
തിരുവനന്തപുരം: മലയാളികളുടെ പ്രിയപ്പെട്ട ഓണക്കാലത്തിന് ഇരട്ടി മധുരം പകരാന്‍ തലസ്ഥാനത്ത് ഇനി ക്രിക്കറ്റ് പൂരം. സെപ്റ്റംബര്‍ അഞ്ച് വരെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന കേരള ക്രിക്കറ്റ് ലീഗ് സീസണ് മൂന്നിന് ഇന്ന് തുടക്കമാകും. ഓണാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ ക്രിക്കറ്റ് ആരാധകര്‍ക്കായി ഒരുക്കുന്ന ഈ 'ക്രിക്കറ്റ് ഓണം' ഗ്രീന്‍ഫീല്‍ഡിനെ അക്ഷരാര്‍ഥത്തില്‍ ആവേശക്കടലാക്കി മാറ്റും.ഉച്ചയ്ക്ക് 2.30 ന് ആരംഭിക്കുന്ന ആദ്യ മത്സരത്തില്‍ കരുത്തരായകാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സും തൃശൂര്‍ ടൈറ്റന്‍സും തമ്മില്‍ ഏറ്റുമുട്ടും. ആദ്യ മത്സരത്തിനു ശേഷം വൈകുന്നേരം ആറ് മണിക്കാണ് വര്‍ണ്ണാഭമായ ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുന്നത്. കാണികള്‍ക്ക് ദൃശ്യവിരുന്നൊരുക്കുന്ന മികച്ച വിനോദ പരിപാടികളും കലാപ്രകടനങ്ങളും ഉദ്ഘാടനത്തിന്റെ ഭാഗമായി സ്റ്റേഡിയത്തില്‍ അരങ്ങേറും. രാത്രി 7.30 ന് രണ്ടാം മത്സരം ആരംഭിക്കും. നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലു ടൈഗേഴ്സും ഏരീസ് കൊല്ലം സെയ്ലേഴ്സും തമ്മിലാണ് പോരാട്ടം.ഇത്തവണത്തെ കിരീടത്തിനായി കൊച്ചി ബ്ലു ടൈഗേഴ്സ്, ഏരീസ് കൊല്ലം സെയ്ലേഴ്സ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്, തൃശൂര്‍ ടൈറ്റന്‍സ്, ട്രിവാന്‍ഡ്രം റോയല്‍സ്, ആലപ്പി റിപ്പിള്‍സ് എന്നീ ആറ് ടീമുകളാണ് കളത്തിലിറങ്ങുന്നത്.മത്സരങ്ങളുടെ ആവേശത്തിനൊപ്പം കാണികള്‍ക്ക് ഉത്സവപ്രതീതി സമ്മാനിക്കുന്നതിനായി ഇന്നു മുതല്‍ സ്റ്റേഡിയത്തില്‍ ഫാന്‍ വില്ലേജും ആരംഭിക്കും. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്റെ അഞ്ചാം ഗേറ്റിന് സമീപം ഒരുക്കിയിരിക്കുന്ന ഫാന്‍ വില്ലേജിലേക്ക് കാണികള്‍ക്ക് പ്രവേശനം സൗജന്യമാണ്. സെപ്റ്റംബര്‍ അഞ്ച് വരെ പ്രവര്‍ത്തിക്കുന്ന ഫാന്‍ വില്ലേജില്‍ കുടുംബസമേതം ആസ്വദിക്കാന്‍ കഴിയുന്ന വലിയൊരു ആഘോഷവിരുന്നാണ് ഒരുക്കിയിരിക്കുന്നത്.360 ഡിഗ്രി ഫോട്ടോബൂത്ത്, ഡിജിറ്റല്‍ കാരിക്കേച്ചര്‍ കൗണ്ടറുകള്‍ എന്നിവയ്ക്ക് പുറമെ ആംഗ്രി ബേര്‍ഡ് ഗെയിം, പബ് ജി, ഫീഡ് ദ് ക്ലൗണ്‍, സിഗ് സാഗ് സൂപ്പ് തുടങ്ങിയ കാര്‍ണിവല്‍ ഗെയിമുകളും ബാറ്റണ്‍ ക്യാച്ചര്‍, ഭീമന് കണക്റ്റ്4 തുടങ്ങിയ വിനോദങ്ങളും ഇവിടെയുണ്ട്. ഔദ്യോഗിക ടീം മെര്‍ച്ചന്‍ഡൈസ് സ്റ്റാളുകളും വിപുലമായ ഭക്ഷണശാലകളും വര്‍ണ്ണാഭമായ ദീപാലങ്കാരങ്ങളും ഫാന്‍ വില്ലേജിന് മാറ്റുകൂട്ടും.
