
പാര്‍ലമെന്റിന്റെ ഇരുസഭകളും അടുത്തിടെ പാസാക്കിയ 'സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭക (എം.എസ്.എം.ഇ.) വികസന ഭേദഗതി ബില്‍, 2026', എം.എസ്.എം.ഇ. മേഖലയെ ശക്തിപ്പെടുത്തുന്നതിലെ സുപ്രധാന പരിഷ്കാരവും നിര്‍ണായക ചുവടുവയ്പ്പുമാണ്. രാജ്യത്തിന്റെ വികസനത്തില്‍ എം.എസ്.എം.ഇകള്‍ക്ക് വലിയ പങ്കുണ്ട്. ഇന്ന് ഒമ്പത് കോടിയിലധികം എം.എസ്.എം.ഇകള്‍ 'ഉദ്യം രജിസ്ട്രേഷന് പോര്‍ട്ടലില്‍' രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. 40 കോടി പേര്‍ക്ക് തൊഴില്‍ നല്കുന്ന ഈ മേഖല സമ്പദ്വ്യവസ്ഥയുടെ 31 ശതമാനവും കയറ്റുമതിയുടെ 50 ശതമാനവും സംഭാവന ചെയ്യുന്നു. 'വികസിത ഭാരതം' സാക്ഷാത്കരിക്കുന്നതിലും സാമ്പത്തിക വളര്‍ച്ച, തൊഴിലവസരങ്ങള്‍, കയറ്റുമതി എന്നിവ വര്‍ധിപ്പിക്കുന്നതിലും എം.എസ്.എം.ഇകള്‍ നിര്‍ണായകമാണ്.
2020ല്‍ നിര്മാണസേവന മേഖലകളിലെ വേര്‍തിരിവ് ഒഴിവാക്കി, നിക്ഷേപവും വിറ്റുവരവും സംയോജിപ്പിച്ച മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ എം.എസ്.എം.ഇ. വര്‍ഗീകരണം വിപുലപ്പെടുത്തി. 2025ല്‍ നിക്ഷേപ പരിധി രണ്ടര മടങ്ങും വിറ്റുവരവ് പരിധി ഇരട്ടിയും വര്‍ധിപ്പിച്ചത് മൂലധന നിക്ഷേപം, ബിസിനസ് വികസനം, സാങ്കേതികവിദ്യാ സ്വീകരണം എന്നിവ പ്രോത്സാഹിപ്പിച്ചു. ധനലഭ്യത മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളുടെ ഫലമായി, 2014-15ല്‍ 10 ലക്ഷം കോടി രൂപയായിരുന്ന എം.എസ്.എം.ഇകളുടെ കുടിശ്ശിക വായ്പ ഇന്ന് 38.35 ലക്ഷം കോടി രൂപയിലധികമായി.
പൊതുസംഭരണ നയപ്രകാരം കേന്ദ്ര മന്ത്രാലയങ്ങളും വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും വാര്‍ഷിക സംഭരണത്തിന്റെ 25 ശതമാനം സൂക്ഷ്മ-ചെറുകിട സംരംഭങ്ങളില്‍നിന്ന് നടത്തണം. ഇതില്‍ വനിതാ സംരംഭങ്ങള്‍ക്ക് മൂന്നു ശതമാനവും എസ്.സി./എസ്.ടി. സംരംഭങ്ങള്‍ക്ക് നാലു ശതമാനവും ഉള്‍പ്പെടുന്നു. 2020-21ല്‍ 40,717 കോടി രൂപയായിരുന്ന ഇത്തരം പൊതു സംഭരണം 2025-26ല്‍ 1,15,801 കോടിയായി ഉയര്‍ന്നു.
വൈകുന്ന പണമടയ്ക്കലും അനുബന്ധ തര്‍ക്കങ്ങളും പരിഹരിക്കാന്‍ രാജ്യത്തുടനീളം 161 എം.എസ്.ഇ.എഫ്.സികള്‍ പ്രവര്‍ത്തിക്കുന്നു. പുതിയ ഭേദഗതി ആവശ്യാനുസരണം കൂടുതല്‍ കൗണ്‍സിലുകള്‍ സ്ഥാപിക്കാനും അവയുടെ ഘടന പുനഃസംഘടിപ്പിക്കാനും സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്കുന്നു. ഓണ്‍ലൈന്‍ തര്‍ക്കപരിഹാരം ശക്തിപ്പെടുത്തുകയും സമയബന്ധിതവും ചെലവ് കുറഞ്ഞതുമായ പരിഹാരം ഉറപ്പാക്കുകയും ചെയ്യുന്നു.
