മഹാത്മ അയ്യങ്കാളിയെ 163-ാം ജന്മദിനത്തില് സ്മരിക്കുകയെന്നത് നമ്മുടെ ചരിത്രബോധത്തിന്റെയും നവോത്ഥാനത്തിന്റെയും അടയാളപ്പെടുത്തലാണ്. അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹികമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭ. അധഃസ്ഥിത സമൂഹത്തിന്റെ വിമോചകന്. ജാതീയതയുടെ തമസ്സില് ആണ്ടുകിടന്ന കേരള ജനതയ്ക്കാകെ വഴികാട്ടിയ മഹാത്മ അയ്യങ്കാളിക്ക് വിശേഷണങ്ങള്‍ അനേകമാണ്.സാധുജനങ്ങളെ അടിമകളാക്കിയ രാജാധിപത്യത്തിന്റെ ദുര്‍ഘടപാതയിലൂടെ നിഷേധത്തിന്റെ വില്ലുവണ്ടി പായിച്ച നവോത്ഥാന ശില്പിയാണ് അയ്യന്‍കാളി. ജന്മിത്തവും ജാതി മേധാവിത്വവും ഉച്ചനീചത്വങ്ങളും കൊടികുത്തി വാണ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ത്ഥത്തില്‍ ഭൂജാതനായ അദ്ദേഹം ഇരുപതാം നൂറ്റാണ്ടിന്റെ പൂരാര്ത്ഥത്തില് 4 പതിറ്റാണ്ടുകാലം വരെയും വിപ്ലവകരമായ ജീവിതം നയിച്ചു. 'ചരിത്രം കേവലം യാന്ത്രികമായ വിപ്ലവകാരിയായല്ല അയ്യങ്കാളിയെ അടയാളപ്പെടുത്തുന്നത്. ഒരു പ്രത്യേക ജാതിയില്‍ പിറന്നു വീണതുകൊണ്ട് മാത്രം പൊതു വീഥിയില്‍ നിന്നും ആട്ടിയോടിക്കപ്പെടുകയും കല്ലുമാല ധരിക്കേണ്ടി വരികയും തീണ്ടാപ്പാടകലെ നിര്‍ത്തപ്പെടുകയും മണ്ണില്‍ കുത്തപ്പെട്ട കുഴിയില്‍ ഇലവച്ച് ദാക്ഷിണ്യം പേലെ നല്കുന്ന ഭക്ഷണം കഴിക്കേണ്ട അവസ്ഥയിലാകുകയും ചെയ്ത പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയുടെ ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞ നവോത്ഥാന നായകനായിരുന്നു അയ്യങ്കാളി. ഒന്നര നൂറ്റാണ്ട് മുമ്പ് നിലനിന്ന സാമൂഹിക വ്യവസ്ഥിതിയിലേക്ക് ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍, ഒരു പക്ഷേ ഇത്രയും ഭീകരമായിരുന്നോ എന്ന്, പുതുതലമുറക്ക് സംശയം തോന്നിയേക്കാം. ഈ കേരളത്തിലാണോ ഇങ്ങനെ ഒരു ദുരവസ്ഥ നിലനിന്നിരുന്നതെന്ന്!പട്ടികജാതി പട്ടികവര്‍ഗ പിന്നാക്കക്ഷേമ വകുപ്പ് ഇന്ത്യയില്‍ വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലായിട്ട് ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടേയുള്ളു. എന്നാല്‍ അധ:സ്ഥിതരുടെ ഉന്നമനത്തിന് വിദ്യാഭ്യാസം സാധിതമാകണമെന്ന് തിരിച്ചറിഞ്ഞ ക്രാന്തദര്‍ശിയായ അയ്യന്‍കാളി അതിന് ദളിതരെ പ്രാപ്തരാക്കാന്‍ നിരന്തര പോരാട്ടത്തിലേര്‍പ്പെട്ടു. അവശ വിഭാഗങ്ങള്‍ക്കായി അദ്ദേഹം പള്ളിക്കൂടം പണിതത് 122 വര്‍ഷം മുമ്പാണ്. അന്നു രാത്രി തന്നെ ആ കുടിപ്പള്ളിക്കൂടത്തിന് തീയിട്ടാണ് ജന്മിമാര് പ്രതികാരം തീര്‍ത്തത്.
