
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിലെ ആദ്യ മത്സരത്തില്‍ തൃശൂര്‍ ടൈറ്റന്‍സിന് ജയം. കാലിക്കറ്റ് ഗ്ലോബ് സ്റ്റാഴ്സിനെ ഏഴ് വിക്കറ്റിനാണ് ടൈറ്റന്‍സ് തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത തൃശൂര്‍ ടൈറ്റന്‍സ് 19 പന്തുകള്‍ ബാക്കിനില്‍ക്കേ ലക്ഷ്യത്തിലെത്തി.
48 പന്തില്‍ മൂന്ന് സിക്സറും അഞ്ച് ഫോറുമടക്കം 59 റണ്ണെടുത്തു പുറത്താകാതെനിന്ന നിഖില്‍ തോട്ടത്താണു ടീമിന്റെ ജയം അനായാസമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് ഗ്ലോബ് സ്റ്റാഴ്സിന് ഇന്നിങ്സിലെ രണ്ടാം പന്തില്‍ തന്നെ വരുണ്‍ നായനാരുടെ വിക്കറ്റ് നഷ്ടമായി. ആനന്ദ് ജോസഫിന്റെ പന്തില്‍ നിഖില്‍ തോട്ടത്ത് ക്യാച്ചെടുത്താണ് വരുണ്‍ മടങ്ങിയത്. രണ്ടാം വിക്കറ്റില്‍ രോഹന് കുന്നുമ്മലും കെ. എസ്. അരവിന്ദും ചേര്‍ന്ന് 55 റണ്‍ കൂട്ടിച്ചേര്‍ത്തു. തുടര്‍ന്നുള്ള ഓവറുകളില്‍ ഇരുവരെയും പുറത്താക്കി ബിജു നാരായണന് കാലിക്കറ്റിന്റെ കുതിപ്പിന് തടയിട്ടു. രോഹന് കുന്നുമ്മല്‍ 30 റണ്ണും അരവിന്ദ് 26 റണ്ണുമെടുത്തു. തുടര്‍ന്നെത്തിയ അഖില്‍ സ്കറിയയും (ഒന്‍പത്) അശ്വിന് ആനന്ദും (രണ്ട്) കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. സല്മാന് നിസാര്‍ തുടരെ രണ്ട് ഫോറുകളുമായി മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും 13 റണ്ണുമായി പുറത്തായി. ഏഴാമനായ കൃഷ്ണദേവന്റെ ഇന്നിങ്സാണ് കാലിക്കറ്റിന്റെ സ്കോര്‍ 137 ലെത്തിച്ചത്. 15 പന്തുകളില്‍ രണ്ട് സിക്സറും മൂന്ന് ഫോറുമടക്കം 27 റണ്ണെടുക്കാന്‍ കൃഷ്ണദേവിനായി. അബ്ദുള്‍ ബാസിത് 18 റണ്ണെടുത്തു. തൃശൂരിനു വേണ്ടി ആനന്ദ് ജോസഫും ബിജു നാരായണനും രണ്ട് വിക്കറ്റ് വീതമെടുത്തു. തൃശൂര്‍ ടൈറ്റന്‍സിന് ഓപ്പണര്‍മാരെ തുടക്കത്തില്‍ തന്നെ നഷ്ടമായി. കെ.ആര്. രോഹിതിനെയും (മൂന്ന്) അഹ്മദ് ഇമ്രാനെയും (10) അഖിന് സത്താറാണ് പുറത്താക്കിയത്. മധ്യനിരയില്‍ ഒത്തുചേര്‍ന്ന ഷോണ്‍ റോജറുടെയും നിഖില്‍ തോട്ടത്തിലിന്റെയും ഇന്നിങ്സുകള്‍ തൃശൂരിന് കരുത്തായി. ഇരുവരും ചേര്‍ന്ന് 42 റണ്‍ കൂട്ടിച്ചേര്‍ത്തു. ഷോണ്‍ റോജര്‍ 30 റണ്ണെടുത്ത് പുറത്തായെങ്കിലും മറുവശത്ത് ഉറച്ചുനിന്ന നിഖില്‍ മികച്ച ഇന്നിങ്സുമായി ടീമിനെ ജയത്തിലെത്തിച്ചു. നായകന് എം.എസ്. അഖില്‍ 27 റണ്ണുമായി നിഖിലിന് പിന്തുണയേകി.
ജി. അരുണ്‍







Comments