ആത്മവിശ്വാസത്തോടെ ക്യാപ്റ്റന്മാര്
തിരുവനന്തപുരം: കേരളത്തിലെ ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിന് ഇന്ന് തുടക്കമാകും. അവസാനഘട്ട പരിശീലനവും പൂര്‍ത്തിയാക്കി ഗ്രൗണ്ടിലിറങ്ങാന്‍ എല്ലാ ടീമുകളും സജ്ജരായി. കിരീടം നേടാനുള്ള ആത്മവിശ്വാസവും തയാറെടുപ്പുകളും ആറ്
ടീമുകളുടെയും ക്യാപ്റ്റന്മാര് പത്രസമ്മേളനത്തില്‍ പങ്കുവച്ചു.പുതിയൊരു ടീമിനെ നയിക്കുക എന്നത് വലിയ വെല്ലുവിളിയാണെങ്കിലും മികച്ച താരനിരയോടെ ഇത്തവണ കിരീടം നേടാന്‍ കഴിയുമെന്ന വിശ്വാസമുണ്ടെന്ന് ആലപ്പി റിപ്പിള്‍സ് ക്യാപ്റ്റന്‍ സച്ചിന് ബേബി പറഞ്ഞു. കഴിഞ്ഞ രണ്ട് സീസണുകളിലും സെമിഫൈനലില്‍ കാലിടറിയെങ്കിലും, സന്തുലിതമായ ടീമും മികച്ച പരിശീലനവും നല്കുന്നആത്മവിശ്വാസത്തില് ഇത്തവണ കപ്പടിക്കുക മാത്രമാണ് ലക്ഷ്യമെന്ന് തൃശ്ശൂര്‍ ടൈറ്റന്‍സ് ക്യാപ്റ്റന്‍ അഖില്‍ എം.എസ് വ്യക്തമാക്കി. ഒരു മാസമായി മികച്ച പരിശീലനമാണ് നടത്തിയതെന്നും, യുവതാരങ്ങള്‍ അണിനിരക്കുന്ന ടീമിന്റെ ഊര്‍ജ്ജം ഇത്തവണ കിരീടം നേടാന്‍ സഹായിക്കുമെന്നും കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സ് ക്യാപ്റ്റന്‍ രോഹന് കുന്നുമ്മല്‍ പറഞ്ഞു.
പരിചയസമ്പന്നരായ താരങ്ങളും യുവതാരങ്ങളും ഉള്‍പ്പെടുന്ന മികച്ചൊരു മിശ്രിതമാണ്
ടീമിലുള്ളതെന്നും മുന്‍ സീസണുകളില്‍ നിന്നും ഉള്‍ക്കൊണ്ട പാഠങ്ങള്‍ ഇത്തവണ ഗുണം ചെയ്യുമെന്നും ട്രിവാന്‍ഡ്രം റോയല്‍സ് ക്യാപ്റ്റന്‍ കൃഷ്ണപ്രസാദ് വ്യക്തമാക്കി. കഴിഞ്ഞ സീസണുകളില്‍ ഫൈനല്‍ വരെ എത്താനും കിരീടം നേടാനും കഴിഞ്ഞതിന്റെ മികവ് ഇത്തവണയും ആവര്‍ത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് ഏരീസ് കൊല്ലം സെയേ്ലഴ്സ് നായകന്വത്സല് ഗോവിന്ദ് പ്രതികരിച്ചു. എല്ലാ മേഖലകളിലും മികച്ച സന്തുലിതാവസ്ഥയുള്ള ടീമായതിനാല്‍ ആദ്യ മത്സരം മുതല്‍ തന്നെ മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്ന് കൊച്ചി ബ്ലു ടൈഗേഴ്സ് ക്യാപ്റ്റന്‍ സലി സാംസണ് പറഞ്ഞു.20 മുതല്‍ സെപ്റ്റംബര്‍ അഞ്ച് വരെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് കെ.സി.എല്‍. മത്സരങ്ങള്‍ അരങ്ങേറുക. ആദ്യ മത്സരം ഉച്ചയ്ക്ക് 2.30 ന് ആരംഭിക്കും. കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സും തൃശൂര്‍ ടൈറ്റന്‍സും തമ്മിലാണ് പോരാട്ടം. രാത്രി 7.30ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലു ടൈഗേഴ്സിന് ഏരീസ് കൊല്ലം സെയ്ലേഴ്സാണ് എതിരാളികള്‍.
കളികാണാന്‍ ഗെയില്‍ എത്തും
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലു ടൈഗേഴ്സിന്റെ ആവേശപ്പോരാട്ടം നേരിട്ട് കാണാന്‍ ടീം സഹഉടമയും ക്രിക്കറ്റ് ഇതിഹാസവുമായ 'യൂണിവേഴ്സല്‍ ബോസ് ' ക്രിസ് ഗെയ്ല് 29-ന് കേരളത്തിലെത്തും. നിലവിലെചാമ്പ്യന്മാരായ കൊച്ചിയുടെ മത്സരം ഗാലറിയിലിരുന്ന് കാണാന്‍ സാക്ഷാല്‍ ഗെയില്‍ നേരിട്ടെത്തുന്നത്.29-ന് ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ തൃശൂര്‍ ടൈറ്റന്‍സിനെതിരേയാണ് കൊച്ചി ബ്ലു ടൈഗേഴ്സിന്റെ മത്സരം.
ജി. അരുണ്‍







Comments