
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടാവും. പവർ എക്സ്ചേഞ്ചിൽ നിന്ന് വൈദ്യുതി കിട്ടാനില്ലെന്നും വൈകുന്നേരം ഏഴ് മണിക്ക് ശേഷം ഭാഗിക നിയന്ത്രണം ഉണ്ടായേക്കുമെന്നും കെഎസ്ഇബി വൃത്തങ്ങൾ അറിയിച്ചു.
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് ഇന്നലെ കെഎസ്ഇബി അറിയിച്ചിരുന്നു. പവർ എക്സ്ചേഞ്ചിൽ നിന്ന് വൈദ്യുതി ലഭ്യമല്ലാത്തതിനെ തുടർന്ന് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നത്. 300 മുതൽ 400 മെഗാവാട്ട് വരെ കുറവെന്ന് കെഎസ്ഇബി അറിയിച്ചു. രാത്രി ഏഴിന് ശേഷമായിരിക്കും ഭാഗിക നിയന്ത്രണമുണ്ടായിരിക്കുക.
ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വരുന്നത്. എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്ന് മഴയിലുണ്ടായ കുറവും അന്തരീക്ഷ താപനില ഉയര്‍ന്ന നിലയില്‍ തുടരുന്നതും തിരിച്ചടിയായെന്ന് കെഎസ്ഇബി പറയുന്നു. വൈദ്യുതി ഉപയോഗം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വര്‍ധിച്ചതിനാല്‍ പവര്‍ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്.
കെഎസ്ഇബി ഡാമുകളില്‍ ആകെ സംഭരണ ശേഷിയുടെ 28 ശതമാനം മാത്രമാണ് വെള്ളമുള്ളത്. കഴിഞ്ഞ ദിവസത്തെ ആഭ്യന്തര വൈദ്യുതി ഉത്പാദനം 24 ദശലക്ഷം യൂണിറ്റാണ്. ഉപഭോഗമാകട്ടെ 86.46 ദശലക്ഷം യൂണിറ്റും. കേന്ദ്ര വിഹിതവും ഉയര്‍ന്ന വില നല്‍കിയുള്ള വൈദ്യുതി കരാറുകളും വഴിയാണ് നിലവില്‍ പിടിച്ചുനില്‍ക്കുന്നത്.






