
പാറ്റ്ന: ബീഹാറില് വിദ്യാര്ത്ഥി പ്രക്ഷോഭകര്ക്ക് നേരെ എ.കെ.-47 തോക്ക് ഉപയോഗിച്ച് വെടിവെക്കുന്നതായി കണ്ടെത്തിയ ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്തു. കഴിഞ്ഞദിവസം നടന്ന സംഭവത്തില് ഇയാളുടെ ദൃശ്യങ്ങള് ക്യാമറയില് പതിഞ്ഞിരുന്നു. സംസ്ഥാന വ്യാപകമായി നടത്തിയ ഹര്ത്താലില് പോലീസും വിദ്യാര്ത്ഥികളും ഏറ്റുമുട്ടിയിരുന്നു.
ജൂലൈ 25 ന് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില് വിദ്യാര്ത്ഥി സംഘടനകളുടെ നേതൃത്വത്തില് വന്തോതിലുള്ള പ്രകടനങ്ങള് നടന്നിരുന്നു. എന്നാല് സിവാന് ജില്ലയിലെ പ്രതിഷേധമാണ് വന് ചര്ച്ചയായി മാറിയത്. പ്രതിഷേധത്തിനിടയില് ഒരു പൊലീസ് കോണ്സ്റ്റബിള് എ.കെ.-47 തോക്ക് ഉപയോഗിച്ച് വെടിയുതിര്ക്കുന്നതായി കാണുകയായിരുന്നു. പ്രചരിച്ച ദൃശ്യങ്ങള് ബിഹാര് പൊലീസ് ആസ്ഥാനം ഗൗരവമായി കാണുകയും തുടര്ന്ന് സസ്പെന്ഡ് ചെയ്യുകയുമായിരുന്നു.
മൂന്ന് പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു. ഇവര് പാറ്റ്നയിലെ ജയപ്രഭ മേദാന്ത ആശുപത്രിയില് ചികിത്സയിലാണ്. മൂന്ന് പേരുടേയും ആരോഗ്യനില തൃപ്തികരമെന്നാണ് റിപ്പോര്ട്ട്. പരിക്കേറ്റവരില് 15 കാരനായ മുഹമ്മദ് ആരിഫും ഉള്പ്പെടുന്നു. കുടുംബത്തിന്റെ മൊഴിപ്രകാരം, പ്രാദേശികമായി ഒരു കടയില് ജോലി ചെയ്യുന്ന അയാള് ഹര്ത്താലിനിടയില് കട അടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് കഴുത്തില് വെടിയേറ്റത്. ഡോക്ടര്മാര് ശസ്ത്രക്രിയയിലൂടെ വെടിയുണ്ട വിജയകരമായി പുറത്തെടുത്തു, ആരോഗ്യനില ഇപ്പോള് തൃപ്തികരമാണെന്ന് റിപ്പോര്ട്ട് ചെയ്യുന്നു.







Comments