
ബാങ്കോക്ക് : തായ്ലന്‍ഡ് തലസ്ഥാനത്തെ ഒരു ബാറിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 27 പേര്‍ മരിക്കുകയും ഡസന്‍ കണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഞായറാഴ്ച രാത്രി വൈകി കെട്ടിടത്തിന്റെ പ്രവേശന കവാടത്തിലേക്ക് തീ പടരുകയും കനത്ത പുക അതിവേഗം ഉള്ളിലേക്ക് വ്യാപിക്കുകയായിരുന്നു. പരിഭ്രാന്തരായി ആളുകള്‍ രക്ഷപ്പെടാനായി ഓടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
വടക്കന്‍ ബാങ്കോക്കിലെ 'നാ ലാഡ്പ്രാവോ' പബ്ബില്‍ അര്‍ദ്ധരാത്രിയോടെയാണ് തീപിടിത്തമുണ്ടായത്. അഗ്‌നിശമന സേനാംഗങ്ങള്‍ 30 മിനിറ്റോളം പരിശ്രമിച്ച ശേഷമാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്.
തീ അതിവേഗം കെട്ടിടത്തിനുള്ളിലേക്ക് പടര്‍ന്നതായിട്ടാണ് തായ്‌ലന്റ് മാധ്യമങ്ങള്‍ പറയുന്നത്. തീ വളരെ വേഗത്തിലാണ് പടര്‍ന്നത്, അത് മേല്‍ക്കൂര വരെ എത്തി. പുക ശ്വസിച്ചതാകാം മരണത്തിനുള്ള പ്രധാന കാരണമെന്നാണ് വിവരം. 27 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും 22 പേരുടെ നില ഗുരുതരമായി തുടരുന്നതായും ഉള്‍പ്പെടെ 63 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവത്തില്‍
അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തീപിടിത്തമുണ്ടായാല്‍ രക്ഷപ്പെടാനുള്ള അടിയന്തര എക്‌സിറ്റ് ഭാഗത്താണ് പല ഇരകളെയും ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. ഈ വഴിയില്‍ ഉണ്ടായേക്കാവുന്ന തടസ്സങ്ങള്‍ രക്ഷപ്പെടാന്‍ തടസ്സമായിട്ടുണ്ടാകാമെന്ന് അധികൃതര്‍ സംശയിക്കുന്നു. തായ്ലന്‍ഡ് പ്രധാനമന്ത്രി അനുതിന്‍ ചാര്‍ണ്‍വിരകുല്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയവര്‍ ഓണ്‍ലൈനില്‍ പങ്കുവെച്ച വീഡിയോകളില്‍, പബ്ബിലേക്ക് തീ പടരുന്നതും പ്രവേശന കവാടത്തിലൂടെ വന്‍തോതില്‍ പുക പുറത്തേക്ക് വരുന്നതും കാണാം. രാത്രിയിലെ ആകാശത്തേക്ക് കറുത്ത പുക ഉയരുമ്പോള്‍ ആളുകള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. തീ അണച്ചതിന് ശേഷം എടുത്ത ചിത്രങ്ങളില്‍ പബ്ബിന്റെ ഉള്‍ഭാഗം പൂര്‍ണ്ണമായും കത്തിയമര്‍ന്ന നിലയിലും ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെയുള്ളവ കരിഞ്ഞുണങ്ങിയ നിലയിലുമാണ് കാണപ്പെടുന്നത്. തീപിടിത്തം എങ്ങനെയാണ് ഉണ്ടായതെന്നും, മരണസംഖ്യ ഉയരാന്‍ എന്തെങ്കിലും സുരക്ഷാ വീഴ്ചകള്‍ കാരണമായിട്ടുണ്ടോ എന്നും കണ്ടെത്താനായി അധികൃതര്‍ അന്വേഷണം തുടരുകയാണ്.






