
ന്യൂഡൽഹി: സോനം വാങ്ങ്ചുക്ക് നിരാഹാരം അവസാനിപ്പിച്ചത് കേന്ദ്ര സർക്കാരുമായുള്ള ഡീൽ അനുസരിച്ചാണെന്ന് കോൺഗ്രസ്. കാലാവസ്ഥാ പ്രവർത്തകനായ സോനം വാങ്ചുക്കിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് എംപി ഇമ്രാൻ മസൂദ് ആണ് രംഗത്തുവന്നത്. സോനം വാങ്ചുക്ക് സർക്കാരുമായി ഒത്തുകളി നടത്തിയെന്ന് അദ്ദേഹം ആരോപിച്ചു.
വാങ്ങ്ചുക്കിനെ "അണ്ണാ പാർട്ട് രണ്ട്" എന്ന് വിശേഷിപ്പിച്ച മസൂദ്, അണ്ണാ ഹസാരെ 12 വർഷം നിശബ്ദനായിരുന്നതുപോലെ ഇനി സോനം വാങ്ചുക്കും നിശബ്ദനായിരിക്കുമെന്ന് പറഞ്ഞു."അദ്ദേഹം അണ്ണായുടെ (സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ) രണ്ടാം പതിപ്പാണ്. 12 വർഷമായി അണ്ണാ നിശബ്ദനാണ്, ഇനി സോനം വാങ്ചുക്കും മിണ്ടാതിരിക്കും"- കോൺഗ്രസ് എംപി പറഞ്ഞു."നിങ്ങൾ ഇന്നലെ സർക്കാരുമായി ഒത്തുകളിക്കുകയായിരുന്നു; ആ സമയത്ത് അവിടെ ഏതെങ്കിലും വിദ്യാർത്ഥികൾ ഉണ്ടായിരുന്നോ? സർക്കാരുമായുള്ള നിങ്ങളുടെ വ്യക്തിപരമായ ഇടപാടല്ലാതെ മറ്റെന്താണ് അവിടെയുള്ളത്?"- അദ്ദേഹം കൂട്ടിച്ചേർത്തു.
മസൂദിന്റെ പ്രസ്താവന ആയുധമാക്കി പ്രതിപക്ഷത്തിനെതിരെ ബിജെപി രംഗത്തുവന്നു. പ്രതിപക്ഷം "വളരെ താഴേക്ക് തരംതാഴ്ന്നിരിക്കുന്നു" എന്ന് ബിജെപി ആരോപിച്ചു. പ്രതിഷേധക്കാരുമായി സർക്കാർ വിജയകരമായി ചർച്ച നടത്തിയപ്പോൾ, കോൺഗ്രസ് നേതാക്കൾ കാലാവസ്ഥാ പ്രവർത്തകനെ അപമാനിക്കുകയാണ് ചെയ്തതെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനാവാല പറഞ്ഞു. "കോൺഗ്രസ് പാർട്ടി സ്വന്തം അഹങ്കാരം മാത്രം മുൻനിർത്തി സോനം വാങ്ചുക്കിനെ അധിക്ഷേപിക്കുകയാണ്. സോനം വാങ്ചുക്കിന്റെ ഭാര്യയും കോൺഗ്രസ് ആത്മാർത്ഥതയില്ലാത്തവരാണെന്ന് പറഞ്ഞിട്ടുണ്ട്. ഇതാണ് കോൺഗ്രസിന്റെ യഥാർത്ഥ മുഖം; അവർ വിദ്യാർത്ഥികൾക്കൊപ്പമല്ല, ക്രെഡിറ്റിന് പിന്നാലെ മാത്രമാണ്” എന്നും പൂനാവാല ഒരു വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
വാങ്ങ്ചുക്ക് സിജെപിയുമായുള്ള അഭിപ്രായ വ്യത്യാസം മൂലമാണ്നിരാഹാരം അവസാനിപ്പിച്ചതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ അത് അവാസ്തവമാണെന്ന് സംഘടനാ നേതൃത്വം പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ത്യാഗം പാഴാക്കാതെ സിജെപി സമര ലക്ഷ്യം നേടുമെന്നും നേതൃത്വം കൂട്ടിച്ചേർത്തു.







Comments