
നാട്ടില്‍ പട്ടിണിയും പരിവട്ടവും നിറഞ്ഞുനിന്ന കാലം. ഓണത്തിനും ഓണസദ്യക്കും നിലയും വിലയുമുണ്ടായിരുന്ന കാലം. ഓണപ്പൂക്കള്‍ വിരിയുകയും ഓണവെയില്‍ തെളിയുകയും ചെയ്‌തിരുന്ന കാലം.
പൊതുകാര്യ പ്രസക്‌തനും കര്‍ഷകനും സ്‌ഥലത്തെ പ്രധാന ദിവ്യനുമായ മുത്തച്‌ഛന് ഓണം ഒരു സൗഹൃദോത്സവമാണ്.
അങ്ങനെയിരിക്കെ, ചിങ്ങം പിറക്കുന്നതിനു മുമ്പുള്ള ഒരു ദിവസം രാവിലെ മുത്തച്‌ഛന് ഒരു കത്തുകിട്ടി. അദ്ദേഹം ചാരുകസേരയിലിരുന്ന് കത്തു പൊട്ടിച്ചുവായിച്ചു. എന്നിട്ട് തൊട്ടടുത്തു നിന്നിരുന്ന മുത്തശ്ശിയാട് ഒരു ചോദ്യം: 'ഞാനാരെന്നാണ് നിന്റെ വിചാരം?' മുത്തശ്ശി ചിരിച്ചു: 'ഞാനൊന്നും വിചാരിച്ചിട്ടില്ല.'
മുത്തച്‌ഛന്‍ കത്തുമടക്കി മടിയില്‍ വച്ചു.
എന്നിട്ട് അഭിമാനത്തോടെ പറഞ്ഞു: 'എന്നാല്‍ നീ കേട്ടോ! ഇവിടെ അടുത്തയാഴ്‌ച അത്തം നാളില്‍ വലിയൊരു മനുഷ്യന്‍ അതിഥിയായി വരും! അന്ന് നിങ്ങള്‍ക്ക് എന്റെ വില മനസിലാകും!'
'ആരാണ് വരുന്നത്?' - മുത്തശ്ശി സാധാരണമട്ടില്‍ ആരാഞ്ഞു.'ഓണത്തപ്പന്‍! മലയാളത്തറവാട്ടിന്നങ്കണമണിമുറ്റത്തെ മഹാപുരുഷനായ ഓണത്തപ്പന്‍!' - മുത്തച്‌ഛന്‍ ഗൗരവം വിടാതെ പറഞ്ഞു.
ഓണത്തപ്പന്‍ വരുന്നു!
പിന്നീട് ഇതു സംബന്ധിച്ച് ഒരു സംസാരവും ഉണ്ടായില്ല. ഓണമല്ലേ, ഇതൊക്കെ മുത്തച്‌ഛന്റെയൊരു തമാശയായിരിക്കുമെന്ന് മുത്തശ്ശിയും വിചാരിച്ചു.
അത്തംനാളിന്റെ തലേന്ന് രാവിലെതന്നെ മുത്തച്‌ഛന്‍ കുളിയും ജപവും കഴിഞ്ഞ് കര്‍മനിരതനായി. അതിഥികള്‍ക്കായി മാറ്റിവയ്‌ക്കാറുള്ള പടിപ്പുരമാളികയും നടവഴിയും വൃത്തിയാക്കിച്ചു. മാളികയിലെ കട്ടിലില്‍ പുതിയ കിടക്ക വിരിച്ചു. മേശയും കസേരയും പൊടിതുടച്ച് ഭംഗിയാക്കി. അത്തത്തിന് സദ്യ പതിവില്ലെങ്കിലും കായ്‌കറികളും മറ്റും ചന്തയില്‍ നിന്ന് ജോലിക്കാരെ വിട്ട് വാങ്ങിപ്പിച്ചു.ഈ ഒരുക്കങ്ങളൊക്കെ കണ്ടപ്പോഴാണ് സംഗതി നിസ്സാരമല്ലെന്ന് മുത്തശ്ശിക്കും മറ്റും മനസിലായത്. എങ്കിലും ഓണത്തപ്പന്‍ വരുമോയെന്ന സംശയം മാത്രം ബാക്കിയായി. മുത്തച്‌ഛനാണെങ്കില്‍ ഒന്നും വിട്ടുപറയുന്നുമില്ല!
