
മുതിര്ന്ന കോണ്ഗ്രസ് നേതാവും മുന് മുഖ്യമന്ത്രിയുമായിരുന്ന ഉമ്മന് ചാണ്ടിയുടെ മൂന്നാം ചരമവാര്ഷിക ദിനത്തില് വൈകാരിക കുറിപ്പുമായി മകന് ചാണ്ടി ഉമ്മന് എം.എല്.എ. മൂന്ന് വര്ഷങ്ങള് കഴിഞ്ഞു. ഒരു ദിവസം പോലും അപ്പയെ ഓര്ക്കാതെ കടന്നുപോയിട്ടല്ല എന്ന് ചാണ്ടി ഉമ്മന് കുറിച്ചു. അപ്പ കൂടെയില്ലെങ്കിലും അപ്പയുടെ സ്നേഹവും, വാക്കുകളും, മൂല്യങ്ങളും, ഓര്മ്മകളും കാലത്തിന് ഒരിക്കലും മായ്ച്ചുകളയാന് കഴിയില്ലെന്നും ചാണ്ടി ഉമ്മന് കൂട്ടിച്ചേര്ത്തു.
ചാണ്ടി ഉമ്മന്റെ വാക്കുകള്:
'' മൂന്ന് വർഷങ്ങൾ കഴിഞ്ഞു... ഒരു ദിവസം പോലും അപ്പയെ ഓർക്കാതെ കടന്നുപോയിട്ടില്ല....
പറയാൻ ബാക്കിയായ വിശേഷങ്ങൾ ഇന്നും മനസ്സിലുണ്ട്... ഒരിക്കൽ കൂടി കേൾക്കാൻ കൊതിക്കുന്ന ആ ശബ്ദം ഇന്നും കാതുകളിൽ മുഴങ്ങുന്നു... കൈപിടിച്ച് നടത്തുമായിരുന്ന ആ സ്നേഹത്തിന്റെ ചൂട് ഇന്നും ഹൃദയത്തിൽ നിറഞ്ഞുനിൽക്കുന്നു...
ലോകം ഇന്ന് അപ്പയെ ജനനായകനായി ആദരിക്കുകയും ചെയ്യുമ്പോൾ, ഞാൻ ഓർക്കുന്നത് എന്റെ അപ്പയെയാണ്. എന്നെ വിശ്വസിച്ച, ജീവിതത്തിന്റെ പല സന്ദർഭങ്ങളിലെ വീഴ്ചകളിൽ കരുത്തായി നിന്ന, സമൂഹത്തിനായി ജീവിക്കുന്നതാണ് ഏറ്റവും വലിയ രാഷ്ട്രീയം എന്ന് സ്വന്തം ജീവിതം കൊണ്ട് പഠിപ്പിച്ച എന്റെ അപ്പയെ.
അപ്പ ഇല്ലെന്ന സത്യം കാലം പഠിപ്പിച്ചിട്ടുണ്ടാകാം... പക്ഷേ അപ്പയുടെ സ്നേഹവും, വാക്കുകളും, മൂല്യങ്ങളും, ഓർമ്മകളും കാലത്തിന് ഒരിക്കലും മായ്ച്ചുകളയാൻ കഴിയില്ല...
ചില വേർപാടുകൾ സമയത്തിനൊപ്പം മങ്ങില്ല... ഓരോ ദിവസവും ഹൃദയത്തിൽ കൂടുതൽ ആഴത്തിൽ പതിയും. മറക്കാനാവാത്ത ഓർമ്മകളോടെ... എന്നും ഹൃദയത്തിൽ''.







Comments