2018ലെ പ്രളയത്തെ തുടര്‍ന്ന് 'റൂം ഫോര്‍ റിവര്‍' എന്ന പ്രയോഗം നാം കേട്ടുവരികയാണ്. ഇവ പഠിക്കാന്‍ നെതര്‍ലാന്‍ഡ്സില്‍ സംസ്ഥാനസംഘം പോയിരുന്നു. അതേസമയം ഭൂമിശാസ്ത്രപരവും ജലശാസ്ത്രപരവും മനുഷ്യവാസപരവുമായ കാരണങ്ങള്‍ കൊണ്ട് കേരളത്തില്‍ ഈ പദ്ധതി പ്രായോഗികമല്ല. ഇതിന്റെ ഭാഗമായി പഠനം നടത്തിയവരും അത് തന്നെ പറയുന്നുണ്ട്. നെതര്‍ലാന്‍ഡ്സിലെ നദികള്‍ പരന്ന ഡൈല്റ്റകളിലൂടെയാണ് പ്രധാനമായും ഒഴുകുന്നത്. താഴ്ന്ന ഗ്രേഡിയന്റ്, വലിയ ഡൈല്‍റ്റ സിസ്റ്റം, വിശാലമായ പ്രളയതടം എന്നിവ പ്രത്യേകതകളാണ്. കേരളത്തില്‍ വൃക്ഷശാഖ പോലെയാണ് പ്രധാനനദികളുടെ വിന്യാസരീതി. ഡെല്‍റ്റ രൂപീകരണം കുറവാണ്. നല്ലൊരു ഭാഗം നദികളും ഉല്‍ഭവിക്കുന്നത്. ഉയര്‍ന്ന മലനിരകളില്‍ നിന്നാണ്.
നദിക്ക് ഇടം
കേരളത്തിലെ നദികള്‍ ഉയര്‍ന്ന മലനിരകളില്‍ നിന്നും തുടങ്ങി ഉയര്‍ന്ന ഭാഗങ്ങള്‍, വ്യത്യസ്ത ചരിവുകള്‍, മധ്യപ്രദേശങ്ങള്‍, തീരസമരതലങ്ങള് എന്നിവയിലൂടെയാണ് ഒഴുകുന്നത്. ശരാശരി നീളം 100 കിലോമീറ്ററും വീതി 50 മുതല്‍ 100 മീറ്റര്‍ വരെയുമാണ്. മലനിരകളില്‍ മഴപെയ്യുമ്പോള ഗതിവേഗം ചരിവ് എന്നിവ കാരണം കുത്തനെയുള്ള 'വി' ആകൃതിയിലുള്ള ചാലുകളിലൂടെയാണ് താഴെക്ക് പതിക്കുന്നത്. മലനാട് കഴിയുന്ന മുറയ്ക്ക് ഉയരങ്ങളില്‍ നിന്നും ചാടി വ്യത്യസ്ത ഗ്രേഡിയന്റുള്ള സ്ഥലങ്ങളിലൂടെ ഇടനാട്ടിലെത്തും വളരെ പരുക്ക ഭൂപ്രകൃതിയില്‍ നിന്നും താരതമ്യേന ചരിവ് കുറഞ്ഞ ഇടനാട്ടിലേക്ക് ഒഴുകും ചരിവ് വ്യത്യാസമുള്ളതിനാല്‍ ഉപരിതല നീരൊഴുക്ക് കൂടുതലായിരിക്കും.
ഇടനാട്ടിലെത്തുമ്പോള് നദി 'യു' ആകൃതിയില്‍ ഒഴുകാന്‍ തുടങ്ങുമ്പോള്‍ കുറച്ച് വീതി കൂടുതല്‍ കാണും. ഇടനാട് പ്രദേശങ്ങളിലെത്തുമ്പോള്‍ 'മിയാന്ഡറിക്ക്' എന്ന പ്രക്രിയയിലൂടെ നദികള്‍ വളഞ്ഞുപുളഞ്ഞ് ഒഴുകും. വളഞ്ഞൊഴുകുന്ന നദിയുടെ പുറഭാഗത്ത് മണ്ണൊലിപ്പും വളവിന്റെ അകഭാഗത്ത് ഡപ്പോസിഷനും നടക്കും. ഇടനാട്ടിലൂടെ ഒഴുകുന്ന നദീതീരങ്ങളിലാണ് നഗര, ഗ്രാമ കേന്ദ്രങ്ങള്‍ കെട്ടിടങ്ങള്‍, കൃഷി, വ്യവസായം, റോഡുകള്‍ പാലങ്ങള്‍ എന്നിവയെല്ലാം ഉള്ളത്. അവ സമ്പൂര്‍ണമായി ഒഴിവാക്കാന്‍ പ്രായോഗികമായി വളരെയേറെ വെല്ലുവിളികളുണ്ട്. നദീപഠനശാഖയായ പോട്ടമോളിപ്രകാരം ഭൂപ്രകൃതി, ഭൂമിയുടെ ചരിവ്, മണ്ണിന്റെ ഘടന, ഭൂവിനിയോഗം തുടങ്ങിയ വിവിധ ഘടകങ്ങളാണ് നദികളിലെ ജലനിരക്ക് നിര്‍ണയിക്കുന്നത്. വിതരണസ്വഭാവമുള്ള ആയിരകണക്കിന് ചെറുചാലുകളുടെ ശ്യംഖലയാണ് ഓരോ നദിയും.
