
തമിഴിലെ യുവനടി ബ്രിജിഡ സാഗയും നടനും സംവിധായകനുമായ ആനന്ദ് റാമും വിവാഹിതരാകുന്നു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. ദീർഘനാളായി ഇരുവരും പ്രണയത്തിലായിരുന്നു. നടി തന്നെയാണ് വിവാഹനിശ്ചയത്തിന്റെ വിവരം സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
"ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും എളുപ്പമുള്ള യെസ്. ചിലപ്പോൾ, ഏറ്റവും മനോഹരമായ പ്രണയകഥകൾ വലിയ ആസൂത്രണങ്ങളോടെയല്ല തുടങ്ങുന്നത്. അവ ആരംഭിക്കുന്നത്, എല്ലാ ദിവസവും പരസ്പരം തിരഞ്ഞെടുക്കുന്ന രണ്ട് മനുഷ്യരിലൂടെയാണ്.
ഇന്ന്, ഞങ്ങളുടെ കുടുംബങ്ങളുടെ അനുഗ്രഹത്തോടെ, ഞങ്ങളെ വളർത്തിയ വീടുകളെയും ഞങ്ങളെ ഒന്നിപ്പിച്ച പ്രണയത്തെയും ആദരിച്ചുകൊണ്ട്, ഞങ്ങളുടെ ഇരുവിഭാഗത്തിന്റെയും ആചാരപ്രകാരം ഞങ്ങൾ വിവാഹനിശ്ചയം ആഘോഷിച്ചു.
ഞങ്ങളുടെ ഈ യാത്രയെ ഇത്രയധികം സ്നേഹത്തോടെയും ഊഷ്മളതയോടെയും സ്വീകരിച്ചതിന് നിങ്ങളിൽ ഓരോരുത്തർക്കും നന്ദി. നിങ്ങളുടെ ആശംസകൾ ഞങ്ങൾ വായിച്ചു, നിങ്ങളുടെ സ്നേഹം ഞങ്ങൾ തൊട്ടറിഞ്ഞു, ഞങ്ങൾ ശരിക്കും നന്ദിയുള്ളവരാണ്." ചിത്രങ്ങൾക്കൊപ്പം ഇരുവരും കുറിച്ചു.
വേലൻ, ഇരവിൻ നിഴൽ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ നടിയാണ് ബ്രിജിഡ. ആഹാ കല്യാണം എന്ന സീരീസിലെ പവി ടീച്ചർ എന്ന പേരിലാണ് നടിക്ക് സ്വീകാര്യത ലഭിച്ചത്. ഗരുഡൻ, അയോഗ്യ എന്നിവ ശ്രദ്ധേയമായ ചിത്രങ്ങളാണ്.
നടനും സംവിധായകനുമായ ആനന്ദിന്റെ പിറന്നാൾ ദിവസമാണ് ഇരുവരും പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയത്. മീസയെ മുറുക്ക് എന്ന സിനിമയിൽ ഹിപ് ഹോപ്പ് തമിഴന്റെ സഹോദരന്റെ വേഷത്തിൽ ആനന്ദ് അഭിനയിച്ചിരുന്നു.






