
ആംസ്റ്റല്‍വീന്‍: ഹോക്കി ലോകകപ്പില്‍ പാകിസ്താനെ തകര്‍ത്ത് ഇന്ത്യ രണ്ടാം റൗണ്ടില്‍. പൂള് ഡിയിലെ അവസാന മത്സരത്തിനിറങ്ങിയ ഇന്ത്യ 5-3നാണ് പാകിസ്താനെ തോല്‍പ്പിച്ചത്. ഇതോടെ പൂള് ഡിയില്‍നിന്ന് ഇംഗ്ലണ്ടും ഇന്ത്യയും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. പാകിസ്താനും വെയ്ല്‍സും പുറത്തായി.
ഹര്‍മന്‍പ്രീത് സിങ്ങും അഭിഷേകും ഇന്ത്യക്കായി ഇരട്ട ഗോള്‍ നേടി. ഹാര്‍ദിക് സിങ്ങും ലക്ഷ്യംകണ്ടു. മറുവശത്ത് പാകിസ്താന്റെ ഹനാന് ഷാഹിദ് രണ്ടുതവണ ലക്ഷ്യംകണ്ടു. സൂഫിയന്‍ ഖാന്റെ വകയായിരുന്നു ഒരു ഗോള്‍.
കളി തുടങ്ങി അഞ്ചാം മിനിറ്റില്‍ത്തന്നെ പെനാല്‍റ്റി കോര്‍ണറില്‍നിന്ന് ഹര്‍മന്‍പ്രീത് ഇന്ത്യയെ മുന്നിലെത്തിച്ചു. ആറു മിനിറ്റിനുശേഷം അഭിഷേക് ലീഡ് രണ്ടാക്കി. അടുത്തതും ഹര്‍മന്‍പ്രീതിന്റെ ഊഴമായിരുന്നു. 21-ാം മിനിറ്റില്‍ കോര്‍ണറില്‍നിന്ന് ലക്ഷ്യംകണ്ടതോടെ ഇന്ത്യ 3-0 ന് മുന്നിലെത്തി. എന്നാല്‍, തൊട്ടടുത്ത മിനിറ്റില്‍ ഹനാന് ഷാഹിദിലൂടെ പാകിസ്കാന് തിരിച്ചടിച്ചു. സ്കോര്‍ 3-1. രണ്ട് മിനിറ്റിനുശേഷം അഭിഷേക് വീണ്ടും ലക്ഷ്യംകണ്ടതോടെ ഇന്ത്യ 4-1ന്റെ ലീഡെടുത്തു.
അതേമിനിറ്റില്‍ പെനാല്‍റ്റി കോര്‍ണറില്‍നിന്ന് സൂഫിയന്‍ ഖാന് തിരിച്ചടിച്ചു. സ്കോര്‍ 4-2. 34-ാം മിനിറ്റില്‍ ഹാര്‍ദിക് സിങ്ങിലൂടെ ഇന്ത്യ ലീഡുയര്‍ത്തി. സ്കോര്‍ 5-2 ആയി. 46-ാം മിനിറ്റിലായിരുന്നു പാകിസ്താന്റെ മൂന്നാം ഗോള്‍. ഹനാന് ഷാഹിദിന്റെ രണ്ടാം ഗോള്‍.പൂള് ഡിയിലെ ആദ്യ മത്സരത്തില്‍ വെയ്ല്‍സിനെ 3-1ന് തോല്പ്പിച്ചിരുന്ന ഇന്ത്യ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിനോട് 4-2ന് തോറ്റിരുന്നു. അതേസമയം, പാകിസ്താന് ഇംഗ്ലണ്ടിനോട് 4-1ന് തോറ്റപ്പോള്‍ വെയ്ല്‍സുമായി 3-3ന് സമനിലയില്‍ പിരിഞ്ഞു. പൂള് ഡിയില്‍നിന്ന് മൂന്ന് മത്സരങ്ങളും വിജയിച്ച് ഒമ്പത് പോയിന്റുമായി ഇംഗ്ലണ്ട് നേരത്തെതന്നെ രണ്ടാം റൗണ്ടിലെത്തിയിരുന്നു. ആറ് പോയിന്റുമായാണ് ഇന്ത്യയുടെ കുതിപ്പ്. പാകിസ്താന് ഒരൊറ്റ പോയിന്റില്‍ ഒതുങ്ങി.







Comments