
മാഡ്രിഡ്: ബെല്‍ജിയം ഫുട്‌ബോളിന്റെ സുവര്‍ണ്ണ തലമുറയ്ക്ക് ലോകകപ്പ് വേദിയില്‍ വിരഹത്തിന്റെ കണ്ണീര്‍ മടക്കം. 2026 ലോകകപ്പിന്റെ ആവേശകരമായ ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്പെയിനിനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടതോടെ, ബെല്‍ജിയത്തിന്റെ സുവര്‍ണ തലമുറയ്ക്ക് അന്ത്യമായി. തിബോ കോര്‍ട്ടോവ, റൊമേലു ലുക്കാക്കു, കെവിന്‍ ഡി ബ്രൂയ്ന്‍, ആക്‌സല്‍ വിറ്റ്‌സല്‍ എന്നീ ഇതിഹാസങ്ങളുടെ അവസാന ലോകകപ്പ് പോരാട്ടത്തിനാണ് ആരാധകര്‍ സാക്ഷ്യം വഹിച്ചത്. 2014-ലെ ബ്രസീല്‍ ലോകകപ്പ് മുതല്‍ ബെല്‍ജിയം നിരയുടെ നെടുംതൂണുകളായിരുന്ന ഇവര്‍ക്ക്, കരിയറിലെ ഏറ്റവും വലിയ കിരീടം സ്വന്തമാക്കാനുള്ള അവസാന അവസരമാണ് ഇതോടെ നഷ്ടമായത്.
മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ഒരു യുവതാരത്തിന് സംഭവിച്ച നിര്‍ണായക പിഴവാണ് ബെല്‍ജിയത്തിന്റെ സെമി ഫൈനല്‍ സ്വപ്നങ്ങള്‍ തകര്‍ത്തത്. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ മുഖ്യ ഗോള്‍കീപ്പര്‍ തിബോ കോര്‍ട്ടോവയ്ക്ക് പരിക്കേറ്റ് കളം വിടേണ്ടി വന്നത് ബെല്‍ജിയത്തിന് തിരിച്ചടിയായി. പകരക്കാരനായി കോട്ട കാക്കാന്‍ എത്തിയത് 24-കാരനായ യുവ ഗോള്‍കീപ്പര്‍ സെന്‍ ലാമെന്‍സ് ആയിരുന്നു. സ്പാനിഷ് പടയോട് ഒപ്പത്തിനൊപ്പം പോരാടിയ ബെല്‍ജിയത്തിന് 88-ാം മിനിറ്റിലാണ് പിഴച്ചത്.
ഒരു ഷോട്ട് തടഞ്ഞ ലാമെന്‍സിന് പന്ത് കൈപ്പിടിയിലൊതുക്കാന്‍ സാധിച്ചില്ല. തെറിച്ചുപോയ പന്ത് കൃത്യമായി ലക്ഷ്യത്തിലെത്തിച്ച് സ്പെയിനിന്റെ പകരക്കാരന്‍ താരം മൊറീനോ വിജയഗോള്‍ നേടി. 2014 ലോകകപ്പില്‍ അള്‍ജീരിയയെ 2-1ന് തോല്‍പ്പിച്ച് പ്രയാണം തുടങ്ങിയ ബെല്‍ജിയം ടീം ലോകോത്തര താരങ്ങളാല്‍ സമ്പന്നമായിരുന്നു. അന്ന് കോര്‍ട്ടോവ, ഡി ബ്രൂയ്ന്‍, വിറ്റ്‌സല്‍, ലുക്കാക്കു എന്നിവര്‍ക്കൊപ്പം ഈഡന്‍ ഹസാര്‍ഡ്, മൂസ ഡെംബലെ, വിന്‍സെന്റ് കൊമ്പാനി തുടങ്ങിയ വന്‍തോക്കുകള്‍ ഉണ്ടായിരുന്നു. പിന്നീട് 2018-ലെ ലോകകപ്പില്‍ മൂന്നാം സ്ഥാനം നേടിയതാണ് ഈ സുവര്‍ണ്ണ തലമുറയുടെ ഏറ്റവും മികച്ച നേട്ടം. എന്നിരുന്നാലും, വലിയൊരു അന്താരാഷ്ട്ര കിരീടം രാജ്യത്തിന് നേടിക്കൊടുക്കാന്‍ കഴിഞ്ഞില്ല.
'സുവര്‍ണ്ണ തലമുറയ്ക്ക്' ഇത് വീണ്ടുമൊരു വേദനാജനകമായ പുറത്താകലായി. ഒരു വലിയ കിരീടം നേടുക എന്ന ലക്ഷ്യം ഇത്തവണയും അവര്‍ക്ക് പൂര്‍ത്തിയാക്കാനായില്ല. ഈ മത്സരം കീപ്പര്‍ കോര്‍ട്ടുവ, കെവിന്‍ ഡി ബ്രൂയ്‌നെ, തോമസ് മ്യൂനിയര്‍, ലിയാന്‍ഡ്രോ ട്രൊസാര്‍ഡ് തുടങ്ങി ഒരുപിടി മുന്‍നിര കളിക്കാരുടെ അവസാന ലോകകപ്പാകാനാണ് സാധ്യത. ബെല്‍ജിയത്തിന്റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനായ റൊമേലു ലുകാകുവിനും പകരക്കാരനായി ഇറങ്ങി ടീമിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ടൂര്‍ണമെന്റില്‍ മൂന്ന് ഗോളുകളോടെയാണ് ലുകാകു മടങ്ങുന്നത്.
സുവര്‍ണ്ണ തലമുറ വിടപറയുകയാണെങ്കിലും ബെല്‍ജിയം ഫുട്‌ബോളിന്റെ ഭാവി സുരക്ഷിതമാണെന്ന് മാനേജര്‍ റൂഡി ഗാര്‍ഷ്യ വ്യക്തമാക്കി. നിലവിലെ ടീമിലെ 13 കളിക്കാര്‍ 25 വയസ്സില്‍ താഴെയുള്ളവരാണ്. ചാള്‍സ് ഡി കെറ്റലെയര്‍, യൂറി ടൈലെമാന്‍സ്, അമദു ഒനാന, ജെറമി ഡോകു തുടങ്ങിയ യുവതാരങ്ങളിലൂടെ ബെല്‍ജിയം വരും വര്‍ഷങ്ങളില്‍ ശക്തമായി തിരിച്ചുവരുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.






