
മഴ മൂലം വലിയ ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം നാം പശ്ചിമഘട്ടം സംരക്ഷിക്കേണ്ടതിനെപ്പറ്റി ചര്‍ച്ച ചെയ്യുന്നു. വെയില് തെളിയുമ്പോള്‍ ഉത്കണ്ഠകളെല്ലാം മാഞ്ഞുപോകുന്നു. പതിനഞ്ച് വര്‍ഷത്തിലേറെയായി, ദക്ഷിണേന്ത്യയുടെ ഏറ്റവും വലിയ ജലസ്രോതസ്സായ പശ്ചിമഘട്ടം നയപരമായ അനിശ്ചിതത്വത്തിലാണ്. കഴിഞ്ഞ ജൂലൈ 27 ന്, പരിസ്ഥിതി, വനം മന്ത്രാലയം ഒരു കരട് വിജ്ഞാപനം പുറപ്പെടുവിച്ചു, 1986ലെ പരിസ്ഥിതി (സംരക്ഷണ) നിയമത്തിലെ സെക്ഷന്‍ മൂന്ന് പ്രകാരം ആറ് സംസ്ഥാനങ്ങളിലായി 56,825.7 ചതുരശ്ര കിലോമീറ്റര്‍ പരിസ്ഥിതി സെന്‍സിറ്റീവ് ഏരിയ (ഇ.എസ്.എ.) ആയി നിര്‍ദേശിക്കുന്നു.
ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, കേരളം, തമിഴ്നാട് എന്നിവ ഉള്‍ക്കൊള്ളുന്ന ഈ കരട് പുതിയ ഖനനം, ക്വാറി, അവയുടെ വികസനം, റെഡ് കാറ്റഗറിയില്‍ കൂടുതല്‍ മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങള്‍, 20,000 ചതുരശ്ര മീറ്ററില്‍ കൂടുതലുള്ള വാണിജ്യ നിര്‍മാണം എന്നിവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നു.
എന്നിരുന്നാലും, ഈ വിജ്ഞാപനം വലിയൊരു ഒത്തുതീര്‍പ്പിന്റെ ബാക്കിപത്രമാണെന്നു കാണാം. ഒരു ധീരമായ സംരക്ഷണ മുന്നേറ്റത്തിനുപകരം ഈ കരട്, നയ പിന്മാറ്റത്തെ അടയാളപ്പെടുത്തുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തെ ചരിത്ര രേഖകള്‍ ഈ ഒത്തുതീര്‍പ്പുകള്‍ എത്രമാത്രം വിനാശകരമാണെന്ന തെളിവു നല്കുന്നു.
തുടര്‍ച്ചയായ ദുരന്തങ്ങള്‍
2014 ജൂലൈയില്‍, മഹാരാഷ്ട്രയിലെ മാലിന് ഗ്രാമത്തില്‍ ഒരു വലിയ കുന്നിന് ചരിവ് ഇടിഞ്ഞുവീണ് 150ലധികം പേര് മരിച്ചു. 2018ലും 2019ലും മഴക്കാലത്ത്, കേരളത്തില്‍ ഒരേസമയം നൂറുകണക്കിന് മണ്ണിടിച്ചിലും വലിയ പ്രളയവും ഉണ്ടായി. കവളപ്പാറയിലും പുത്തന്‍ ആലയിലും ഉരുള്‍ പൊട്ടലില്‍ ഒരാഴ്ചയ്ക്കുള്ളില്‍ എണ്‍പതോളം പേര് മരിച്ചു. 2020 ഓഗസ്റ്റില്‍, പെട്ടിമുടിയിലെ തേയിലത്തോട്ടത്തിലെ വാസസ്ഥലത്ത് മണ്ണിടിച്ചില്‍ ഉണ്ടായി
66 പേര് മരിച്ചു, 2021 ജൂലൈയില്‍ ഉണ്ടായ പേമാരി കോങ്കന് തീരത്ത് വ്യാപകമായി മലഞ്ചെരിവുകള്‍ തകരാന്‍ കാരണമായി. നൂറിലധികം പേരാണ് അന്നു മരിച്ചത്. ഏറ്റവും വിനാശകരമായി, 2024 ജൂലൈയില്‍, വയനാട്ടിലെ ചൂരല്‍മലയിലും മുണ്ടക്കൈയിലും വന്‍തോതിലുള്ള ഉരുള്‍ പൊട്ടലില്‍ ഒരു ഗ്രാമംതന്നെ ഒഴുകിപ്പോയി, മുന്നൂറിലധികം പേരുടെ ജീവന് അപഹരിക്കുകയും മുഴുവന്‍ ജനവാസ കേന്ദ്രങ്ങളും നശിപ്പിക്കുകയും ചെയ്തു.
