
സംഗീത സംവിധായകന് അനിരുദ്ധിനൊപ്പമുളള ചിത്രം പങ്കുവെച്ച് റാപ്പര്‍ വേടന്. അനിരുദ്ധിനൊപ്പം സ്റ്റുഡിയോയില്‍ നിന്നുളള ചിത്രമാണ് വേടന് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിന് ക്യാപ്ഷനുകൾ ഒന്നും നൽകിയിട്ടില്ലെങ്കിലും ഇരുവരും ഒന്നിക്കുന്ന പുതിയ മ്യൂസിക് പ്രോജക്റ്റിന്റെ സൂചനയാണിതെന്നാണ് ആരാധകരുടെ വിലയിരുത്തൽ.
അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന 'ഡിസി' എന്ന ചിത്രത്തിന് വേണ്ടിയാണ് ഈ എക്സൈറ്റിങ് കോമ്പോ ഒന്നിക്കുന്നത് എന്നാണ് സൂചന.'റോക്കി'യും 'ക്യാപ്റ്റന്‍ മില്ലറു'മൊക്കെ ഒരുക്കിയ അരുണ്‍ മാതേശ്വരന്റെ ഏറ്റവും പുതിയ ചിത്രമാണ് 'ഡിസി'. സംവിധായകൻ ലോകേഷ് കനകരാജും വാമിഖ ഗബ്ബിയും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിന്റെ ട്രെയിലർ നേരത്തെ തന്നെ വലിയ ശ്രദ്ധ നേടിയിരുന്നു.
വേടന് തമിഴ് സിനിമയില്‍ ഇതിന് മുന്‍പും പാടിയിട്ടുണ്ട്. ധ്രുവ് വിക്രത്തെ നായകനാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്ത 'ബൈസണ്‍ കാലമാടന്' എന്ന ചിത്രത്തിലായിരുന്നു ഇത്. വേടനും അറിവും ചേര്‍ന്ന് പാടിയ റെക്ക റെക്ക എന്ന ഗാനം ചാര്‍ട്ട് ടോപ്പര്‍ ആയിരുന്നു. നിവാസ് കെ പ്രസന്ന ആയിരുന്നു ചിത്രത്തിന്റെ സംഗീത സംവിധായകന്. തമിഴില്‍ ഏറെ ആസ്വാദകരെ നേടാന്‍ വേടന് ഈ ഗാനത്തിലൂടെ സാധിച്ചിരുന്നു.
2020-ൽ പുറത്തിറങ്ങിയ 'വോയ്സ് ഓഫ് ദി വോയ്സ്ലെസ്' എന്ന മ്യൂസിക് വീഡിയോയിലൂടെയാണ് വേടൻ ശ്രദ്ധേയനാകുന്നത്. തുടർന്ന് 'ഭൂമി ഞാൻ വാഴുന്നിടം', 'എണ്ണക്കറുപ്പി', 'മോണലോവ' തുടങ്ങിയ ആൽബങ്ങളും ജനപ്രീതി നേടി.
നിരവധി സിനിമകളിലും വേടന് ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ട 'മഞ്ഞുമ്മല്‍ ബോയ്സ്' എന്ന ചിത്രത്തിലെ 'കുതന്ത്രം' എന്ന ഗാനത്തിലൂടെ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും വേടന് സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ അനിരുദ്ധും വേടനും ഒന്നിക്കുന്ന പുതിയ പാട്ടിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.







Comments