
തൊടുപുഴ: ലഹരിക്കെതിരായ ഡി.വൈ.എഫ്.ഐ. ജാഥ നയിച്ച ആള് ഉള്‍പ്പെടെ നാലുപേര്‍ എം.ഡി.എം.എയും ഹൈബ്രിഡ് കഞ്ചാവുമായി പിടിയില്‍. വെങ്ങല്ലൂര്‍ കണിപറമ്പില്‍ ടി.എസ്.ഷിയാസ് (ഷിയാമണി- 35) ആണ് പിടിയിലായ ഡി.വൈ.എഫ്.ഐ. നേതാവ്. സംഘടനയുടെ മേഖലാ സെക്രട്ടറിയും ബ്ലോക്ക് ഭാരവാഹിയുമായിരുന്നു. തൊടുപുഴ കുമ്മംകല്ല് ഓലിക്കല്‍ ആഷിക് സഹീര്‍ (23), ഇടവെട്ടി ചീങ്കല്ലേല്‍ അര്‍ഷിദ് ജബ്ബാര്‍ (33), വെങ്ങല്ലൂര്‍ കണിപറമ്പില്‍ നിഹാല്‍ ഷെഫീഖ് (22) എന്നിവരാണ് പിടിയിലായ മറ്റുള്ളവര്‍.
തൊടുപുഴ ഇടവെട്ടി ജങ്ഷനില്‍ കനാല്‍ പാലം ഭാഗത്തുവച്ചാണ് ഇവര്‍ പിടിയിലായത്. പ്രതികള്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ, കാര്‍ എന്നിവയില്‍നിന്ന് 18.18 ഗ്രാം എം.ഡി.എം.എയും 10 ഗ്രാം ഹൈബ്രിഡ് കഞ്ചാവും പോലീസ്-ഡാന്‍സാഫ് സംഘത്തിനു ലഭിച്ചു. ഓപ്പറേഷന് തൂഫാന്റെ ഭാഗമായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ നിരീക്ഷിച്ചുവരികയായിരുന്നെന്നു ജില്ലാ പോലീസ് മേധാവി ഡോ.എ.നസീം പറഞ്ഞു. 4070 രൂപയും രണ്ടു വാഹനങ്ങളും പോലീസ് പിടികൂടിയിട്ടുണ്ട്.
ലഹരിക്കെതിരായ ഡി.വൈ.എഫ്.ഐ. ജാഥ നയിച്ചിട്ടുള്ള ടി.എസ്. ഷിയാസ് കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിലേക്കു തെക്കുംഭാഗം ഡിവിഷനില്‍നിന്ന് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. ലഹരി മാഫിയയുമായി ബന്ധമുള്ളതിന്റെ പേരില്‍ ഷിയാസിനെ നേരത്തെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതാണ്. തിരിച്ചെടുത്തശേഷമായിരുന്നു തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.
പ്രതിയായ നിഹാല്‍ 43 ഗ്രാം എം.ഡി.എം.എയുമായി മുമ്പു ലഹരിക്കേസില്‍ പിടിയിലായിട്ടുണ്ട്. ഹര്‍ഷിദിന്റെ പക്കല്‍നിന്നു കഴിഞ്ഞ പത്തിന് 0.2 ഗ്രാം എം.ഡി.എം.എ. പിടികൂടിയിരുന്നു. കൂടുതല്‍ അളവ് ലഹരിവസ്തു കൈവശമുണ്ടായിരുന്നെങ്കിലും ഇതു വാഷ്ബേസിനില്‍ ഒഴുക്കിക്കളയുകയായിരുന്നു. ഈ കേസില്‍ പ്രതിക്കു സ്റ്റേഷനില്‍നിന്നു ജാമ്യം ലഭിച്ചിരുന്നു.
പ്രതികള്‍ നല്കിയ വിവരമനുസരിച്ച് ജില്ലയ്ക്കു പുറത്തുനിന്നാണ് ലഹരിമരുന്ന് ലഭിക്കുന്നത്. ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചു. തൊടുപുഴ ഡിവൈ.എസ്.പി സജി മര്‍ക്കോസിന്റെ നിര്‍ദേശാനുസരണം സി.ഐ: സിജോ വര്‍ഗീസ്, എസ്.ഐ: തൃദീപ് കുമാര്‍, എ.എസ്.ഐ: ദിവ്യാനന്ദ്, എസ്.സി.പി.ഒ: അഖില്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
ടി.എസ്. ഷിയാസ് നിലവില്‍ ഡി.വൈ.എഫ്.ഐ. ഭാരവാഹിയല്ലെന്നും ലഹരിക്കച്ചവടത്തില്‍ ഉള്‍പ്പെട്ട ഇയാളെ സംഘടനയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നു പുറത്താക്കിയതായും ഡി.വൈ.എഫ്.ഐ. തൊടുപുഴ ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റി അറിയിച്ചു.







Comments