
ഒരു രാഷ്ട്രീയ സംഘടനയുടെ പ്രവര്‍ത്തകര്‍ സര്‍ക്കാര്‍ സ്കൂളുകള്‍ പരിശോധിക്കാനിറങ്ങുമ്പോള്‍ ഭരണകൂടം ചെയ്യേണ്ടത് എന്താണ്? അവരെ തടയുകയോ, അവരുടെ വാഹനങ്ങള്‍ ആക്രമിക്കപ്പെടാന്‍ അനുവദിക്കുകയോ, സ്കൂളുകളുടെ വാതിലുകള്‍ പുറത്തുനിന്നുള്ളവര്‍ക്ക് അടയ്ക്കുകയോ ചെയ്യുന്നതാണോ? അതോ, അവര്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും സ്കൂളുകളുടെ യഥാര്‍ഥ അവസ്ഥ പരിശോധിച്ച് ആവശ്യമായ പരിഹാരങ്ങള്‍ നടപ്പാക്കുകയും ചെയ്യുന്നതാണോ?
രാജസ്ഥാനില്‍ കോക്രോച്ച് ജനതാ പാര്‍ട്ടി (സി.ജെ.പി.)യുടെ 'സ്കൂള്‍ ഠീക്ക് കരോ'(സ്കൂളുകള്‍ മെച്ചപ്പെടുത്തൂ) ക്യാമ്പയിനെ ചുറ്റിപ്പറ്റി അരങ്ങേറുന്ന സംഭവങ്ങള്‍ ഈ അടിസ്ഥാന ചോദ്യമാണ് ഉയര്‍ത്തുന്നത്. സര്‍ക്കാര്‍ സ്കൂളുകളുടെ അവസ്ഥ പരിശോധിക്കാന്‍ സി.ജെ.പി. പ്രവര്‍ത്തകര്‍ വിവിധ പ്രദേശങ്ങളിലേക്ക് ഇറങ്ങിത്തിരിച്ചതോടെ രാഷ്ട്രീയ സംഘര്‍ഷവും ഭരണകൂടത്തിന്റെ നിയന്ത്രണ നടപടികളും ശക്തമായിരിക്കുന്നു. ജയ്പുരിനടുത്ത് റാംപുര-കന്‍വര്‍പുര ഗ്രാമത്തില്‍ സ്കൂള്‍ പരിശോധിക്കാനെത്തിയ സി.ജെ.പി. സംഘത്തെ തടയുകയും കല്ലേറ് ഉള്‍പ്പെടെയുള്ള സംഘര്‍ഷമുണ്ടാകുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ഒരു വളന്റിയര്‍ക്ക് കൈ ഒടിഞ്ഞതായും പാര്‍ട്ടി ആരോപിക്കുന്നു. ഇതേസമയം, സ്കൂളുകളിലേക്ക് അനധികൃതമായി പ്രവേശിക്കുന്നതും അനുമതിയില്ലാതെ ചിത്രീകരിക്കുന്നതും തടയാന്‍ രാജസ്ഥാന് വിദ്യാഭ്യാസ വകുപ്പ് പുതിയ നിയന്ത്രണങ്ങളും കൊണ്ടുവന്നു. ഇവിടെ ഏറ്റവും ശ്രദ്ധിക്കേണ്ടത് രാഷ്ട്രീയ ഏറ്റുമുട്ടലല്ല; ആ ഏറ്റുമുട്ടലിന് പിന്നില്‍ പുറത്തുവരുന്ന വിദ്യാഭ്യാസരംഗത്തിന്റെ യാഥാര്‍ഥ്യമാണ്.
രാജസ്ഥാനില്‍ 611 സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് സ്വന്തം കെട്ടിടമില്ലെന്ന് സര്‍ക്കാര്‍ തന്നെ നിയമസഭയില്‍ സമ്മതിച്ചിരിക്കുന്നു. സ്വന്തം കെട്ടിടമുള്ള 64,484 സര്‍ക്കാര്‍ സ്കൂളുകളില്‍ 2,047 എണ്ണത്തിന് ശൗചാലയമില്ല; 1,049 എണ്ണത്തിന് കുടിവെള്ള സൗകര്യവുമില്ല. 3,768 സര്‍ക്കാര്‍ സ്കൂളുകള്‍ പൂര്‍ണമായും ജീര്‍ണിച്ച് ഉപയോഗശൂന്യമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും 83,783 ക്ലാസ് മുറികള്‍ അതീവ ജീര്‍ണാവസ്ഥയിലാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. ജയ്പുരില്‍ മാത്രം 38 സ്കൂളുകള്‍ കെട്ടിടമില്ലാതെ പ്രവര്‍ത്തിക്കുന്നു.
