാവുന്ന ലക്ഷ്യമല്ല. ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ ലയണൽ മെസ്സിയെ 90 മിനിറ്റും തടഞ്ഞുനിർത്തുക എന്നത് എളുപ്പമല്ലെന്ന് സ്വിറ്റ്‌സർലൻഡ് നായകൻ ഗ്രാനിറ്റ് ഷാക്ക വ്യക്തമാക്കുന്നു.
ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുകളുമായി സ്വിറ്റ്സർലൻഡിന്റെ കുതിപ്പിന് കരുത്തുപകർന്ന യുവതാരം ജോഹാൻ മൻസാംബി പരിക്കുമൂലം ഈ നിർണായക മത്സരത്തിൽ കളിക്കില്ല എന്നത് അവർക്ക് വലിയ തിരിച്ചടിയാണ്. ഈജിപ്റ്റിനും കേപ് വെർദെയ്ക്കുമെതിരെയുള്ള മത്സരങ്ങളിൽ കനത്ത വെല്ലുവിളികൾ അതിജീവിച്ചാണ് അർജന്റീന മുന്നേറിയത്. ഭാഗ്യത്തിന്റെ അകമ്പടിയോടെയാണ് അവർ ഈ ഘട്ടത്തിലേക്ക് എത്തിയത് എന്ന് കരുതിയാലും പ്രതിഭാധനരായ ലോകത്തെ ഏറ്റവും മികച്ച താരങ്ങളും മികച്ച ഒത്തിണക്കവും അര്‍ജന്റീനയുടെ പ്രത്യേകതയാണ്.
നോക്കൗട്ട് റൗണ്ടിൽ ഇരുടീമുകളും നേർക്കുനേർ വരുന്നത് ഇത് ആദ്യമല്ല. 2014 ലോകകപ്പിന്റെ പ്രീ-ക്വാർട്ടറിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ, നിശ്ചിത സമയത്ത് ഗോളുകളൊന്നും പിറന്നിരുന്നില്ല. അധികസമയത്തിന്റെ 118-ാം മിനിറ്റിൽ ഏയ്ഞ്ചൽ ഡി മരിയ നേടിയ ഗോളിലാണ് അർജന്റീന അന്ന് വിജയിച്ചത്. എന്നാല്‍ അന്ന് തോറ്റ സ്വിസ്സ് ടീമല്ല ഇത്. കഴിഞ്ഞ രണ്ട് യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിലും ക്വാർട്ടറിലെത്തിയ അവർ, അവസാന ആറ് ലോകകപ്പുകളിൽ അഞ്ചിലും നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. കാനഡ, ബോസ്‌നിയ, ഖത്തർ എന്നിവരടങ്ങിയ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായാണ് സ്വിറ്റ്‌സർലൻഡ് എത്തിയത്. ലാറ്റിനമേരിക്കന്‍ കരുത്തരായ കൊളംബിയയെ മറികടന്നാണ് അവര്‍ ക്വാര്‍ട്ടറില്‍ എത്തിയത്.