അത്തത്തിന് അദ്ദേഹം വന്നു!
അത്തം പിറന്നു. രാവിലെ പതിവു ദിനചര്യകള്‍ക്കു ശേഷം മുത്തച്‌ഛന്‍ തന്റെ വിശ്വസ്‌ത സഹചരനായ ഗോപാലനെ പട്ടണത്തിലെ ബസ് സ്‌റ്റാന്‍ഡിലേക്കയച്ചു. മലബാറില്‍ നിന്ന് ഒമ്പതുമണിക്ക് വരുന്ന ബസില്‍ നമ്മുടെ ഓണത്തപ്പന്‍ വന്നിറങ്ങുമെന്നും മൂപ്പരുടെ വേഷം ഖദര്‍മുണ്ടും ജുബ്ബയുമായിരിക്കുമെന്നും തോളില്‍ ഒരു തുണിസഞ്ചി കാണുമെന്നുമുള്ള സൂചനകളും അവനു കൊടുത്തു.
സമയം ഇഴഞ്ഞുനീങ്ങി. വീട്ടിലുളളവര്‍ ഭക്ഷണം കഴിക്കാനൊരുങ്ങി.
മുത്തച്‌ഛന്‍ അപ്പോഴും വഴിയിലേക്ക് കണ്ണും നട്ട് കാത്തിരിപ്പാണ്. വിരുന്നുകാരന്‍ വന്നിട്ടുമാത്രമേ, വല്ലതും കഴിക്കുകയുള്ളൂവത്രെ!
കാരണവര്‍ക്ക് സ്‌ഥിരബോധം നഷ്‌ടമായോ എന്നായിരുന്നു തറവാട്ടിലെ മറ്റുളളവരുടെ സംശയം. പത്തുമണിയായപ്പോള്‍ ആരോ ഗേറ്റു തുറക്കുന്ന ശബ്‌ദം കേട്ടു. നടവാതില്‍ കടന്ന് ആദ്യം വന്നത് ഗോപാലനായിരുന്നു.തൊട്ടുപിന്നാലെ അതാ മറ്റൊരാള്‍! ഖദര്‍ ജൂബ്ബയും മുണ്ടും കഴുത്തില്‍ വേഷ്‌ടിയും തോളിലാരു സഞ്ചിയും!
തലയുര്‍ത്തിപ്പിടിച്ച് നടവഴിയിലൂടെ കയറിവന്ന മേദുരദീര്‍ഘകായനായ ആ മനുഷ്യനെക്കണ്ട് മുത്തച്‌ഛന്‍ കസേരയില്‍ നിന്നെഴുനേറ്റു കൈകൂപ്പി. ആഗതന്‍ മുറ്റത്തുന്നു നിന്ന് ചുറ്റുമൊന്നു നോക്കി. പൂമുഖത്തേക്ക് കയറി. അവിടെയുണ്ടായിരുന്ന ബെഞ്ചില്‍ തോള്‍സഞ്ചി വച്ചു. എന്നിട്ട് മുത്തച്‌ഛന്റെ അടുത്തെത്തി ഒറ്റ കെട്ടിപ്പിടുത്തം!
ആ ആലിംഗനത്തില്‍ കുരുങ്ങിനിന്നുകൊണ്ട് മുത്തച്‌ഛന്‍ പരുങ്ങാതെ ചോദിച്ചു: 'വഴിതെറ്റാതെ പോന്നു, അല്ലേ? ആളിന്റെ ലക്ഷണങ്ങളും വരുന്ന ബസ്സിനെക്കുറിച്ചുമൊക്കെ ഞാന്‍ ഗോപാലനോട് പറഞ്ഞിരുന്നു.'
