
ന്യൂഡല്‍ഹി: ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് വനിതാ ഡബിള്‍സില്‍ ഇന്ത്യയുടെ ട്രീസാ ജോളി - ഗായത്രി ഗോപീചന്ദ് സഖ്യത്തിനു വെങ്കലം.
ഇന്ത്യന്‍ സഖ്യം സെമി ഫൈനലില്‍ ഒന്നാം റാങ്കുകാരായ ചൈനീസ് ജോഡി ലിയു ഷെങ്ഷു-ടാന്‍ നിങ് സഖ്യത്തോടു പൊരുതിത്തോറ്റു. സെമി മൂന്ന് ഗെയിം നീണ്ടു. സ്കോര്‍: 21-18, 13-21, 8-21. ഒന്നാം ഗെയിം സ്വന്തമാക്കിയ ഇന്ത്യക്കെതിരേ രണ്ടാം ഗെയിമില്‍ ചൈനീസ് സഖ്യം ശക്തമായി തിരിച്ചുവന്നു. ഗെയിം നേടി മത്സരത്തില്‍ തങ്ങളുടെ സാന്നിധ്യം നിലനിര്‍ത്തി. നിര്‍ണായകമായ മൂന്നാം ഗെയിമില്‍ ചൈനീസ് സഖ്യം പടയോട്ടമായിരുന്നു. ഇന്നു നടക്കുന്ന ഫൈനലില്‍ ദക്ഷിണ കൊറിയയുടെ ബെയ്ക് ഹാ നാ-ലീ സോ ഹീ സഖ്യമാണ് ചൈനയുടെ എതിരാളികള്‍. 15 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യന്‍ വനിതാ ഡബിള്‍സ് ടീം ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്നത്. 2011-ല്‍ ജ്വാലാ ഗുട്ട - അശ്വിനി പൊന്നപ്പ സഖ്യം വെങ്കലം നേടിയിരുന്നു. എച്ച്.എസ്. പ്രണോയിക്കുശേഷം മെഡല്‍ നേടുന്ന ആദ്യ മലയാളി താരമാണു കണ്ണൂര്‍ ചെറുപുഴ സ്വദേശിയായ ട്രീസാ ജോളി.
2023 ലെ ലോക ചാമ്പ്യന്‍ഷിപ്പിലെ പുരുഷ സിംഗിള്സിലാണു പ്രണോയ് വെങ്കലം നേടിയത്. ഇന്ദിരാ ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഏക മെഡല്‍ നേട്ടം കൂടിയാണിത്. പുരുഷ ഡബിള്‍സില്‍ മെഡല്‍ പ്രതീക്ഷയായിരുന്ന സാത്വിക്സായ്രാജ് റങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി സഖ്യം ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റു. ചൈനയുടെ ലോക മൂന്നാം നമ്പര്‍ ലിയാങ് വി കെങ് - വാങ് ചാങ് സഖ്യത്തോടാണ് അവര്‍ തോറ്റത്. 2022, 2025 ചാമ്പ്യന്‍ഷിപ്പുകളിലെ വെങ്കല മെഡല്‍ ജേതാക്കളാണ് റെഡ്ഡി - ഷെട്ടി സഖ്യം.
പാരീസ് ഒളിമ്പിക്സിലെ വെള്ളി മെഡല്‍ നേടിയ ജോഡിയാണ് വാങും ലിയാങും. പുരുഷ ഡബിള്‍സ് ക്വാര്‍ട്ടര്‍ 36 മിനിറ്റ് കൊണ്ട് അവസാനിച്ചു. ചൈനീസ് ജോഡിക്കെതിരേ നടന്ന 13 മത്സരങ്ങളില്‍ നാലില്‍ മാത്രമാണ് റെഡ്ഡി - ഷെട്ടി സഖ്യത്തിനു ജയിക്കാനായത്. പുരുഷ സിംഗിള്‍സില്‍ ആയുഷ് ഷെട്ടിയുടെയും വനിതകളില്‍ ഒളിമ്പ്യന്‍ പി.വി. സിന്ധുവിന്റെയും പോരാട്ടങ്ങളും അവസാനിച്ചിരുന്നു. ഇന്തോനേഷ്യയുടെ അല്‍വി ഫര്‍ഹാനാണ് ആയുഷിനെ തോല്‍പ്പിച്ചത്. ആറാം മെഡല്‍ ലക്ഷ്യമിട്ട ഒളിമ്പ്യന്‍ പി.വി. സിന്ധുവിനെ ചൈനയുടെ ലോക മൂന്നാം നമ്പര്‍ വാങ് ഷി യിയാണു തോല്‍പ്പിച്ചത്്.







Comments