എ.ബി.വി.പിക്കെതിരെ കാര്‍ഗില്‍ രക്തസാക്ഷിയുടെ മകള്‍ ഗുര്‍മെഹര്‍ നടത്തിയ ഓണ്‍ലൈന്‍ കാമ്പയിന് വിവാദം കൊഴുക്കുന്നു. ഗുര്‍മെഹറിനെ എതിര്‍ത്ത് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം വീരേന്ദ്രര്‍ സെവാഗും ഗുസ്തി താരം യോഗേശ്വര്‍ ദത്തും രംഗത്തെത്തിയതിനു പിന്നാലെ ഇരുവരെയും പരിഹസിച്ച് എഴുത്തുകാരനും
ഗാനരചയിതാവുമായ ജാവേദ് അക്തര്‍ ട്വീറ്റ് ചെയ്തതോടെ വിവാദം കൊഴുത്തു.
എന്റെ പിതാവിനെ കൊന്നത് പാക്കിസ്ഥാനല്ല, യുദ്ധമാണ് എന്നെഴുതിയ പ്ലക്കാര്‍ഡുമേന്തിയ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെയാണ് വിവാദത്തിന് തുടക്കം കുറിക്കുന്നത്. പിന്നാലെ പോസ്റ്റിനെ അനുകൂലിച്ചും എതിര്‍ത്തും രാഷ്ട്രീയ സാംസ്കാരിക കായിക രംഗങ്ങളില്‍ നിന്നുള്ളവര്‍ രംഗത്തെത്തി.
ട്രോളിലൂടെയാണ് യോഗേശ്വര്‍ ദത്ത് ഗുര്‍മെഹറിനെതിരെ ആഞ്ഞടിച്ചത്. താന്‍ ജനങ്ങളെ കൊന്നിട്ടില്ല ബോംബാണ് അത് ചെയ്തതെന്ന് ബിന്‍ ലാദനും ജൂതന്മാരെ കൊന്നത് ഗ്യാസ് ചേംബറാണെന്ന് ഹിറ്റ്ലറും പറയുന്ന ഫോട്ടോ ആണ് ഗുസ്തി താരം ട്വീറ്റ് ചെയ്തത്.