'ഇല്ല! ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല.'- വന്നയാള്‍ ബെഞ്ചിലിരുന്നിട്ട് രണ്ടാംമുണ്ടു വീശിക്കൊണ്ടു പറഞ്ഞു. പുതിയ അതിഥിയെ കാണാന്‍ മുത്തശ്ശിയും തറവാട്ടിലെ മറ്റുള്ളവരും പൂമുഖത്ത് ഹാജരായി. പറമ്പില്‍ ജോലിയെടുത്തിരുന്നവര്‍ എത്തിനോക്കി. അയല്‍ക്കാര്‍ ജാലകത്തിരശ്ശീല മാറ്റി പാളിനോക്കി.
ഗോപാലന്‍ തൂണില്‍ ചാരിനിന്ന് വഴികാട്ടിയുടെ റോളില്‍ ചിരിച്ചുകാട്ടി. മുത്തച്‌ഛന്‍ വീണ്ടും ചാരുകസേരയിലേക്ക് മടങ്ങി. എന്നിട്ട് മുത്തശ്ശിയോടായി പറഞ്ഞു: 'നിനക്ക് ഇനി ആളാരാണെന്ന് പറഞ്ഞുരാം. ഇതാണ് ഒറിജിനല്‍ ഓണത്തപ്പന്‍! മലയാളത്തിന്റെ മഹാകവി! വള്ളുവനാടിന്റെ കരിവരന്‍! ഏകാന്ത ഗജപതി!'
അതുകേട്ട് മുത്തശ്ശി മാത്രമല്ല ചുറ്റും നിന്നിരുന്നവരും ഞെട്ടി. അവര്‍ക്കൊക്കെ ആഴ്‌ചപ്പതിപ്പുകളിലൂടെ ആ ഏകാന്തപഥികന്റെ പേര് സുപരിചിതം.
ഓണത്തപ്പന്‍ നമ്മുടെ കാരണവരാണ്!
'എന്തായാലും എനിക്കിട്ട പേരു കൊള്ളാം! ഓണത്തപ്പന്‍! യഥാര്‍ത്ഥ ഓണത്തപ്പന്‍ ഇതറിഞ്ഞാല്‍ എന്നെ കൊല്ലും!' - മഹാകവി ഗൗരവത്തില്‍ പറഞ്ഞു.
എല്ലാവരും ചിരിച്ചു. മുറ്റത്ത് ഓണവെയില്‍ പരന്നു.ആ വെയില്‍നാളങ്ങള്‍ നോക്കി മഹാകവി ചൊല്ലി: 'ഓരോ നാട്ടിലും വീട്ടിലും ഓണത്തപ്പനുണ്ട്. ഓരോ വീട്ടിലേയും മണ്‍മറഞ്ഞ കാരണവന്മാര്‍ ഓണത്തപ്പന്മാരായി എത്തുന്നു എന്നു കരുതിയാല്‍ മതി!'
മുത്തച്‌ഛന്‍ തലകുലുക്കി: 'വാസ്‌തവം! ഒരു മഹാതത്വമാണത്.' 'എന്തായാലും കാണാന്‍ സാധിച്ചത് ഞങ്ങടെ ഭാഗ്യം! ഈ ഭാഗത്തൊന്നും വന്നിട്ടില്ലല്ലോ, അല്ലേ?' - മുത്തശ്ശി ചോദിച്ചു.