അപ്പോള്‍ ചോദ്യം സി.ജെ.പി. സ്കൂളില്‍ കയറണോ എന്നതല്ല. എന്തുകൊണ്ടാണ് ഒരു സ്കൂളിന്റെ അവസ്ഥ അറിയാന്‍ ഒരു രാഷ്ട്രീയ സംഘടന തെരുവിലിറങ്ങേണ്ട സാഹചര്യം ഉണ്ടായത് എന്നതാണ്.
സി.ജെ.പി.യുടെ ക്യാമ്പയിനോട് രാഷ്ട്രീയമായി യോജിക്കണമെന്നില്ല. അതിന്റെ പ്രവര്‍ത്തനരീതിയോടും അവകാശവാദങ്ങളോടും വിയോജിക്കാം. ഒരു രാഷ്ട്രീയ സംഘടന നടത്തുന്ന സാമൂഹിക ഓഡിറ്റ് നിഷ്പക്ഷമാണോ എന്ന സംശയവും സ്വാഭാവികമാണ്. എന്നാല്‍ അതിന്റെ പേരില്‍ സര്‍ക്കാര്‍ സ്കൂളുകളുടെ യഥാര്‍ഥ അവസ്ഥയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഇല്ലാതാകുന്നില്ല. മറിച്ച്, ആ ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ കൂടുതല്‍ സുതാര്യമായ മറുപടി നല്‍കേണ്ട ഉത്തരവാദിത്വമാണ് ഉണ്ടാകുന്നത്. രാജസ്ഥാനില്‍ ഇപ്പോള്‍ സംഭവിക്കുന്നത് അതിന്റെ വിപരീതമാണ്.
സ്കൂളുകളിലെത്തുന്ന പുറത്തു നിന്നുള്ളവരെ നിയന്ത്രിക്കാനും വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട ചിത്രീകരണം, അഭിമുഖം, ലൈവ് സ്ട്രീമിങ് തുടങ്ങിയവയ്ക്ക് പ്രിന്‍സിപ്പലിന്റെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കാനും സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. കുട്ടികളുടെ സ്വകാര്യതയും സുരക്ഷയും സംരക്ഷിക്കണമെന്ന ഭരണകൂടത്തിന്റെ വാദത്തില്‍ തീര്‍ച്ചയായും കഴമ്പുണ്ട്. കുട്ടികളുടെ ചിത്രങ്ങളും വ്യക്തിഗത വിവരങ്ങളും അനുമതിയില്ലാതെ ശേഖരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് അനുവദിക്കാനാവില്ല. വിദ്യാലയങ്ങള്‍ ആരും നിയന്ത്രണമില്ലാതെ കടന്നുചെല്ലുന്ന ഇടങ്ങളാകാനും പാടില്ല. പക്ഷേ കുട്ടികളുടെ സുരക്ഷയുടെ പേരില്‍ സുതാര്യത ഇല്ലാതാക്കുന്നത് വേറൊരു കാര്യമാണ്.
ഒരു സ്കൂളിന്റെ മേല്‍ക്കൂര ചോരുന്നുണ്ടോ? കുടിവെള്ളമുണ്ടോ? പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതമായ ശൗചാലയമുണ്ടോ? ആവശ്യത്തിന് അധ്യാപകരുണ്ടോ? ക്ലാസ് മുറികള്‍ സുരക്ഷിതമാണോ? വിദ്യാര്‍ഥികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടോ? ഉച്ചഭക്ഷണ പദ്ധതി കൃത്യമായി നടക്കുന്നുണ്ടോ? ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കാനും അതിന്റെ മറുപടി തേടാനും സമൂഹത്തിന് അവകാശമുണ്ട്. അതിനുള്ള സംവിധാനങ്ങള്‍ സര്‍ക്കാര്‍ തന്നെ സൃഷ്ടിക്കണം.
