
ഫിഫ ലോകകപ്പിൽ തകർപ്പൻ സേവുകളിലൂടെ ശ്രദ്ധ നേടിയ കേപ് വെർദെ ഗോൾകീപ്പർ വൊസിഞ്ഞയ്ക്ക് ശാസ്ത്രലോകത്തിന്റെ ആദരം. കരീബിയൻ കടലിൽ പുതുതായി കണ്ടെത്തിയ ഒരു ചെറു സമുദ്രജീവിക്കാണ് ഗവേഷകർ 'ആൽഡിസ വൊസിഞ്ഞ' എന്ന് പേര് നൽകിയിരിക്കുന്നത്.
ലോകകപ്പിൽ കന്നിക്കാരായ കേപ് വെർദെയുടെ മുന്നേറ്റത്തിൽ നിർണായക പങ്കുവഹിച്ചത് വൊസിഞ്ഞയായിരുന്നു. മുൻ ലോകചാമ്പ്യൻമാരായ സ്പെയിനെ ഗോൾരഹിത സമനിലയിൽ തളച്ച മത്സരത്തിൽ ഏഴ് നിർണായക സേവുകളുമായി അദ്ദേഹം തിളങ്ങി. പിന്നാലെ നിലവിലെ ലോകചാമ്പ്യൻമാരായ അർജന്റീനയ്ക്കെതിരെയും വൊസിഞ്ഞയുടെ പ്രകടനം വലിയ ശ്രദ്ധ പിടിച്ചുപറ്റി.
ഈ പ്രകടനത്തിൽ ആകൃഷ്ടനായ സ്പെയിനിലെ യൂണിവേഴ്‌സിറ്റി ഓഫ് ഒവിഡോയിലെ പ്രൊഫസറും ഗവേഷകനുമായ ജീസസ് ഒർട്ടേയയാണ് കരീബിയൻ കടലിൽ ക്യൂബയ്ക്കും ഗ്വാഡലൂപ്പിനും സമീപത്ത് കണ്ടെത്തിയ പുതിയ ചുവന്ന സമുദ്രജീവിക്ക് വൊസിഞ്ഞയുടെ പേര് നൽകിയത്. 'ആൽഡിസ വൊസിഞ്ഞ' എന്ന് ശാസ്ത്രീയ നാമം നൽകിയ ഈ ജീവിക്ക് വെറും നാല് മില്ലിമീറ്റർ മാത്രമാണ് വലിപ്പമുള്ളത്.
ഫുട്ബോൾ താരങ്ങളുടെ പേരിൽ സമുദ്രജീവികൾക്ക് പേരിടുന്നത് ജീസസ് ഒർട്ടേയയ്ക്ക് പുതുമയല്ല. 2019ൽ മുൻ റയൽ മാഡ്രിഡ് ഗോൾകീപ്പർ കെയ്ലർ നവാസിനെ ആദരിച്ച് അദ്ദേഹം കണ്ടെത്തിയ ഒരു കടൽ ഒച്ചിനും നവാസിന്റെ പേര് നൽകിയിരുന്നു.മൈതാനത്ത് എതിരാളികളുടെ ആക്രമണങ്ങളെ തടഞ്ഞ വൊസിഞ്ഞയ്ക്ക് ശാസ്ത്രലോകം നൽകിയ ഈ അപൂർവ അംഗീകാരം ഇപ്പോൾ കായികലോകത്തും സമൂഹമാധ്യമങ്ങളിലും വലിയ ചർച്ചയായിരിക്കുകയാണ്.