'ഹേയ്! നിങ്ങളുടെ മദ്ധ്യതിവിതാംകൂറിലെ ഈ കിഴക്കന്‍ മേഖലയില്‍ ആദ്യം വരികയാണ്. പണ്ട് കോട്ടയത്ത് കുറച്ചുനാള്‍ താമസിച്ചിട്ടുമുണ്ട്. പിന്നെ, എവിടെ നോക്കിയാലും റബര്‍മരങ്ങളായതിനാല്‍ ഓണം ഇവിടെയൊക്കെ ഉണ്ടാകുമോയെന്നുമാത്രം ശങ്കിച്ചു'- കവി നിഷ്‌ക്കളങ്കമായി പറഞ്ഞു. 'ഇവിടെയടുത്തുള്ള അമ്പലത്തിലെ കാഞ്ഞിരപ്പള്ളിശാസനത്തില്‍ മാവേലിയെക്കുറിച്ച് പറയുന്നുണ്ട്.' - മുത്തച്‌ഛന്‍ ചരിത്രം ചൊല്ലി.
വൈകാതെ പ്രഭാതഭക്ഷണം റെഡിയായി.പുട്ടും പഴവും പാല്‍ക്കാപ്പിയും.
കവിയുടെ കാല്‍പ്പാടുകള്‍
സ്‌ഥലത്തെ പ്രധാന പൗരനും കൃഷിക്കാരനും പൊതുപ്രവര്‍ത്തകനുമൊക്കെയായ മുത്തച്‌ഛന്‍ കവിതയൊന്നും വായിക്കാറില്ല. ആ അര്‍ത്ഥത്തില്‍ അദ്ദേഹത്തിന് ഒരു കവിയേയും പരിചയമുണ്ടാവാന്‍ ഇടയില്ല. മാത്രമല്ല, കവികളും എഴുത്തുകാരുമൊന്നും ഈ പ്രദേശത്ത് ഇതിനുമുമ്പ് വന്നിട്ടുമില്ല. പിന്നെ എങ്ങനെയാണ് മുത്തച്‌ഛന് ഈ മഹാകവിയുമായി പരിചയം വന്നത്?- ഞങ്ങള്‍ അത്ഭുതപ്പെട്ടു.
അതിനൊക്കെ കാരണം മുത്തച്‌ഛന്റെ യാത്രകളാണെന്നാണ് ഗോപാലന്‍ പറയുന്നത്. മാസത്തിലൊരിക്കല്‍ അദ്ദേഹം എല്ലാ പ്രധാന പുണ്യസ്‌ഥലങ്ങളിലും ക്ഷേത്രങ്ങളിലും പോയിവരാറുണ്ടല്ലോ. അത്തരമൊരു ഒരു യാത്രയില്‍ മുത്തച്‌ഛന്‍ യാദൃശ്‌ചികമായി മഹാകവിയെ പരിചയപ്പെട്ടതാവാം.
ഗോപാലന്റെ നിഗമനങ്ങള്‍ തെറ്റാറില്ല. കഷ്‌ടിച്ച് ആറേഴുക്ല ാസ് വരെയെ പഠിച്ചിട്ടുള്ളൂവെങ്കിലും ആളൊരു സമര്‍ത്ഥനും രസികനുമാണ്. ധാരാളം കഥകളും പാട്ടുകളും അറിയാവുന്ന, ഏറെക്കുറെ അനാഥനായി വളര്‍ന്ന്, എന്നോ ഒരിക്കല്‍ തറവാട്ടിലെ ജോലിക്കാരുടെ സംഘത്തില്‍ ചേര്‍ന്നുപോയ ഒരാള്‍.
കവിതയുടെ നീര്‍ച്ചാലുകള്‍
പ്രഭാതഭക്ഷണം കഴിഞ്ഞതോടെ ഞങ്ങള്‍ കവിയെ പടിപ്പുരമാളികയിലേക്ക് ആനയിച്ചു. അവിടെയും കവിയുടെ കാര്യങ്ങള്‍ നോക്കാന്‍ നമ്മുടെ ഗോപാലനായിരുന്നു നിയോഗം.
പടിപ്പുരമാളികയുടെ ഉമ്മറത്തുണ്ടായിരുന്ന ചാരുകസേരയിലിരുന്ന് കവി അകലെയുള്ള കാഴ്‌ചകളില്‍ ലയിച്ചു. തെളിഞ്ഞ പകല്‍.