വനിതാ സംരംഭകരെ ശാക്തീകരിക്കുന്നതിനും പ്രത്യേക പ്രാധാന്യമുണ്ട്. ഉദ്യം പോര്‍ട്ടലിലെ രജിസ്റ്റര്‍ ചെയ്ത എം.എസ്.എം.ഇകളില്‍ 39 ശതമാനത്തിലധികം, ഏകദേശം 3.38 കോടി, വനിതകളുടെ ഉടമസ്ഥതയിലുള്ളവയാണ്. ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതിയില്‍ വനിതകള്‍ക്ക് 90 ശതമാനം വരെ ഗ്യാരണ്ടി കവറേജും വാര്‍ഷിക ഗ്യാരണ്ടി ഫീസില്‍ 10 ശതമാനം വരെ ഇളവും ലഭിക്കുന്നു. എസ്.സി./എസ്.ടി. സംരംഭകരുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനായി നാഷണല്‍ എസ്.സി.എസ്.ടി. ഹബും പ്രവര്‍ത്തിക്കുന്നു.
ഭേദഗതി ബില്‍ കൂടുതല്‍ കാര്യക്ഷമമായ ഭരണചട്ടക്കൂടും ബിസിനസ് സുഗമമാക്കലും ലക്ഷ്യമിടുന്നു. സൗജന്യവും സ്വമേധയാ ഉള്ളതുമായ രജിസ്ട്രേഷനായി ദേശീയ ഡിജിറ്റല്‍ പ്ലാറ്റ്ഫോം വിജ്ഞാപനം ചെയ്യാനും നിക്ഷേപവും വിറ്റുവരവും അടിസ്ഥാനമാക്കിയുള്ള വര്‍ഗീകരണത്തിന് നിയമപരമായ അംഗീകാരം നല്‍കാനും ബില്‍ വ്യവസ്ഥ ചെയ്യുന്നു. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ എം.എസ്.എം.ഇകളില്നിന്നുള്ള വാങ്ങലുകളുടെ ഇന്‍വോയ്സ് തുക നല്‍കുന്നത് നിര്‍ബന്ധമാക്കുന്നു. വൈകിയ പണമടയ്ക്കല്‍ തര്‍ക്കങ്ങള്‍ക്ക് സമയപരിധി നിശ്ചയിക്കുകയും, മധ്യസ്ഥതയിലൂടെയോ വിധിയിലൂടെയോ നല്‍കേണ്ട തുക ഭൂനികുതി കുടിശ്ശികയായി ഈടാക്കാന്‍ വ്യവസ്ഥ ചെയ്യുകയും ചെയ്യുന്നു. ചില നിയമലംഘനങ്ങളെ ക്രിമിനല്‍ കുറ്റങ്ങളുടെ പരിധിയില്‍നിന്ന് ഒഴിവാക്കി, ആദ്യ ലംഘനത്തിന് താക്കീത് ഉള്‍പ്പെടെയുള്ള ഘട്ടംഘട്ടമായ പിഴ ശിക്ഷകള്‍ ഏര്‍പ്പെടുത്തുന്നതും പ്രധാന മാറ്റമാണ്.
