
ന്യൂഡല്‍ഹി : എടിഎം സൗജന്യ ഉപയോഗത്തിന്റെ എണ്ണം ഇനിയും കുറയ്ക്കാനോ എടിഎം സേവനത്തിന്റെ ചാര്‍ജ് കൂട്ടാനോ ബാങ്കുകള്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. നോട്ട് ഉപയോഗിച്ചുള്ള ക്രയവിക്രയം കുറയ്ക്കാനും ഇ പേയ്മെന്റ് സംവിധാനം പ്രോത്സാഹിപ്പിക്കാനുമാണ് നടപടിയെന്നാണ് സൂചന. ചാര്‍ജ് വര്‍ധിപ്പിക്കാനും സൗജന്യ ഇടപാടുകള്‍ കുറയ്ക്കാനുമുള്ള നിര്‍ദേശങ്ങള്‍ വന്നിട്ടുണ്ടെന്നും ഇതു സംബന്ധിച്ച അന്തിമ തീരുമാനം ആയിട്ടില്ലെന്നും ഉത്തത ബാങ്ക് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
രാജ്യത്ത് 1000-500 രൂപാ നോട്ടുകള്‍ അസാധുവാക്കിയതിന് ശേഷം പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മാര്‍ച്ച് 13 ന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് ബാങ്കുകളുടെ പുതിയ നീക്കം.
ഇതിനിടെ, മാസം നാലിലധികം നോട്ടിടപാടുകള്‍ നടത്തുന്നവര്‍ക്ക് രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കുകള്‍ 150 രൂപ വീതം ഈടാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ അക്കൗണ്ടുള്ള ബാങ്കിന്റെ എടിഎമ്മില്‍ പ്രതിമാസം അഞ്ച് സൗജന്യ ഇടപാടുകളാണ് അനുവദിക്കപ്പെട്ടിരിക്കുന്നത്. അഞ്ച് ഉപയോഗത്തിന് ശേഷം പണമിടപാട് നടത്തിയാല്‍ നിലവില്‍ 20 രൂപയും ബാലന്‍സ് അറിയുന്നത് ഉള്‍പ്പെടെയുള്ളതിന് 8.50 രൂപയുമാണ് ഈടാക്കുന്നത്. മറ്റ് ബാങ്കുകളുടെ എടിഎമ്മുകള്‍ മാസത്തില്‍ മൂന്ന് തവണയേ ഉപയോഗിക്കാനാകൂ.