തേന്‍മാവും പുളിയും പ്ലാവും ചുറ്റും തണല്‍ വിരിക്കുന്ന ഇരുനില മാളിക. മരക്കൊമ്പുകളില്‍ കാക്കയും കുയിലും അണ്ണാന്മാരും!
മാളികയുടെ തൊട്ടുതാഴെ ചെറിയ തോടൊഴുകുന്നുണ്ട്. അതിനപ്പുറം കൃഷിയിടങ്ങള്‍, പൂക്കള്‍ നിറഞ്ഞ പുല്‍മേടുകള്‍.കവിത കിനിയുന്ന നിമിഷങ്ങള്‍. പെട്ടന്ന് കവി, ജുബ്ബയുടെ പോക്കറ്റില്‍ ബീഡി പരതി. ഒരെണ്ണം പോലുമില്ല!
ഇതു കണ്ടുകൊണ്ട് വരാന്തയില്‍ കുത്തിയിരുന്നിന ഗോപാലന്‍ മടിയില്‍നിന്ന് ഒന്നാംതരം തെറുപ്പുബീഡികള്‍ കവിയുടെ കൈയ്യിലേക്ക് നിറച്ചുകൊടുഞ്ഞു. കവി ഒരണ്ണം വലിച്ചു നോക്കി.
ഉഗ്രന്‍, അത്യുഗ്രന്‍! 'നീ ശരിക്കും ഗോപാലകനാണ്. സാക്ഷാല്‍ ഉണ്ണിക്കണ്ണന്‍. ഞാന്‍ പോകുന്നവരെ നീ എന്റെകൂടെയുണ്ടാകണം.' - മഹാകവി ഹൃദയംതുറന്ന് ഗോപാലകനെ അനുഗ്രഹിച്ചു. മാവിന്റെ മരക്കാമ്പില്‍ രണ്ട് ഓണക്കിളികള്‍ പറന്നുവന്നിരുന്നു.
ഒരു സരസസംവാദം
അത്തമാണെങ്കിലും ഉച്ചയ്‌ക്ക് ഓണസദ്യതന്നെ കവിക്കുവേണ്ടി തയ്യാറാക്കി.
ഓണത്തിന് ഈച്ചയക്കും ഉറുമ്പിനും മാത്രല്ലേ, ഗോപാലനും ചോറുകൊടുക്കണമെന്ന് കവി തമാശ പറഞ്ഞു. സന്ധ്യയ്‌ക്ക് തറവാടിന്റെ പൂമുറ്റത്ത് കുടുംബസദസ്സു കൂടി. അകലെ ചിങ്ങമേഘങ്ങള്‍ പൊന്നു വാരിയണിഞ്ഞു. തണുത്ത കാറ്റില്‍ പൊന്‍മുളകള്‍ നൃത്തം തുടങ്ങി. ഒരു വാകമരത്തിന്റെ ചില്ലയിലേക്ക് തത്തകള്‍ പറന്നുവന്നിരുന്നു.മഹാകവിയുടെ സവിധത്തില്‍ ഭാരതപ്പുഴ മുതല്‍ കന്യാകുമാരിയിലെ കടല്‍ വരെ സംസാരവിഷയമായി.
അപ്പോഴാണ് ചെവിയില്‍ ഒരു മുക്കുറ്റിപ്പൂവും തിരുകി കവിക്കുള്ള നാടന്‍ ബീഡിയുമായി ഗോപാലന്‍ കയറിവന്നത്. ഗോപാലന്റെ ചെവിയിലേക്കു നോക്കി ഞങ്ങള്‍ ചിരിച്ചു. മുക്കുറ്റിപ്പൂവ് ശരിക്കൊരു കര്‍ണഭാരം തന്നെ!
