
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ നടത്തിപ്പിൽ വരുത്തിയ സുരക്ഷാ മാറ്റങ്ങൾ സുപ്രീംകോടതിയെ അറിയിച്ച് കേന്ദ്രസർക്കാർ. പരീക്ഷയുടെ സുരക്ഷാ സംവിധാനങ്ങൾ അതീവ ശക്തമാണെന്നും ഇവ മറികടക്കുക അസാധ്യമാണെന്നും കേന്ദ്രം വ്യക്തമാക്കി.
ചോദ്യപേപ്പർ ചോർച്ച തടയുന്നതിനായി പരീക്ഷാ നടപടിക്രമങ്ങളിൽ വിവിധ തലങ്ങളിലുള്ള സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ചോദ്യപേപ്പറുകൾ കൈകാര്യം ചെയ്യുന്നതും കൊണ്ടുപോകുന്നതും വിതരണം ചെയ്യുന്നതും ഉൾപ്പെടെ ഓരോ ഘട്ടത്തിലും കർശന നിരീക്ഷണവും സുരക്ഷാ മാനദണ്ഡങ്ങളും നടപ്പാക്കിയതായി കേന്ദ്രം അറിയിച്ചു.
ചോദ്യപേപ്പറുകൾ പരീക്ഷാ കേന്ദ്രങ്ങളിലെത്തിക്കുന്ന വാഹനങ്ങളിൽ ജിപിഎസ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ വാഹനങ്ങളുടെ നീക്കം കൂടുതൽ കർശനമായി നിരീക്ഷിക്കാൻ കഴിയുമെന്നും കേന്ദ്രം വ്യക്തമാക്കി.
നിരവധി മോഡറേറ്റർമാർ ചേർന്നാണ് ചോദ്യബാങ്ക് തയ്യാറാക്കുന്നത്. അന്തിമ ചോദ്യപേപ്പറിൽ ഏതൊക്കെ ചോദ്യങ്ങൾ ഉൾപ്പെടുമെന്ന് ആർക്കും മുൻകൂട്ടി അറിയില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവെയാണ് കേന്ദ്രം സുരക്ഷാ ക്രമീകരണങ്ങൾ വിശദീകരിച്ചത്. രാജ്യത്തിന് അഭിമാനിക്കാവുന്ന ഒരു പരീക്ഷാ സംവിധാനം ഉറപ്പാക്കുകയാണ് കടമയെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. പരീക്ഷാ നടത്തിപ്പിൽ കൂടുതൽ സാങ്കേതിക മാറ്റങ്ങൾ കൊണ്ടുവരേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.







Comments