ഇതിനൊപ്പം, എം.എസ്.എം.ഇകളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ വിപണി പ്രവേശനം, സ്ഥാപനാധിഷ്ഠിത ധനസഹായം, സാങ്കേതിക നവീകരണം, നിയമാനുസരണം എന്നിവ തമ്മില്‍ സമന്വയിപ്പിക്കുകയാണ് പരിഷ്കാരങ്ങളുടെ ലക്ഷ്യം. പൊതുസംഭരണത്തിലൂടെയുള്ള വിപണി അവസരങ്ങള്‍ വര്‍ധിച്ചതും ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെ ഇടപാടുകള്‍ ലളിതമായതും ചെറുകിട സംരംഭങ്ങള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്കുന്നു. സമയബന്ധിതമായ പണമടയ്ക്കല്‍ ഉറപ്പാക്കുന്നത് പ്രവര്‍ത്തന മൂലധന പ്രതിസന്ധി കുറയ്ക്കുകയും പുതിയ നിക്ഷേപങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യും. അതോടൊപ്പം, നിയമലംഘനങ്ങളെ ക്രിമിനല്‍ കുറ്റങ്ങളായി കാണുന്നതിനുപകരം ആനുപാതികമായ പിഴകളിലൂടെ പരിഹരിക്കുന്ന സമീപനം സംരംഭകര്‍ക്ക് അനാവശ്യ നിയമഭാരം കുറയ്ക്കും. സംസ്ഥാനങ്ങളും കേന്ദ്ര സ്ഥാപനങ്ങളും പരിഷ്കാരങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതോടെ, രജിസ്റ്റര്‍ ചെയ്യപ്പെടാത്ത സംരംഭങ്ങളെ ഔപചാരിക സമ്പദ്വ്യവസ്ഥയിലേക്ക് കൊണ്ടുവരാനും വായ്പ, വിപണി, സാങ്കേതികവിദ്യ, സര്‍ക്കാര്‍ പദ്ധതികള്‍ എന്നിവയുടെ പ്രയോജനം കൂടുതല്‍ പേര്‍ക്ക് ലഭ്യമാക്കാനും കഴിയും.
ഇത് സംരംഭകത്വത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നതിനൊപ്പം പ്രാദേശിക സമ്പദ്വ്യവസ്ഥകളെയും ശക്തിപ്പെടുത്തും. പ്രത്യേകിച്ച് വനിതകള്‍ക്കും എസ്.സി./എസ്.ടി. വിഭാഗങ്ങള്‍ക്കും കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നതിലൂടെ വളര്‍ച്ചയുടെ നേട്ടങ്ങള്‍ സമൂഹത്തിന്റെ വിവിധ തലങ്ങളിലേക്ക് എത്തും. അതുവഴി തൊഴിലും വരുമാനവും കയറ്റുമതിയും വര്‍ധിപ്പിക്കാനും കഴിയും..
ഈ മാറ്റങ്ങള്‍ സംരംഭകരുടെ ആത്മവിശ്വാസം കൂടുതല്‍ ഉയര്‍ത്തും, ഇനിയും ശക്തമാക്കും. ബന്ധപ്പെട്ട കക്ഷികളുമായി നടത്തിയ വിപുലമായ കൂടിയാലോചനകള്‍ക്കും വിഷയങ്ങളുടെ സൂക്ഷ്മ പരിശോധനകള്‍ക്കും ശേഷമാണ് ഭേദഗതി കൊണ്ടുവന്നത്. ഏവരെയും ഉള്‍ക്കൊള്ളുന്നതും സുസ്ഥിരവും തൊഴിലധിഷ്ഠിതവുമായ സാമ്പത്തിക വളര്‍ച്ചയ്ക്ക് ശക്തമായ എം.എസ്.എം.ഇ. മേഖല അനിവാര്യമാണ്. വികസിത ഭാരതം 2047 എന്ന കാഴ്ചപ്പാടിനും ശക്തവും സുസ്ഥിരവും പങ്കാളിത്തമുള്ളതുമായ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കാനുള്ള ലക്ഷ്യങ്ങള്‍ക്കും അനുസൃതമായ ഈ പരിഷ്കാരങ്ങള്‍, സംരംഭങ്ങളുടെ ഔപചാരികവല്‍ക്കരണം പ്രോത്സാഹിപ്പിക്കുകയും വളര്‍ച്ചയ്ക്ക് വഴിയൊരുക്കുകയും എം.എസ്.എം.ഇകളെ വികസനത്തിന്റെ ചാമ്പ്യന്മാരായി ഉയര്‍ത്തുകയും ചെയ്യും.
ശോഭ കരന്ദ്ലാജെ
(കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭക മന്ത്രാലയ സഹമന്ത്രിയാണ് ലേഖിക)





Comments