'കളിയാക്കേണ്ട! ഇതെന്റെ കമ്മലാണ്! നാളെ പൂക്കളത്തിലേക്കു വേണ്ടത് വേറെ പറിച്ചു തരാം!'- അവന്‍ മൊഴിഞ്ഞു.അതോടെ കവിയുടെ സംസാരം ഓണപ്പൂക്കളെകുറിച്ചായി.'നിനക്ക് ഏതു പൂക്കളോടാണ് കൂടുതല്‍ ഇഷ്‌ടം?.' - കവി ഗോപാലനോടു ചോദിച്ചു. 'എനിക്ക് ആര്‍ക്കും വേണ്ടാത്ത കാട്ടുപൂക്കളയാണ് ഇഷ്‌ടം. നല്ല കാറ്റു വരുമ്പോള്‍ തകരയുടെ മഞ്ഞപ്പൂക്കള്‍ തുള്ളുന്നതു കാണാന്‍ എന്തു രസമാണ്!' - മുക്കുറ്റിക്കമ്മല്‍ ചൂടിയ ഗോപാലന്‍ പറഞ്ഞു. അതുകേട്ട് കവി അവനെ തുറിച്ചുനോക്കി. എന്നിട്ട് മുത്തച്‌ഛനോടായി പറഞ്ഞു: 'കവിതയുടെ വഴികള്‍ നമുക്കറിയില്ല, കേട്ടോ! ഇവന്‍, നിങ്ങടെ വാല്യക്കാരനാണ്. പക്ഷെ, ഇവനാണ് കവി! അവന് തകരയുടെ പൂവ് കായാമ്പൂവാണ്. മുക്കുറ്റിപ്പൂവ് കര്‍ണാഭരണമാണ്!'
മുത്തച്‌ഛന്‍ അതു കേട്ടു ചിരിച്ചു: 'അതൊന്നും കാര്യമാക്കേണ്ട. അവന്‍ ബുദ്ധിയില്ലാത്ത ഒരു ചെറുക്കനനാണ്!' കവി അതു ശ്രദ്ധിക്കാതെ, ചെളിയും പൊടിയും പറ്റിയ കൈകളില്‍ പിടിച്ചു കൊണ്ട് പറഞ്ഞു: 'നീയാണ് എല്ലാം കാണുന്നവന്‍! കന്മഷമില്ലാത്തവന്‍! നീ എന്നെ അനുഗ്രഹിക്കണം!' ഗോപാലന്‍ വിഡ്‌ഢിച്ചിരി തൂകിക്കൊണ്ട് പിന്നോട്ടു മാറി. ഞങ്ങളും അതാരു തമാശയായി കരുതി. സന്ധ്യവിളക്ക് കൊളുത്തിയപ്പോള്‍ കവി പറഞ്ഞു:
'എനിക്ക് നാളെ കോഴിക്കോടിനു പോകണം. ഒരു കവിത പകുതിയെഴുതി സഞ്ചിയില്‍ വച്ചിരിക്കുകയാണ്. നാളെ അവിടെ നേരിട്ടുചെന്ന് കൊടുക്കണം. ഇവിടുത്തെ മാളികയിലിരുന്ന് ബാക്കി എഴുതാമെന്ന് കരുതുന്നു.'മഹാകവി തെല്ലുകഴിഞ്ഞ് മാളികയിലേക്ക് പോയി. മാളികവരാന്തയില്‍ കവിയുടെ സെക്യൂരിറ്റി ഗാര്‍ഡായി ഗോപാലനും ശോഭിച്ചു.അത്താഴത്തിന് ഒന്നാംതരം നെയ് ചേര്‍ത്ത പൊടിയരിക്കഞ്ഞിയും ചുട്ട പപ്പടവും ചമ്മന്തിപ്പൊടിയും ഗോപാലന്‍ മഹാകവിക്ക് വിളമ്പി. പിന്നെ, യഥേഷ്‌ടം തെറുപ്പുബീഡിയും സപ്ലൈ ചെയ്‌തു. കവിയാകട്ടെ, രാത്രിയില്‍ ഉണര്‍ന്നിരുന്ന് കവിതയുടെ ബാക്കിഭാഗവും തീര്‍ത്തു. അനേകം ബീഡികള്‍ എരിഞ്ഞുപുകഞ്ഞ് വായുവില്‍ ലയിച്ചു.
