
ആംസെ്റ്റല്വീന് (നെതര്‍ലന്‍ഡ്്സ്): ഇംഗ്ലണ്ടിനെ ഗോള്‍രഹിത സമനിലയില്‍ പിടിച്ച് ഇന്ത്യന്‍ വനിതകള്‍ ഹോക്കി ലോകകപ്പിന്റെ രണ്ടാം റൗണ്ടിലെത്തി. പൂള് ഡിയിലെ അവസാന മത്സരം ഗോള്‍രഹിത സമനിലയായി.
മത്സരത്തില്‍ ഇരുടീമുകള്‍ക്കും ഗോളടിക്കാനുള്ള പഴുതുണ്ടാക്കാനായില്ല. ആക്രമിച്ചു കളിച്ച ഇന്ത്യക്ക് ഒന്നാംപാദത്തില്‍ മൂന്ന് പെനാല്‍റ്റി കോര്‍ണറുകള്‍ ലഭിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. ഇഷികയ്ക്കും സലീമ ടിറ്റെയ്ക്കും ലഭിച്ച ഗോളവസരങ്ങളം പാഴായി. കളി മൂന്നാം പാദത്തിലെത്തിയപ്പോള്‍ ഇംഗ്ലണ്ട് തിരിച്ചടിക്കാന്‍ തുടങ്ങി. ഇന്ത്യയുടെ പ്രതിരോധത്തിന് മുന്നില്‍ ശ്രമങ്ങളൊന്നും ഗോളായില്ല.
അവസാന മിനിറ്റില്‍ ടെസ ഹോവാഡിന്റെ ഷോട്ട് ഗോളുറപ്പിച്ചതായിരുന്നു. ഗോള്‍ കീപ്പര്‍ ബിചു ദേവി ഇടത്തേക്കു ഡൈവ് ചെയ്ത പന്ത് തട്ടിയകറ്റി. സവിതാ ദേവിക്കു പകരമാണു ബിചു ദേവി കളത്തിലെത്തിയത്. സവിതയും ഒന്നാം പകുതിയില്‍ മികച്ച പ്രകടനം പുറത്തെടുത്തു. ഇംഗ്ലണ്ട് അവസാന 15 മിനിറ്റുകളില്‍ ഗോള്‍ കീപ്പറിനെ പിന്‍വലിച്ച് ഔട്ട് ഫീല്‍ഡറെ കളിപ്പിച്ചു. ഡാര്‍സി ബൗണിയും അനാ ടോമനും എട്ടു തവണയാണ് ഇന്ത്യന്‍ ഗോള്‍ മുഖത്തേക്കു ഷോട്ടെടുത്തത്. നായിക സാലിമ ടെറ്റെയുടെ നേതൃത്വത്തിലുള്ള പ്രതിരോധത്തിന്റെ മികച്ച പ്രകടനം ഗോളുകള്‍ വീഴാതെ കാത്തു. രണ്ടാം റൗണ്ടില്‍ കടന്നതോടെ ഇന്ത്യന്‍ വനിതകള്‍ കുറഞ്ഞത് എട്ടാം സ്ഥാനം ഉറപ്പാക്കി. 2018 ലോകകപ്പിലാണ് ഇന്ത്യന്‍ വനിതകള്‍ എട്ടാം സ്ഥാനത്തെത്തിയത്. രണ്ടാം റൗണ്ടില്‍ നെതര്‍ലന്‍ഡ്സും ഓസ്ട്രേലിയയുമാണ് എതിരാളികള്‍. ഡച്ചുകാരികള്ക്കെതിരേ ശനിയാഴ്ചയും ഓസീസിനെതിരേ തിങ്കളാഴ്ചയുമാണു മത്സരം.
പൂള് ഡിയില്‍നിന്ന് അഞ്ച് പോയിന്റോടെ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യയുടെ മുന്നേറ്റം. ഏഴ് പോയിന്റുമായി ചൈന രണ്ടാം റൗണ്ടിലെത്തിയിരുന്നു. ഇംഗ്ലണ്ടും ദക്ഷണാഫ്രിക്കയും ലോകകപ്പില്‍നിന്ന് പുറത്തായി.
ചൈനയെ ആദ്യ മത്സരത്തില്‍ 2-2 നു സമനിലയില്‍ തളച്ചത് ഇന്ത്യക്കു നിര്‍ണായകമായി. രണ്ടാമത്തെ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 6-1 നു തോല്‍പ്പിച്ചു. ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച ഇംഗ്ലണ്ട് ചൈനയോട് തോറ്റു. ഇന്നലെ നടന്ന അവസാന മത്സരത്തില്‍ ചൈന 5-1 നു ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചു. പൂള് എയിലെ അവസാന മത്സരത്തില്‍ നെതര്‍ലന്‍ഡ്സ് 9-0 ത്തിന് ജപ്പാനെ തകര്‍ത്തു. മൂന്ന് കളികളില്‍നിന്ന് ഒന്‍പത് പോയിന്റും നേടിയ ഡച്ചുകാരികള് ഒന്നാം സ്ഥാനത്തും നാല് പോയിന്റുള്ള ഓസ്ട്രേലിയ രണ്ടാം സ്ഥാനത്തുമായി. ജപ്പാനും ചിലിയും പുറത്തായി.
പുരുഷ വിഭാഗം രണ്ടാം റൗണ്ടില്‍ നെതര്‍ലന്‍ഡ്സും അര്‍ജന്റീനയുമാണ് ഇന്ത്യയുടെ എതിരാളികള്‍. നെതര്‍ലന്‍ഡ്സിനെതിരേ 22 നും അര്‍ജന്റീനയ്ക്കെതിരേ 24 നുമാണു മത്സരം.







Comments