
വാഴ്സ: യുക്രെയ്ൻ യുദ്ധത്തിൽ റഷ്യ തന്ത്രപരമായ ആണവായുധങ്ങൾ പ്രയോഗിക്കുന്നത് തടയുന്നതിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർണായക പങ്ക് വഹിച്ചതായി പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി വ്ലാഡിസ്ലാവ് തിയോഫിൽ ബാർട്ടോഷെവ്സ്കി അവകാശപ്പെട്ടു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഗൗരവമായി വീക്ഷിക്കുന്ന ചുരുക്കം ചില ലോക നേതാക്കളിൽ ഒരാളാണ് പ്രധാനമന്ത്രി മോദിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യയുമായി ഇന്ത്യയ്ക്കുള്ള ദശാബ്ദങ്ങൾ പഴക്കമുള്ള ബന്ധം ന്യൂഡൽഹിക്ക് സവിശേഷമായ ഒരു സ്ഥാനം നൽകുന്നുണ്ടെന്നും സമാധാന ശ്രമങ്ങൾക്ക് ഇത് വലിയ കരുത്താകുമെന്നും അദ്ദേഹം പറഞ്ഞു."പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗോളതലത്തിൽ ഏറെ ആദരിക്കപ്പെടുന്ന ഒരു പ്രമുഖ നേതാവാണ്. ചേരിചേരാ രാജ്യമായിരുന്ന കാലം മുതൽ സോവിയറ്റ് യൂണിയനുമായും പിന്നീട് റഷ്യൻ ഫെഡറേഷനുമായും ഇന്ത്യയ്ക്ക് ദീർഘകാലത്തെ ബന്ധമുണ്ട്. പ്രധാനമന്ത്രി മോദി പറയുന്നത് പ്രസിഡന്റ് പുടിൻ ശ്രദ്ധിക്കാറുണ്ട്," പോളിഷ് മന്ത്രി പറഞ്ഞു.
മോസ്കോയുമായുള്ള ആശയവിനിമയം കൂടുതൽ ബുദ്ധിമുട്ടിലായ ഈ സാഹചര്യത്തിൽ, റഷ്യൻ പ്രസിഡന്റിനെ സ്വാധീനിക്കാൻ കഴിയുന്ന ചുരുക്കം ചിലരിൽ ഒരാളാണ് മോദിയെന്ന് അദ്ദേഹം വ്യക്തമാക്കി. റഷ്യ തങ്ങളുടെ ശത്രുവായി കാണാത്ത രാജ്യങ്ങളിൽ നിന്നുള്ള ഇത്തരം സമാധാന ആഹ്വാനങ്ങൾക്ക് വലിയ വിലയുണ്ടെന്നും, ഇന്ത്യയെ കൂടാതെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ വാക്കുകളും മോസ്കോയിൽ സ്വാധീനം ചെലുത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡിസ്കൗണ്ട് നിരക്കിൽ ഇന്ത്യ റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നതുമായി ബന്ധപ്പെട്ട് പോളണ്ടിനുണ്ടായിരുന്ന വിയോജിപ്പുകൾ ഇപ്പോൾ മാറിയതായും ബാർട്ടോഷെവ്സ്കി അറിയിച്ചു. ഇന്ത്യയുടെ ഈ നടപടി റഷ്യയുടെ യുദ്ധ സമ്പദ്‌വ്യവസ്ഥയെ സഹായിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി മുൻപ് പോളണ്ട് ഇതിനെ വിമർശിച്ചിരുന്നു. എന്നാൽ വിപണി വിലയേക്കാൾ 40 ശതമാനത്തോളം കുറഞ്ഞ വിലയ്ക്ക് എണ്ണ ലഭിക്കുന്നതിനാലാണ് ഇന്ത്യ ആ തീരുമാനം എടുത്തതെന്ന സാമ്പത്തിക വശം തങ്ങൾക്ക് ഇപ്പോൾ ബോധ്യമുണ്ടെന്നും, ഇരുരാജ്യങ്ങളും തമ്മിൽ ഇപ്പോൾ ഈ വിഷയത്തിൽ നല്ല ധാരണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തെ പ്രശംസിച്ച് ആഴ്ചകൾക്ക് മുൻപ് റഷ്യൻ പ്രസിഡന്റ് പുടിനും രംഗത്തെത്തിയിരുന്നു. മോസ്കോയുമായുള്ള ബന്ധത്തിന്റെ പേരിൽ ഇന്ത്യയ്ക്കോ പ്രധാനമന്ത്രി മോദിക്കോ മേൽ സമ്മർദ്ദം ചെലുത്താൻ മറ്റ് രാജ്യങ്ങൾ ശ്രമിക്കുന്നത് വെറുതെയാണെന്ന് അദ്ദേഹം സെന്റ് പീറ്റേഴ്സ്ബർഗ് ഇന്റർനാഷണൽ ഇക്കണോമിക് ഫോറത്തിൽ പറഞ്ഞിരുന്നു. ഇന്ത്യ തങ്ങളുടെ ദേശീയ താൽപ്പര്യങ്ങൾക്കനുസരിച്ച് എല്ലാ രാജ്യങ്ങളുമായും ബന്ധം വളർത്തുന്നതിൽ സന്തോഷമേയുള്ളൂ എന്നും പുടിൻ അന്ന് വ്യക്തമാക്കിയിരുന്നു.