അക്ഷരാഭ്യാസത്തിനുള്ള അവസരത്തിനായി അദ്ദേഹം തെരഞ്ഞടുത്ത സമര തീരുമാനമായിരുന്നു പില്ക്കാലത്തു കാര്‍ഷിക പണിമുടക്ക് സമരമെന്ന് അറിയപ്പെട്ട കൃഷിഭൂമി തരിശിടല്‍ സമരം. വിദ്യാഭ്യാസ അവകാശം നേടിയെടുക്കാന്‍ ഒരു കര്‍ഷകസമരം. വേറൊരു നാട്ടിലും ഇങ്ങനെ ഒന്ന് നടക്കാനിടയില്ല. പുലയര്‍ക്ക് വിദ്യാഭ്യാസം ലഭിക്കുന്നത് തടയാന്‍ ഇറങ്ങിയ സവര്‍ണ മാടമ്പിമാരോട് 'ഞങ്ങളുടെ കുട്ടികളെ പഠിക്കാനനുവദിക്കാത്തപക്ഷം നിങ്ങളുടെ പാടങ്ങളില്‍ മുട്ടിപ്പുല്ല് കിളിര്‍പ്പിക്കു'മെന്ന് അയ്യങ്കാളി പ്രഖ്യാപിച്ചു. പറഞ്ഞത് നടത്താനുറച്ച് സെപ്റ്റംബറില്‍ വെങ്ങാനൂര്‍ എലായിലെ നെല്‍പ്പാടങ്ങളിലെത്തി കൃഷിപ്പണികള്‍ പൂര്‍ണമായും നിര്‍ത്തിവയ്ക്കാന്‍ അദ്ദേഹം തൊഴിലാളികളോട് ആവശ്യപ്പെട്ടതോടെ കേരള ചരിത്രത്തില്‍ സമാനതകളില്ലാത്ത കാര്‍ഷികസമരത്തിന് പ്രാരംഭം കുറിച്ചു.
1907ല്‍ ദലിതര്‍ക്കു പള്ളിക്കൂടത്തില്‍ പ്രവേശനം അനുവദിച്ച് ഉത്തരവ് ഉണ്ടായി. ദീര്‍ഘനാളത്തെ ഭൂമി തരിശിടല്‍ സമരത്തിന്റെ ഒത്തുതീര്‍പ്പു വ്യവസ്ഥയുടെ ഭാഗമായിരുന്നു ഈ ഉത്തരവ്. എങ്കിലും അയിത്തജാതിക്കുട്ടികള്‍ക്ക് സ്വാഭാവികമായി വിദ്യാലയങ്ങളില്‍ ചേര്‍ന്ന് പഠിക്കാന്‍ കഴിയുമായിരുന്നില്ല. അയ്യങ്കാളിയുടെ സമരഫലമായി അയിത്ത ജാതികളില്‍പ്പെട്ട കുട്ടികളുടെ പള്ളിക്കൂട പ്രവേശന നിയമം അധികൃതര്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശിച്ച് 1914ല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവുണ്ടായി. തുടര്‍ന്ന് തെന്നൂര്‍ കോണത്ത് പൂജാരി അയ്യന് എന്നയാളുടെ എട്ടു വയസുള്ള മകള്‍ പഞ്ചമിയെയും കൂട്ടി അയ്യന്‍കാളിയും സംഘവും നെയ്യാറ്റിന്‍കര താലൂക്കിലെ ഊരൂട്ടമ്പലം പെണ്‍പള്ളിക്കൂടത്തില്‍ എത്തി. അറിവിന്റെ നിറകുടമാകേണ്ട അധ്യാപകന് അതിനെ തടയാന്‍ നോക്കി. അത് വകവയ്ക്കാതെ അദ്ദേഹം പഞ്ചമിയെ പള്ളിക്കൂടത്തിനുള്ളിലെ ബെഞ്ചില്‍ കൊണ്ടിരുത്തി. പഞ്ചമിയെന്ന പുലയപ്പെണ്‍കുട്ടി തൊട്ട ഊരൂട്ടമ്പലം പള്ളിക്കൂടം അന്ന് രാത്രി തന്നെ ചിലര്‍ തീവച്ച് നശിപ്പിച്ചു. ഇത്തരമൊരുഘട്ടത്തിലാണ് അയിത്തജാതിക്കാര്‍ക്കായി പ്രത്യേക പള്ളിക്കൂടം എന്നൊരാശയം അയ്യന്‍കാളിക്ക് തോന്നിയത്. അദ്ദേഹം ഇക്കാര്യത്തിന് പ്രാമുഖ്യം നല്‍കികൊണ്ട് നിവേദനം തയാറാക്കുകയും മിച്ചല്‍ സായിപ്പിനെ നേരില്‍ കണ്ടു കാര്യം ബോധിപ്പിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി 1914ല്‍ വെങ്ങാനൂര്‍ പുതുവല്‍ വിളാകത്തു മലയാളം പള്ളിക്കൂടം അനുവദിച്ചുകൊണ്ടു സര്‍ക്കാര്‍ ഉത്തരവിറക്കി. 