
കൊല്ലം: വിഴിഞ്ഞം പദ്ധതി തകർക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ പദ്ധതി തങ്ങൾ രക്ഷിച്ചതാണെന്ന് അവകാശപ്പെടുന്നതെന്ന് മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ. വിഴിഞ്ഞത്തിനെതിരെ നേരത്തെ സമരം നടത്തിയവർ ആരാണെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷത്തിനെതിരെ വീണ്ടും തെറ്റായ പ്രചാരണങ്ങൾ നടക്കുകയാണ്. ഇ ഡി റെയ്ഡ്, കായിക മേഖലയിലെ വിവാദങ്ങൾ തുടങ്ങിയവ മറ്റ് വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള കള്ളപ്രചാരണങ്ങളുടെ ഭാഗമാണെന്നും ബാലഗോപാൽ ആരോപിച്ചു.
ക്ഷേമ പെൻഷൻ വിതരണവുമായി ബന്ധപ്പെട്ടും എൽ ഡി എഫിനെതിരെ തെറ്റിദ്ധാരണ പരത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തവണ നിരവധി പേർക്ക് ക്ഷേമ പെൻഷൻ നഷ്ടപ്പെടുമെന്നും ഇതിന് കാരണം യു ഡി എഫ് സർക്കാരിന്റെ വീഴ്ചയാണെന്നും ബാലഗോപാൽ വ്യക്തമാക്കി. ഓണം കഴിയുന്നതോടെ എത്ര പേർക്ക് കൃത്യമായി ക്ഷേമ പെൻഷൻ ലഭിച്ചുവെന്ന് എല്ലാവർക്കും വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സർക്കാരിനെതിരെ വ്യാജ വാർത്തകൾ പ്രചരിപ്പിച്ച് ജനശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ചരിത്രബോധമില്ലാത്തവരാണ് നാടകത്തിൽ വിവാദമുണ്ടാക്കുന്നത്’
ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളന വേദിയിൽ അവതരിപ്പിച്ച നാടകത്തെച്ചൊല്ലിയുള്ള വിവാദത്തിലും ബാലഗോപാൽ പ്രതികരിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ഒരു സ്ത്രീ നേരിട്ട യാതനകളും പ്രശ്നങ്ങളുമാണ് നാടകത്തിൽ അവതരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
നാടകത്തിനെതിരെ ആർ എസ് എസ്, സംഘപരിവാർ സോഷ്യൽ മീഡിയ ഹാൻഡിലുകളാണ് രംഗത്തെത്തിയത്. ചരിത്രപരമായ വിഷയങ്ങളെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്തവരാണ് അനാവശ്യ വിവാദങ്ങൾക്ക് പിന്നിലെന്നും കെ എൻ ബാലഗോപാൽ വ്യക്തമാക്കി.







Comments