നിഷ്ക്രിയത്വവും കള്ളപ്രചരണങ്ങളും
ചെരിവ് അസ്ഥിരപ്പെടുത്തുന്നത്, മേല്മണ്ണുനഷ്ടം, ക്വാറികള്‍, വൃഷ്ടിപ്രദേശങ്ങളിലെ നിര്‍മാണങ്ങള്‍ എന്നിവ പ്രധാന ദുരന്ത കാരണങ്ങളായി ശാസ്ത്രീയ റിപ്പോര്‍ട്ടുകള്‍ വരുന്നു. പക്ഷേ, സര്‍ക്കാരുകള്‍ ഇതിലൊന്നും നപടി സ്വീകരിക്കുന്നില്ല. ഈ ദുരന്തസംഭവങ്ങളുടെ ദാരുണമായ ആവര്‍ത്തനം തെളിയിക്കുന്നത് മറ്റൊന്നല്ല. വാണിജ്യ താല്പര്യങ്ങള് നിറവേറ്റുന്നതിനായി പശ്ചിമഘട്ടസംരക്ഷണത്തിന്റെ അടിസ്ഥാനആശയങ്ങളില്‍ വെള്ളം ചേര്‍ക്കുമ്പോള്‍ മാരകമായ ദുരന്ത സാധ്യതകളായി പര്‍വത സമൂഹം മാറുന്നു.
ഒരു ദശാബ്ദത്തിലേറെയായി, പശ്ചിമഘട്ടത്തെ പരിസ്ഥിതി സെന്‍സിറ്റീവ് ഏരിയ ആയി പ്രഖ്യാപിക്കുന്നതിനെതിരേ മനഃപൂര്‍വം തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇ.എസ്.എ. പ്രഖ്യാപിക്കുന്നത് വന്‍തോതിലുള്ള കുടിയിറക്കത്തിനും, ഭൂമി കണ്ടുകെട്ടലിനും, കൃഷി നിരോധനത്തിനും കാരണമാകുമെന്ന് എതിരാളികള്‍ പതിവായി അവകാശപ്പെടുന്നു.
കരട് വിജ്ഞാപനം എസ്.ഒ. 4106(ഇ) ഇവ കള്ളമാണെന്നു വ്യക്തമാക്കുന്നുണ്ട്. ഖണ്ഡിക നാലില്‍ തദ്ദേശവാസികളുടെയും ഗോത്രവര്‍ഗ സമൂഹങ്ങളുടെയും സ്ഥലംമാറ്റം ഒഴിവാക്കുന്നുവെന്ന് ഉറപ്പ് നല്കുന്നു. കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍, പൂന്തോട്ടപരിപാലനം, പരമ്പരാഗത തോട്ടങ്ങള്‍ എന്നിവ നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഖണ്ഡിക ഏഴില്‍ സ്വകാര്യ ഭൂമിയുടെ ഉടമസ്ഥാവകാശത്തില്‍ ഒരു മാറ്റവും ഉണ്ടാകില്ല എന്നു വ്യക്തമാക്കുന്നു. കൂടാതെ, വനാവകാശ നിയമപ്രകാരം ഗ്രാമസഭകളുടെ അവകാശങ്ങളെ പൂര്‍ണമായി സംരക്ഷിക്കുന്നു.
എസ്.ഒ. 4106(ഇ)ല്‍ അടങ്ങിയിരിക്കുന്ന നിരോധനങ്ങള്‍ ഭൂപ്രകൃതിയുടെ തകര്‍ച്ചയുടെ യഥാര്‍ത്ഥ വില്ലന്മാരെ മാത്രമേ ലക്ഷ്യമിടുന്നുള്ളൂ. കല്ല് ഖനനത്തില്നിന്നുള്ള കനത്ത സ്?ഫോടനം, മഴവെള്ളം അടിഞ്ഞുകൂടുന്ന ഭൂഗര്‍ഭ വിള്ളലുകള്‍ സൃഷ്ടിക്കല്‍ എന്നിവ നിരോധിക്കുന്നു. പുതിയ ക്വാറികള്‍ നിരോധിക്കുകയും അഞ്ച് വര്‍ഷത്തിനുള്ളില്‍ നിലവിലുള്ളവ ഘട്ടംഘട്ടമായി ഇല്ലാതാക്കുകയും ചെയ്യും, 20,000 ചതുരശ്ര മീറ്ററില്‍ കൂടിയ വാണിജ്യ സ്ഥാപനങ്ങളുടെ നിര്‍മാണം തടയുന്നതു ദുര്‍ബലമായ ചെരിവുകളിലെ ഓവര്‍ലോഡിങ് തടയുകയും പ്രകൃതിദത്ത ഡ്രെയിനേജ് ചാനലുകള്‍ സംരക്ഷിക്കുകയും ചെയ്യും.
