
ഹൈദരാബാദ്: തെലങ്കാനയിലെ നല്‍ഗൊണ്ടയില്‍ സ്കൂള്‍ പ്രിന്‍സിപ്പലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായത് പത്താം വിദ്യാര്‍ഥികളായ രണ്ടു പേര്. പണത്തിനും ആഡംബര ജീവിതത്തിനും വേണ്ടിയാണ് തങ്ങള്‍ പ്രിന്‍സിപ്പലിനെ കൊലപ്പെടുത്തിയതെന്ന് വിദ്യാര്‍ഥികള്‍ മൊഴിനല്‍കി. കൊണ്ടമല്ലേപ്പള്ളിയിലെ നാഗാര്‍ജുന പബ്ലിക് സ്കൂളിന്റെ പ്രിന്‍സിപ്പലും ഡയറക്ടറുമായ കല്ലു രൂപ റെഡ്ഡി(48)യെയാണ് ഓഗസ്റ്റ് 12 ന് വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തില്‍ 27 കുത്തുകളുണ്ടായിരുന്നു.
ഭര്‍ത്താവ് ഫോണ്‍ ചെയ്തപ്പോള്‍ എടുക്കാതിരുന്നതിനെ തുടര്‍ന്ന് അയല്‍ക്കാരെ വിവരം അറിയിച്ചതോടെയാണ് കൊലപാതകം പുറത്തറിഞ്ഞത്. അയല്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയായിരുന്നു. സിസി ടിവി ദൃശ്യങ്ങള്‍, വിരലടയാളങ്ങള്‍, ഫോണ്‍കോളുകള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. മരിക്കുന്നതിനു മുന്‍പ് രൂപ ഭര്‍തൃമാതാവിനെ ഫോണ്‍ ചെയ്തിരുന്നു. സംഭാഷണത്തിനിടെ 'ബാബു' എന്ന വാക്ക് പറഞ്ഞിരുന്നതായി പോലീസിനു വിവരം ലഭിച്ചു. ഇതു കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണം സ്കൂള്‍ വിദ്യാര്‍ഥികളില്‍ എത്തുകയായിരുന്നു.
സംഭവദിവസം സ്കൂളില്‍ വരാതിരുന്ന 5 വിദ്യാര്‍ഥികളിലേക്ക് അന്വേഷണം ചുരുങ്ങി. അതില്‍ രണ്ടു പേര് കുറച്ച് ദിവസങ്ങളായി ധാരാളം പണം ചെലവഴിക്കുന്നതും പോലീസ് കണ്ടെത്തി. തുടര്‍ന്ന് രണ്ട് വിദ്യാര്‍ഥികളെയും ബുധനാഴ്ച രാവിലെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്.
മുന്‍പ് സ്കൂളിലെ ഹോസ്റ്റലില്‍ മോഷണം നടത്തിയതിനു പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥികളെ ശിക്ഷിച്ചിരുന്നു. ഇതിന്റെ വൈരാഗ്യം ഇവര്‍ക്ക് പ്രിന്സിപ്പലിനോടുണ്ടായിരുന്നു. എന്നാല്‍, പ്രിന്‍സിപ്പലിനെ കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചില്ലെന്നും മോഷണമാണ് തങ്ങള്‍ ലക്ഷ്യമിട്ടതെന്നും വിദ്യാര്‍ഥികള്‍ മൊഴി നല്കി.
2.50 ലക്ഷം രൂപ വിദ്യാര്‍ഥികള്‍ വീട്ടില്‍നിന്നും കവര്‍ന്നിരുന്നു. കവര്‍ച്ച സംഘത്തിലെ ഒരാളെ പ്രിന്‍സിപ്പല്‍ തിരിച്ചറിഞ്ഞതോടെ പിടിക്കപ്പെടാതിരിക്കാന്‍ കൊലപ്പെടുത്തുകയായിരുന്നു. ഇതിനു ശേഷം മോഷ്ടിച്ച തുകയുമായി ഗോവയില്‍ പോവുകയും ഐഫോണ്‍ വാങ്ങുകയും ചെയ്തു. 1.54 ലക്ഷം രൂപ പ്രതികളില്‍നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്.







Comments