കവിത വിടര്‍ന്ന പ്രഭാതം
പിറ്റേന്ന് മഹാകവി ഏഴരവെളുപ്പിന് ഉണര്‍ന്നു. കോഴിക്കോട്ടേക്ക് യാത്രതിരിക്കാന്‍ റെഡിയായി. ഞങ്ങള്‍ പൂമുഖത്ത് നിരന്നുനിന്നു.
എല്ലാവരോടും വിടപറയും മുമ്പ് അദ്ദേഹം സഞ്ചിയില്‍ നിന്നൊരു കടലാസെടുത്തിട്ടു പറഞ്ഞു: 'എഴുതി പകുതിയാക്കിയ ഒരു കവിതയുമായിട്ടാണ് ഞാനിവിടെ വന്നത്. അതിന്റെ ബാക്കി ഇന്നലെയെഴുതി. ഇതാ കേട്ടോളൂ! നിങ്ങളും ഈ വീടും മാത്രമല്ല, ഗോപാലനും ഇത് കേള്‍ക്കണം! ഈ കവിത അവന്റേതും എന്റേതുമാണ്.'
ഞങ്ങള്‍ കാതോര്‍ത്തുനിന്നു.
കാലാന്തരത്തില്‍ വിശ്രുതമായിത്തീര്‍ന്ന
ഒരു ഓണക്കവിതയുടെ ഈരടികള്‍ ഞങ്ങളിലേക്ക് കടന്നുവന്നു.
'പൊന്നിന്‍ കതിര്‍ക്കുലയേന്തി മെല്ലെ
വന്നുപോയ്, വന്നുപോയ് ചിങ്ങമാസം
ചെമ്പാളിപ്പട്ടു ചരടിനുള്ളില്‍
തുമ്പികള്‍ പാറിപ്പറമ്പുതോറും
ആനന്ദമത്തില്‍ മതിമറന്നീ-
ട്ടാര്‍പ്പുവിളിച്ചൂ പനങ്കിളികള്‍
ചെല്ലച്ചെറുകാറ്റില്‍ നൃത്തമാടി
മുല്ലയും പിച്ചകവള്ളികളും
പുത്തനാം തങ്കക്കുടക്കടുക്കന്‍
മുക്കിറ്റിക്കുഞ്ഞിന്റെ കാതില്‍ കണ്ടു
കുന്നത്തു വാഴുമിളമുളകള്‍
പൊന്നോണവില്ലിനു ഞാണുകെട്ടി
കല്ലിലും മുള്ളിലും കാലുവെച്ചു
തുള്ളിക്കളിപ്പൂ തകരക്കുട്ടന്‍
എങ്ങുമൊരാഹ്‌ളാദക്കോളിളക്കം
എങ്ങുമൊരാനന്ദതൂവെളിച്ചം!'
നിസ്വരരും നിസാരരുമായ ഞങ്ങളുടെ ചുറ്റും പുതുകവിതയുടെ പൂപ്പൊന്‍വെളിച്ചം വിടരുകയാണ്! മലയാളത്തിന് ഒരോണസമ്മാനം ഒരുങ്ങുകയാണ്!മാളികമുറ്റത്തെ മരക്കാമ്പില്‍ ഓണക്കിളികള്‍ വീണ്ടും പറന്നുവന്നിരുന്നു.
ഞങ്ങള്‍ ഒന്നും മിണ്ടിയില്ല.കിഴക്ക് വെള്ള കീറിത്തുടങ്ങി. മേടുകളില്‍ ഓണത്തുമ്പികളും പാറാന്‍ തുടങ്ങിയിരുന്നു.





Comments