1905ല്‍ അയ്യന്‍കാളിയും കൂട്ടരും കെട്ടിയുയര്‍ത്തിയ കുടിപ്പള്ളിക്കൂടമാണ് ഇങ്ങനെ സര്‍ക്കാര്‍ പള്ളിക്കൂടമായി മാറിയത്. മനുഷ്യ മനസിലെ ജാതീയതയും അസമത്വചിന്തയും എരിച്ചടക്കാനുള്ള അഗ്നി അയ്യങ്കാളി നയിച്ച പ്രക്ഷോഭങ്ങള്‍ക്കുണ്ടായിരുന്നു. കല്ലുമാല സമരവും വില്ലുവണ്ടി സമരവും ഉദാഹരണം. ദളിതനായി ജനിച്ചവര്‍ക്ക് അക്കാലത്ത് അനുഭവിക്കേണ്ടി വന്ന ഒരു സാമൂഹിക അസമത്വമാണ് സഞ്ചാര സ്വാതന്ത്ര്യം കൊട്ടിയടക്കല്‍. വിശേഷ വസ്ര്തങ്ങളണിഞ്ഞ് വില്ലുവണ്ടിയില്‍ പ്രമാണിമാര്‍ക്ക് സഞ്ചാരമാകാം. ഇവരുടെ യാത്രക്കിടയില്‍ ചെന്നുപെടുന്ന കീഴാളര്‍ വഴിമാറി നടക്കണം. അയ്യന്‍കാളി അതംഗീകരിച്ചില്ല. അദ്ദേഹം ഒരു കാളവണ്ടി വാങ്ങി, തലപ്പാവു ധരിച്ചു, പൊതുവീഥിയിലൂടെ സാഹസിക യാത്രനടത്തി. സവര്‍ണ്ണ ജാതിക്കാര്‍ ഈ യാത്ര തടഞ്ഞു.
അയ്യങ്കാളി കയ്യിലുണ്ടായിരുന്ന കത്തി വലിച്ചൂരി സവര്‍ണ്ണരെ വെല്ലുവിളിച്ചു. അയ്യന്‍കാളിയെ എതിരിടാന്‍ ആര്‍ക്കും ധൈര്യമുണ്ടായിരുന്നില്ല. അദ്ദേഹം ആരേയും കൂസാതെ തന്റെ വണ്ടിയില്‍ യാത്ര തുടര്‍ന്നു. ആവേശഭരിതരായ അനുയായികള്‍ അദ്ദേഹത്തിന് അകമ്പടി സേവിച്ചു. അയ്യന്‍കാളിയുടെ ഒറ്റയാള്‍ പോരാട്ടം ചരിത്രത്തിലെ ധീരോദാത്തമായ ചുവടുവയ്പാണ്. ജനാധിപത്യ പ്രക്രിയയില്‍ മേലാളരും കീഴാളരുമില്ലെന്ന ഉദാത്ത ചിന്തക്ക് പ്രായോഗിക രൂപം നല്‍കുകയായിരുന്നു അദ്ദേഹം. അടിച്ചമര്‍ത്തലുകള്‍ക്കെതിരായി മര്‍ദിതര്‍ക്ക് സ്വാതന്ത്ര്യ ചിന്തയിലധിഷ്ഠിതമായ പ്രത്യാക്രമണങ്ങള്‍ക്ക് നേതൃത്വം നല്കാന് അയ്യങ്കാളി മടി കാണിച്ചില്ല. 1915 ലെ കല്ലുമാല സമരം ഒരേ സമയം സത്രീ വിമോചന പോരാട്ടത്തിന്റെ പ്രതീകവും അനാചാരങ്ങളുടെ നിരാകരണത്തിന്റെ പ്രഖ്യാപനവുമായിരുന്നു. ഇത്തരം മഹാന്മാരായ നവോത്ഥാന നായകരുടെ ധീരോദാത്ത ശ്രമങ്ങളാണ് കേരളത്തെ ഇന്നത്തെ കേരളമാക്കി മാറ്റിയത്. എങ്കിലും അവശ ജനവിഭാഗങ്ങളുടെ അവകാശ സംരക്ഷണവും ഉന്നമനവും ഇന്നും അതീവ ശ്രദ്ധ ആവശ്യമായി വരുന്ന വിഷയങ്ങളാണ്. അത് നേടിയെടുക്കാനുള്ള അവിശ്രമമായ പ്രയത്നങ്ങളില്‍ എല്ലാവരുടെയും പിന്തുണ അഭ്യര്‍ഥിക്കുന്നു.
കെ. എ. തുളസി
(പട്ടികജാതി പട്ടികവര്‍ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി)






Comments