അതിനാല്‍ പരിഹാരം പുറത്തുകാരെ സ്കൂളില്‍ കയറ്റരുത് എന്ന ഉത്തരവാകരുത്. പരിഹാരം സ്കൂളുകളുടെ അവസ്ഥ പുറത്തുനിന്നും പരിശോധിക്കേണ്ട സാഹചര്യം തന്നെ ഉണ്ടാകാത്തവിധം സര്‍ക്കാര്‍ സംവിധാനങ്ങളെ സുതാര്യമാക്കുക എന്നതായിരിക്കണം. ഇവിടെയാണ് സി.ജെ.പി. ക്യാമ്പയിന്റെ രാഷ്ട്രീയ പ്രസക്തി ഉയരുന്നത്.
മഹാരാഷ്ട്രയിലെ ലാത്തൂര്‍ ജില്ലയില്‍ ഒരു സ്കൂളില്‍ പുറത്തുനിന്നുള്ള കുട്ടികളെ കൊണ്ടുവന്ന് വിദ്യാര്‍ഥികളായി കാണിച്ചുവെന്നതുള്‍പ്പെടെ സി.ജെ.പി. സ്ഥാപകന്‍ അഭിജിത് ദീപ്കെ ആരോപണങ്ങള്‍ ഉന്നയിച്ചു. എന്നാല്‍, സ്കൂള്‍ അധികൃതര്‍ അവ നിഷേധിക്കുകയും രണ്ട് വ്യത്യസ്ത സ്കൂളുകള്‍ ഒരേ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നതാണെന്ന് വിശദീകരിക്കുകയും ചെയ്തു. അതായത്, ഇത്തരം പരിശോധനകളിലെ അവകാശവാദങ്ങള്‍ സ്വതന്ത്രമായി പരിശോധിക്കേണ്ടതുണ്ട്. ആരോപണം ഉയര്‍ന്നാല്‍ അത് സത്യമാണെന്ന് കരുതാനും പാടില്ല; രാഷ്ട്രീയ ആരോപണമാണെന്ന് പറഞ്ഞ് തള്ളിക്കളയാനും പാടില്ല. ഇതാണ് ജനാധിപത്യത്തിന്റെ ശരിയായ വഴി-ആരോപണം ഉയരട്ടെ, തെളിവ് പരിശോധിക്കപ്പെടട്ടെ, സത്യം പുറത്തുവരട്ടെ.
ഒരു സ്കൂള്‍ കെട്ടിടമില്ലാതെ പ്രവര്‍ത്തിക്കുമ്പോള്‍ അവിടെ പഠിക്കുന്ന കുട്ടികള്‍ക്ക് രാഷ്ട്രീയം മനസിലാകണമെന്നില്ല. അവര്‍ക്കാവശ്യം ഒരു സുരക്ഷിതമായ ക്ലാസ് മുറിയാണ്. ശൗചാലയമില്ലാത്ത പെണ്‍കുട്ടിക്ക് സര്‍ക്കാര്‍ ഉത്തരവിന്റെ ഭാഷ മനസിലാകണമെന്നില്ല. അവള്‍ക്ക് വേണ്ടത് മാന്യമായി ഉപയോഗിക്കാവുന്ന ഒരു ശൗചാലയമാണ്. കുടിവെള്ളമില്ലാത്ത കുട്ടിക്ക് രാഷ്ട്രീയ ആരോപണങ്ങളൊന്നും പ്രസക്തമല്ല. അവന് വേണ്ടത് ഒരു ഗ്ലാസ് ശുദ്ധജലമാണ്.
സി.ജെ.പി.യുടെ പരിശോധനകളെ രാഷ്ട്രീയമായി നേരിടാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിനുള്ള ഏറ്റവും ശക്തമായ ആയുധം പോലീസോ വിലക്കുകളോ അല്ല; തുറന്ന ഡേറ്റയും മികച്ച സ്കൂളുകളുമാണ്. ഓരോ സര്‍ക്കാര്‍ സ്കൂളിന്റെയും അടിസ്ഥാന സൗകര്യങ്ങളുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാം. കെട്ടിടത്തിന്റെ അവസ്ഥ, അധ്യാപകരുടെ എണ്ണം, വിദ്യാര്‍ഥികളുടെ എണ്ണം, ശൗചാലയങ്ങളുടെ എണ്ണം, കുടിവെള്ള സൗകര്യം, വൈദ്യുതി, ലൈബ്രറി, ലബോറട്ടറി, കളിസ്ഥലം, ഭിന്നശേഷിക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കാം. അറ്റകുറ്റപ്പണിക്ക് അനുവദിച്ച തുകയും ചെലവഴിച്ച തുകയും പൂര്‍ത്തീകരണ തീയതിയും ജനങ്ങള്‍ക്ക് കാണാം. അപ്പോള്‍ ആരെങ്കിലും സ്കൂള്‍ തിക്ക് കറോ എന്ന് പറഞ്ഞ് തെരുവിലിറങ്ങേണ്ട ആവശ്യം തന്നെ കുറയും.