യഥാര്‍ത്ഥ ഗാഡ്ഗില്‍ മാനദണ്ഡത്തില്‍നിന്ന് സംരക്ഷിതപ്രദേശത്തിന്റെ വിസ്തൃതി 55.96% കുറഞ്ഞിരിക്കുകയാണ് ഈ കരട് വിജ്ഞാപനത്തില്‍. ഇനിയും സംരക്ഷിതസ്ഥലത്തിന്റെ അളവ് കുറയുന്നതും നയം നടപ്പാക്കാനുള്ള കാലതാമസവും പശ്ചിമഘട്ടത്തിനു താങ്ങാനാവില്ല. തെളിവുകള്‍ വ്യക്തമാണ്. ഇനിയും വൈകിയാല്‍ അത് ആവര്‍ത്തിച്ചുള്ള പാരിസ്ഥിതിതിക മനുഷ്യ ദുരന്തത്തിലേക്കു വഴിവയ്ക്കും.
സംസ്ഥാന സര്‍ക്കാരുകള്‍ ഹ്രസ്വകാല സാമ്പത്തിക നേട്ടങ്ങള്‍ ഉപേക്ഷിക്കുകയും, തെറ്റായ പ്രചാരണങ്ങള്‍ ഇല്ലാതാക്കുകയും, നിയമപരമായ സംരക്ഷണങ്ങള്‍ നടപ്പിലാക്കാനും മുന്നിട്ടിറങ്ങണം. ഈ വിജ്ഞാപനത്തില്‍ കൂടുതല്‍ വെള്ളം ചേര്‍ക്കുന്നത് ജൈവവൈവിധ്യത്തെ മാത്രമല്ല, പ്രദേശത്തിന്റെ ജലസുരക്ഷ, ദുരന്ത പ്രതിരോധശേഷി, ദീര്‍ഘകാല പാരിസ്ഥിതിക സ്ഥിരത എന്നിവയെയും ബാധിക്കും.
ഗാഡ്ഗിലില്നിന്ന് വിജ്ഞാപനത്തിലെത്തുമ്പോള്
2011ല്‍, പ്രഫ. മാധവ് ഗാഡ്ഗില്‍ അധ്യക്ഷനായ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ദ്ധ സമിതി (ഡബ്ല്യു.ജി.ഇ.ഇ.പി.) 142 താലൂക്കുകളിലായി വ്യാപിച്ചുകിടക്കുന്ന പശ്ചിമഘട്ടത്തിന്റെ ഏകദേശം 75%, അതായത് 129,037 ചതുരശ്ര കിലോമീറ്റര്‍ പാരിസ്ഥിതികമായി സെന്‍സിറ്റീവ് ആയി നിശ്ചയിച്ചു. ആവാസവ്യവസ്ഥയുടെ സമഗ്രതയില്‍ അധിഷ്ഠിതമായ ഗാഡ്ഗില്‍ ചട്ടക്കൂട് പ്രാദേശിക ഗ്രാമസഭകള്‍ക്ക് അധികാരം നല്കുന്ന ഒരു വികേന്ദ്രീകൃത ഭരണ മാതൃക നിര്‍ദേശിച്ചു. രാഷ്ട്രീയവും പ്രാദേശികവുമായ എതിര്‍പ്പുകള്‍ രൂക്ഷമായതിനെത്തുടര്‍ന്ന്, പരിസ്ഥിതി മന്ത്രാലയം 2012ല്‍ ഡോ. കെ. കസ്തൂരിരംഗന്റെ കീഴില്‍ ഉന്നതതല വര്‍ക്കിങ് ഗ്രൂപ്പ് (എച്ച്.എല്‍.ഡബ്ല്യു.ജി.) രൂപീകരിച്ചു, ഇത് ഫൈന്ഗ്രിഡ് സാറ്റലൈറ്റ് റിമോട്ട് സെന്‍സിങ് വഴി സംരക്ഷിത പ്രദേശത്തിന്റെ വിസ്തൃതി 59,940 ചതുരശ്ര കിലോമീറ്ററായി കുറച്ചു. ഈ ഒരൊറ്റ ഇടപെടല്‍ പശ്ചിമഘട്ടത്തിലെ സെന്‍സിറ്റീവ് പ്രദേശത്തിന്റെ വിസ്തൃതി 53.55% കുറച്ചു. 69,097 ചതുരശ്ര കിലോമീറ്റര്‍ പരിസ്ഥിതി സംരക്ഷണ ബഫര്‍ സോണുകള്‍ ഒറ്റയടിക്കു നീക്കം ചെയ്തു.