നദികള്‍ തീരങ്ങളിലെത്തുമ്പോള്‍ വേഗം നന്നായി കുറയും. തീരപ്രദേശങ്ങളിലെ ജനവാസ ബാഹുല്യം കാരണം 'റൂം ഫോര്‍ റിവര്‍' പ്രായോഗികമല്ല. മഴവെള്ളം താല്കാലികമായി ഹോള്‍ഡ് ചെയ്യുന്ന തോടുകള്‍, വയലുകള്‍, നീരൊഴുക്കുകള്‍ എന്നിവ സ്വാഭാവികമായി ധാരാളമുണ്ടായിരുന്നു. കാലം കൊണ്ട് വലിയൊരു വിഭാഗം ചെറിയ നീരൊഴുക്കുകള്‍ നശിപ്പിക്കുകയോ മലിനമാക്കപ്പെടുകയോ ചെയ്തത് മറ്റൊരു പ്രധാന വിഷയമാണ്. കുറഞ്ഞ തോതിലുള്ള പ്രളയതടങ്ങളുള്ള തീരപ്രദേശങ്ങളിലേക്ക് നദികളിലെ മഴവെള്ളം താരതമ്യേന സാവധാനത്തിലാണ് ഒഴുകുന്നത്. ഇടനാട്, മലനാട് പ്രദേശങ്ങളിലെ മുഴുവന്‍ മഴവെള്ളം തീരദേശങ്ങളിലെത്തിച്ച് പ്രളയം ഒഴിവാക്കാനാവില്ല. തീരദേശത്ത് പെട്ടെന്ന് വെള്ളപ്പൊക്കമുണ്ടായേക്കാം. മാത്രമല്ല കായല്‍, കടല്‍ എന്നിവിടങ്ങളിലാണ് നദീജലം പതിക്കുന്നത്. സാവധാനത്തിലൊഴുകുന്ന നദീജലം കടലിലേക്ക് പോകാനാരംഭിക്കുമ്പോള് വേലിയേറ്റമുണ്ടായാല്‍ കഥ കാര്യമാകും. വേലിയേറ്റം കഴിഞ്ഞാല്‍ മാത്രമെ മഴവെള്ളം കടലിലേക്ക് പോകുകയുള്ളൂ. ചെരിഞ്ഞ ഭൂമിയിലെയും സമതലങ്ങളിലെയും തീരദേശത്തെയും ഭൂപ്രകൃതി സംരക്ഷണം വലിയ പ്രയാസമാണ്. മലനാട്ടില്‍ റൂം ഫോര്‍ റിവര്‍ പറ്റില്ല. ഇടനാട്ടിലെ പ്രശ്നങ്ങള്‍ കൂടുതലും മനുഷ്യരുടെ കാര്യങ്ങളുമായി ബന്ധപ്പെട്ടതാണ്. മലനാട്ടിലെയും ഇടനാട്ടിലെയും മുഴുവന്‍ ജലവും തീരപ്രദേശങ്ങളിലെത്തിച്ച് റൂം ഫോര്‍ റിവര്‍ എന്ന പരിപാടി നടപ്പിലാക്കുന്നത് വലിയ പ്രതിസന്ധിയുണ്ടാകുന്നതാണ്. മനുഷ്യവാസം, കൃഷി, കെട്ടിടങ്ങള്‍, റോഡുകള്‍ പാലങ്ങള്‍ എന്നിവയെല്ലാം കൊണ്ട് തീരങ്ങളിലും പ്രശ്നങ്ങള്‍ നിരവധിയാണ്.
