
ന്യൂഡൽഹി: നീറ്റ് പരീക്ഷയുടെ ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യത്ത് വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) തുറന്ന കത്തെഴുതി. പരീക്ഷാ ക്രമക്കേടുകളെ തുടർന്ന് ജീവനൊടുക്കേണ്ടി വന്ന വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം ധനസഹായം നൽകണമെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ കത്തിലൂടെ ആവശ്യപ്പെട്ടു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം 11 നീറ്റ് പരീക്ഷാർത്ഥികളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ആത്മഹത്യ ചെയ്തത്. ഇതിൽ അഞ്ചെണ്ണം കഴിഞ്ഞ 48 മണിക്കൂറിനുള്ളിലാണ് റിപ്പോർട്ട് ചെയ്തതെന്നും ദീപ്കെ ചൂണ്ടിക്കാട്ടുന്നു. മികച്ചൊരു ഭാവി സ്വപ്നം കണ്ട് വലിയ തുക വിദ്യാഭ്യാസ വായ്പയെടുത്താണ് പല സാധാരണ കുടുംബങ്ങളും മക്കളെ പഠിപ്പിക്കാൻ വിട്ടിരുന്നതെന്ന് അഭിജീത് ദിപ്കെ കത്തിൽ വ്യക്തമാക്കുന്നു. എന്നാൽ വ്യവസ്ഥിതിയുടെ പരാജയം കാരണം ഈ സ്വപ്നങ്ങളെല്ലാം തകരുകയും കുടുംബങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാവുകയും ചെയ്തു. നീറ്റ് പുനപ്പരീക്ഷ എഴുതേണ്ടി വരുന്നതിന്റെ മാനസിക സമ്മർദ്ദമാണ് പലരെയും ആത്മഹത്യയിലേക്ക് തള്ളിവിടുന്നത്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനിൽ നിന്ന് ഈ വിഷയത്തിൽ കൃത്യമായ മറുപടിയും ഉത്തരവാദിത്തവും വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നുണ്ടെന്നും, അദ്ദേഹം രാജിവെക്കണമെന്നും സിജെപി ആവശ്യപ്പെട്ടു. മെയ് 3-ന് നടന്ന നീറ്റ് പരീക്ഷ ചോദ്യപ്പേപ്പർ ചോർച്ചാ വിവാദങ്ങളെ തുടർന്ന് റദ്ദാക്കിയിരുന്നു. ഇതേത്തുടർന്ന് ജൂൺ 21-നാണ് പുനപ്പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. 22 ലക്ഷത്തിലധികം വിദ്യാർത്ഥികൾ എഴുതിയ പരീക്ഷ റദ്ദാക്കിയതും വീണ്ടും പരീക്ഷ എഴുതേണ്ടി വരുന്നതുമായ സാഹചര്യം വലിയ മാനസിക സമ്മർദ്ദമാണ് ഉണ്ടാക്കുന്നത്. നിലവിൽ ഈ കേസ് സിബിഐ അന്വേഷിച്ചു വരികയാണ്.
കഴിഞ്ഞ ദിവസങ്ങളിൽ ഗുജറാത്ത്, തമിഴ്നാട്, രാജസ്ഥാൻ, ഡൽഹി, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും പരീക്ഷാർത്ഥികളുടെ മരണവാർത്തകൾ പുറത്തുവന്നിട്ടുണ്ട്.
(മാനസികമായ ബുദ്ധിമുട്ടുകൾ നേരിടുന്നവരും സഹായം ആവശ്യമുള്ളവരും മാനസികാരോഗ്യ വിദഗ്ദ്ധരുടെ സേവനം തേടുക. (ദേശീയ ഹെൽപ്പ്ലൈൻ നമ്പർ: 1056, സ്നേഹ: 044-24640050))