2014നും 2026നും ഇടയില്‍ തുടര്‍ന്നുള്ള സംസ്ഥാനതല ഗ്രൗണ്ട് വെരിഫിക്കേഷനുകള്‍ ഈ അതിരുകള്‍ വീണ്ടും കുറച്ചു. നിലവിലെ വിജ്ഞാപന പ്രകാരം 56,825.7 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതി മാത്രമാണ് സംരക്ഷിത പ്രദേശം. ഇത് കസ്തൂരിരംഗന്‍ നിര്‍ദേശത്തില്‍നിന്ന് 5.20% കുറവും 2011 ലെ ഗാഡ്ഗില്‍ നിര്‍ദേശത്തില്‍നിന്ന് 55.96% കുറവുമാണ്. 72,000 ചതുരശ്ര കിലോമീറ്ററിലധികം പര്‍വതപ്രദേശങ്ങള്‍ നിയമാനുസൃത സംരക്ഷണ മേഖലയില്‍നിന്നു ശാശ്വതമായി നീക്കം ചെയ്യപ്പെട്ടു.
സംസ്ഥാനം തിരിച്ച്
കുറയ്ക്കലില്‍ മുന്‍പന്തിയില്‍ ഗുജറാത്താണ്. സംരക്ഷിത സ്ഥല വിസ്തൃതി 75.06% കുറച്ചു, 1,800 ചതുരശ്ര കിലോമീറ്ററില്‍നിന്ന് 449 ചതുരശ്ര കിലോ മീറ്ററായി ആയി കുറഞ്ഞു. ഗോവയില്‍ 60.53% കുറവ് ഉണ്ടായപ്പോള്‍, മഹാരാഷ്ട്രയില്‍ 54.98% കുറവ് ഉണ്ടായി. കര്‍ണാടകയുടെ സംരക്ഷിത വിഹിതം 53.27% കുറഞ്ഞു. എന്നിട്ടും ഈ കുറഞ്ഞ വിഹിതം പോലും മറികടക്കാന്‍ കര്‍ണാടക സംസ്ഥാന അസംബ്ലി ഏകകണ്ഠമായി പ്രമേയങ്ങള്‍ പാസാക്കി. കേരളം 64.70% കുറവ് വരുത്തി രണ്ടാം സ്ഥാനത്തു നില്ക്കുന്നു.
തെറ്റിദ്ധാരണകള്‍
പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ചുള്ള നമ്മുടെ ചര്‍ച്ചകളുടെ ഏറ്റവും വലിയ പോരായ്മ നാം ഇതിനെ പ്രാദേശികമായോ നിശ്ചിത സ്ഥലകേന്ദ്രീകൃതമായോ കാണുന്നു എന്നതാണ്. കുത്തനെയുള്ള പര്‍വതപ്രദേശങ്ങളില്‍, ചെരിവ് സ്ഥിരത, ജലശാസ്ത്രം, ഭൂഗര്‍ഭ സുഷിരങ്ങള്‍ എന്നിവ പരസ്പരബന്ധിതമായ ഒരു തുടര്‍ച്ചയാണ്. അവ ഒരിക്കലും ഒറ്റപ്പെട്ടു നില്ക്കുന്നില്ല. മനുഷ്യ ആധിപത്യമുള്ള ചരിവുകളില്‍നിന്ന് സംരക്ഷണ ബഫര്‍ സോണുകളെ വെട്ടിമാറ്റുമ്പോള്‍, വാണിജ്യ പ്രവര്‍ത്തനങ്ങള്‍ വ്യാപിക്കുന്നു. ഗ്രാനൈറ്റ് ക്വാറി, കനത്ത സ്?ഫോടനം, റോഡ് മുറിക്കല്‍, സെന്‍സിറ്റീവായ സ്ഥലങ്ങളിലെ മേല്മണ്ണിളക്കല് എന്നിവ ചെരിവുകളെ നേരിട്ട് അസ്ഥിരപ്പെടുത്തുന്നു. ഇവ തീവ്രമായ മഴക്കാലത്ത് ജനവാസമുള്ള താഴ്?വരകളിലേക്ക് മലകള്‍ ഒലിച്ചിറങ്ങാന്‍ കാരണമാവുന്നു.
ഷാജന് സി. മാത്യു
(വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. ടി.വി. സജീവ്, ചീഫ് സയന്റിസ്റ്റ്, ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ്)





Comments