പശ്ചിമഘട്ടം കേവലം മലനിരകള്‍ മാത്രമല്ല. ജൈവവൈവിധ്യത്തിന്റെ കലവറ കൂടിയാണ്. വിവിധ ഭൂപടങ്ങളിലൂടെ ഒഴുകുന്ന നദികള്‍ ഓരോന്നും വ്യത്യസ്ത സ്വഭാവമുള്ളവയാണ്. നെതര്‍ലാന്‍ഡ്സിലെ പോലെ കേരളത്തില്‍ നദികള്‍ പരന്നൊഴുകുന്നത് കുറവാണ്. അധിക സമ്മര്‍ദം ഉണ്ടായപ്പോഴെല്ലാം പുതിയ പുഴകള്‍ വരെയുണ്ടായി നെതര്‍ലാന്‍ഡ്സിലെ പ്രധാന നദികളായ മീസ്, റൈന്‍ എന്നിവയെല്ലാം വിശാലമായ ഡെല്റ്റപ്രദേശമായ വെള്ളപ്പൊക്ക സമതലങ്ങളിലൂടെയാണ് ഒഴുകുന്നത്. മിക്കവാറും എല്ലാ നദികളും തമ്മില്‍ പരസ്പര ബന്ധിതവുമാണ്.
എന്തുകൊണ്ട് പ്രളയം
മലനിരകളിലെ സ്വാഭാവിക വനം നശിപ്പിച്ചപ്പോള്‍ പെയ്തു വീഴുന്ന മഴവെള്ളം കുത്തനെ താഴേക്ക് പോകും ബഹുതല, ബഹുനില വൃക്ഷ ആവാസവ്യവസ്ഥയില്‍ കാട്ടില്‍ പെയ്യുന്ന മഴവെള്ളം പരമാവധി വനആവാസവ്യവസ്ഥ ഉള്‍ക്കൊള്ളുമായിരുന്നു ബഹുവിളകളുടെ അസാന്നിധ്യവും പ്രധാന ഘടകമാണ്. സംസ്ഥാനത്തെ 17 നദികളില്‍ സാന്‍ഡ് ഓഡിറ്റ് നടത്തി 27 ലക്ഷം ടണ്‍ മണലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. നദകളിലും ജലാശയങ്ങളിലും സില്‍റ്റും മാലിന്യങ്ങളുമുണ്ട്. ഇവ സ്വാഭാവിക നീരൊഴുക്കിനെ നിയന്ത്രിക്കുന്നു. ഓരോ നദീതടങ്ങളിലെയും പ്രളയതടം പരമാവധി ജനവാസ മേഖലകളായി മാറികഴിഞ്ഞു. നദികളുടെ ഉപതോടുകള്‍, പോഷകനദികള്‍ എന്നിവയില്‍ ധാരാളം മാലിന്യങ്ങള്‍ ഉള്ളതുകൊണ്ട് സ്വാഭാവിക നീരൊഴിക്ക് തടസപ്പെട്ടു. മേഘവിസ്ഫോടനം പോലുള്ള ശക്തമായ മഴയാണ് കുറഞ്ഞ സ്ഥലങ്ങളില്‍ ചെറിയ സമയം കൊണ്ട് എത്തുന്നത്. സ്വാഭാവികമായി മണ്ണൊലിപ്പും വെള്ളപ്പൊക്കവും ഉണ്ടാകും. വിവിധ മാര്‍ഗങ്ങളിലൂടെ നദീജലം ഒഴുക്കി കളഞ്ഞാല്‍ വരള്‍ച്ച രൂക്ഷമാവും.
ഇനി വേണ്ടത് സമഗ്ര നദീജല പദ്ധതി
ഓരോ നദിയും ആയിരകണക്കിന് ഒന്നാം നിര ചാലുകളില്‍ നിന്നും തുടങ്ങി വിവിധ ഓര്‍ഡറുകളുള്ള പുഴകളായി ഒഴുകി സംഗമിച്ചാണ് രൂപപ്പെടുന്നത്. നദിയുടെ വൃഷ്ടിപ്രദേശത്തെ നീര്‍തടം അഥവാ നദീതടമെന്ന് പറയുന്നു. ഓരോ ചെക്കുചാലുകള്, ചുറ്റിലും ആ ചാലുകളിലേക്ക് മഴവെള്ളം നല്കുന്ന ഭൂപ്രദേശങ്ങള്‍ കാണും. ഇവയെ സൂക്ഷ്മ, ഉപലഘു നീര്‍തടങ്ങള്‍ എന്ന് കണക്കാക്കപ്പെടുന്നു. പശ്ചിമഘട്ടമലനിരകളിലെ ഉല്ഭവസ്ഥാനം മുതല്‍ ഓരോ ഘട്ടത്തിലും സ്ഥല, ജല, ജൈവ പരിപാലനമാവശ്യമാണ്. ഓരോ സൂക്ഷ്മ നീര്തടത്തിനും പ്ലാനുകള്‍ ആവശ്യമാണ്. മലനിരകള്‍ മുതല്‍ കടല്‍ തീരം വരെ നീളുന്ന ഓരോ നദിയും ഒരു യൂണിറ്റായി കണക്കാക്കണം. തുടര്‍ന്ന് നീര്‍തടങ്ങളുടെ അടിസ്ഥാനത്തിലുള്ള വൃഷ്ടിപ്രദേശങ്ങളും കണ്ടെത്തി ലാന്‍ഡ് ട്രീറ്റ്മെന്റ് നടക്കണം. വെള്ളം ഒഴുക്കികളയലല്ല വേത്. വേനലുകളില്‍ കരുതാന്‍ മണ്ണിടങ്ങളില്‍ വ്യാപകമായ മഴവെള്ള സംരക്ഷണം ആവശ്യമാണ് അതിലൂടെ നദികളിലേക്കുള്ള തീവ്രമായ ഒഴുക്ക് നിയന്ത്രിക്കാനാവും. വേനലിലെ ജലക്ഷാമവും മാറുന്നതാണ്.
