
ന്യൂഡല്‍ഹി: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ മുന്നോട്ട്. വനിതാ സിംഗിള്‍സില്‍ പി.വി സിന്ധു, പുരുഷ സിംഗിള്‍സില്‍ ആയുഷ് ഷെട്ടി, പുരുഷ ഡബിള്‍സില്‍ സാത്വിക് റെഡ്ഡി-ചിരാഗ് ഷെട്ടി എന്നിവര്‍ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. അതേസമയം ലക്ഷ്യാ സെന്‍ പുരുഷന് സിംഗിള്‍സ് രണ്ടാം റൗണ്ടില്‍ പുറത്തായി.
ശ്രീലങ്കയുടെ അഭയ്വിക്രമെയ്ക്കെതിരേ അനായാസമായിരുന്നു ആയുഷിന്റെ വിജയം. രണ്ട് ഗെയിമുകള്‍ക്കുള്ളില്‍ മത്സരം തീര്‍ന്നു. ആദ്യ ഗെയിം 21-8ന് സ്വന്തമാക്കിയ 21-കാരന് രണ്ടാം ഗെയിം 21-10നും നേടി. അതേസമയം റാങ്കിങ്ങില്‍ തന്നേക്കാള്‍ പിന്നിലുള്ള അമേരിക്കയുടെ ഗാരെറ്റ് ടാനിനോടാണ് ലക്ഷ്യ തോറ്റത്. ആദ്യ ഗെയിം 21-19ന് ലക്ഷ്യ നേടിയെങ്കിലും രണ്ടും മൂന്നും ഗെയിമുകളില്‍ തിരിച്ചുവന്ന് അമേരിക്കന്‍ താരം പ്രീ ക്വാര്‍ട്ടറിലെത്തുകയായിരുന്നു.
വനിതാ സിംഗിള്‍സില്‍ കാനഡയുടെ വെന്‍ യു സാങ്ങിനെ തോല്‍പ്പിച്ചാണ് സിന്ധു മുന്നേറിയത്. 11-ാം റാങ്കുകാരിയായ സിന്ധുവിന് കനേഡിയന്‍ താരം ഒരു ഘട്ടത്തിലും വെല്ലുവിളിയായില്ല. സ്കോര്‍: 21-16, 21-17. പുരുഷ ഡബിള്‍സില്‍ സ്കോട്ട്ലന്‍ഡ് ജോഡി പരുക്കിനെ തുടര്‍ന്ന് പിന്മാറിയതോടെ ഇന്ത്യയുടെ ചിരാഗ് ഷെട്ടി-സാത്വിക് റെഡ്ഡി സഖ്യം പ്രീ ക്വാര്‍ട്ടറിലെത്തുകയായിരുന്നു. നേരത്തെ വനിതാ ഡബിള്‍സില്‍ ട്രീസാ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യവും പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരുന്നു.







Comments