സി.ജെ.പി. കണ്ടെത്തിയ വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതിനു പിന്നാലെ ഉത്തരേന്ത്യയില്‍ ധാരാളം സ്ഥലങ്ങളില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യപ്പെട്ട് തെരുവിലിറങ്ങുകയാണ്. സ്കൂളില്‍ കുടിവെള്ളമില്ലാത്തതിനും കെട്ടിടം തകര്‍ന്നതിനും അധ്യാപകരില്ലാത്തതിനും വേണ്ടി ഒരു കുട്ടി തെരുവിലിറങ്ങേണ്ടിവരുന്നുവെങ്കില്, അത് ഭരണസംവിധാനത്തിന്റെ പരാജയമാണ്.
സി.ജെ.പി. പ്രവര്‍ത്തകരെ ആക്രമിച്ചതായി ആരോപിക്കപ്പെടുന്ന സംഭവങ്ങളും അതുകൊണ്ടുതന്നെ ഗൗരവത്തോടെ അന്വേഷിക്കണം. ഒരു രാഷ്ട്രീയ സംഘടനയുടെ പ്രവര്‍ത്തകരാണെന്ന പേരില്‍ അവരെ ആക്രമിക്കാനുള്ള അവകാശം ആര്‍ക്കുമില്ല. അതുപോലെ, രാഷ്ട്രീയ പ്രവര്‍ത്തകരാണെന്ന പേരില്‍ അവര്‍ക്ക് സ്കൂളുകളില്‍ നിയന്ത്രണമില്ലാതെ പ്രവേശിക്കാനുള്ള അവകാശവും ഉണ്ടാകില്ല. നിയമവും സുരക്ഷയും സ്വകാര്യതയും പാലിച്ചുകൊണ്ടുള്ള പരിശോധനയ്ക്ക് വ്യക്തമായ സംവിധാനമാണ് വേണ്ടത്.
സി.ജെ.പി. ഇറങ്ങിത്തിരിച്ചതോടെ സ്കൂളുകളുടെ അവസ്ഥയെക്കുറിച്ച് സമൂഹം ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു ആ ചോദ്യത്തിന് മറുപടി നല്‍കേണ്ടത് ഭരണകൂടമാണ്. കുട്ടികളുടെ കയ്യില്‍ പുസ്തകം വേണം; പ്രതിഷേധത്തിന്റെ പ്ലക്കാര്‍ഡ് അല്ല. സ്കൂളുകളില്‍ ബെഞ്ചും ബ്ലാക്ക്ബോര്ഡും വേണം; ചോര്‍ന്ന മേല്ക്കൂരയല്ല. ശുദ്ധജലവും ശുചിത്വമുള്ള ശൗചാലയവും വേണം; അവകാശങ്ങള്‍ക്കായി തെരുവിലിറങ്ങേണ്ട അവസ്ഥയല്ല. സി.ജെ.പി.യെ തടയാം. മറ്റൊരു സംഘടന വരും. അതിനെയും തടയാം. പക്ഷേ ചോര്‍ന്ന മേല്‍ക്കൂര, തകര്‍ന്ന ക്ലാസ് മുറി, കുടിവെള്ളമില്ലായ്മ, ശൗചാലയമില്ലായ്മ, അധ്യാപകരുടെ കുറവ്-ഇവയെ പോലീസ് ബാരിക്കേഡ് കൊണ്ട് തടയാനാവില്ല. അവ പരിഹരിക്കേണ്ടത് ഭരണത്തിലൂടെയാണ്.
കെ.ജി. സന്ദീപ്





Comments