ഓരോ പ്രദേശത്തെയും ചരിവ്, ഭൂപ്രകൃതി എന്നിവ സമഗ്രമായി വിലയിരുത്തണം. ലഭിക്കുവാന്‍ സാധ്യതയുള്ള മഴക്കണക്കും വേണം ഓരോ തുണ്ട് ഭൂമിയിലും തല്‍സ്ഥല ജലപരിപാലനം അഥവാ നടക്കണം. വീഴുന്നിടത്ത് താഴട്ടെ എന്ന തത്വമാണ് സ്വീകരിക്കേണ്ടത്. അങ്ങനെ നദീതടങ്ങളും നീര്‍തടങ്ങളും പരിപാലിച്ചാല്‍ നദികളിലെ വെള്ളത്തിന്റെ കുത്തൊഴുക്ക് നിയന്ത്രിക്കാനും പ്രളയം കുറക്കാനും ഭൂജലവര്ദ്ധനയുണ്ടാകാനും സാധ്യതയേറെയാണ്. കേരളം തനതായ ഒരു ഭൂപ്രദേശമാണ്. പ്രകൃതിയുടെ സ്വാഭാവിക നീരൊഴുക്ക് ഇടങ്ങള്‍ മനസിലാക്കാന്‍ ഡ്രയ്നേജ് വെള്ളം, പ്രളയതടം എന്നിവയുടെ ഭൂപടങ്ങളാവശ്യമാണ്. നദികളുടെ വൃഷ്ടിപ്രദേശങ്ങള്‍ പരിപാലിച്ചാല്തന്നെ വെള്ളപ്പൊക്കം നിയന്ത്രിക്കാനാവും അധിക ജലം തോടുകളിലും നദികളിലും എത്തുമ്പോള്‍ അവയ്ക്ക് സമഗ്രമായി ഒഴുകാനുള്ള സാഹചര്യമുാക്കണം. അതിന്റെ ഭാഗമായി ഓരോ നദിയേയും പ്രത്യേകം കണക്കാക്കി പഠനവിധേയമാക്കണം. മണല്‍, എക്കല്‍, മാലിന്യം എന്നിവ എത്രമാത്രം എടുക്കാമെന്നും ശാസ്ത്രീയമായി വിലയിരുത്തണം. സമഗ്രവും സംയോജിതവുമായേ ഓരോ പ്രദേശവും പരിപാലിക്കാന്‍ കഴിയുകയുള്ളൂ. കൃത്രിമ റൂം ഫോര്‍ റിവറിന് ഒന്നും ചെയ്യാനില്ല. ജലസ്രോതസുകള്‍ സംരക്ഷിക്കപ്പെടുന്നതിന് വിപുലമായ പദ്ധതികള്‍ ആവശ്യമാണ്. അതിലൂടെ പ്രളയവും വരള്‍ച്ചയും പ്രതിരോധിക്കാനാവും എന്നതാണ് ശാസ്ത്രീയമായ അറിവ്. മണ്ണ്, ജലം, ജൈവ സംരക്ഷണവും മാലിന്യസംസ്കരണവും ശരിയായി നടത്തിയാല്‍ പ്രളയമുള്‍പ്പെടെ നിയന്ത്രിക്കാനാവും സംസ്ഥാനത്താകെ ഒറ്റമൂലി പ്രയോഗം നടക്കില്ല. സമഗ്രമായ പ്ലാനും കര്‍മപരിപാടികളും അത്യാവശ്യമാണ്.
ഡോ: വി. സുഭാഷ്ചന്ദ്രബോസ്





Comments