
അടുത്തിടെ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തിനു പിന്നില്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് മുമ്പിലുള്ള ട്രയാജ് സംവിധാനത്തില്‍ വന്ന പിഴവാണ് എന്ന് ചൂണ്ടിക്കാണിക്കപ്പെട്ടതോടെ വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ് 'ട്രയാജ്'.
ആശുപത്രിയില്‍ മരിച്ച വ്യക്തിയുടെ രോഗാവസ്ഥ എന്തെന്ന് തിരിച്ചറിയാന്‍ ആദ്യം കണ്ട സെക്യൂരിറ്റി ജീവനക്കാരന് സാധിച്ചില്ല. വിദഗ്ധരായ നഴ്സുമാര്‍ ചെയ്യേണ്ട ജോലിയാണ് ജനറല്‍ ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരന് ചെയ്തതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സംസ്ഥാനത്തെ മിക്ക സര്‍ക്കാര്‍ ആശുപത്രികളിലും അത്യാഹിത വിഭാഗങ്ങള്‍ക്കു മുമ്പില്‍ ഇത്തരത്തിലുള്ള സ്ഥിതിയാണുള്ളത്.
എന്താണ് ട്രയാജ്
രോഗികളുടെ/രോഗത്തിന്റെ തീവ്രത അനുസരിച്ച് അവരെ മുന്‍ഗണനാ ക്രമത്തില്‍ തിരിച്ച് ചികിത്സ നല്കുന്ന പ്രക്രിയയാണ് ട്രയാജ് സംവിധാനം എന്ന് പറയുന്നത്. തെരഞ്ഞെടുക്കുക എന്ന അര്‍ത്ഥം വരുന്ന ഫ്രഞ്ച് പദമായ ട്രയറി ല്‍നിന്നാണ് ട്രയാജ് എന്ന ആശയം ഉത്ഭവിച്ചത്. ഉദാഹരണത്തിന് ഒരു വലിയ അപകടത്തില്‍ പലര്‍ക്കും പരുക്ക് പറ്റി ആശുപത്രിയിലെത്തുമ്പോള്‍
ഗുരുതരാവസ്ഥയിലുള്ളവരെ ആദ്യം ചികിത്സിക്കുകയും ചെറിയ പരുക്കുള്ളവരെ പിന്നീട് നോക്കുകയും ചെയ്യുന്ന രീതി. ഇങ്ങനെ ചെയ്യുന്നത് മൂലം അത്യാഹിത വിഭാഗത്തിലേക്ക് ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ മാത്രമാണ് എത്തുക. അവരെ പരിചരിക്കുന്നതിനായി സദാസന്നദ്ധരായി വൈദഗ്ധ്യമുള്ള ഒരു കൂട്ടം ഡോക്ടര്‍മാരും നഴ്സുമാരും എപ്പോഴും ഡ്യൂട്ടിയിലുണ്ടാകും. ഒ.പി. വിഭാഗത്തില്‍ ചികിത്സ തേടേണ്ട നിസാര അസുഖങ്ങളുമായി പോലും ആളുകള്‍ കൂട്ടത്തോടെ കാഷ്വാലിറ്റിയില്‍ എത്തുന്നത് പലപ്പോഴും അനിയന്ത്രിതമായ തിരക്കിന് കാരണമാകാറുണ്ട്. എന്നാല്‍ ട്രയാജ് ചെയ്യുന്നത്തോടെ അതിന് പരിഹാരം കാണാനാകും.
രോഗികളെ തരംതിരിക്കുന്ന വിധം
രോഗത്തിന്റെ സ്വഭാവമനുസരിച്ച് ഗ്രീന്‍, യെേല്ലാ, റെഡ് എന്നീ മൂന്ന് വിഭാഗങ്ങളാക്കി രോഗികളെ തരം തിരിക്കും. അതീവ ഗുരുതരാവസ്ഥയിലുള്ളവര്‍, അപകടം, ഹൃദ്രോഗം, പക്ഷാഘാതം, ഡോക്ടറുടെ സേവനം ഉടന്‍ / അടിയന്തര ശസ്ത്രക്രിയ ആവശ്യമുള്ളവര്‍ തുടങ്ങിയവരെയെല്ലാം ആദ്യത്തെ റെഡ് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത്. ജീവഹാനിക്ക് കാരണമാകാത്ത പരുക്കുള്ളവര്‍, അപകടത്തെ തുടര്‍ന്ന് പരുക്ക്, കഠിനമായ വേദന തുടങ്ങിയവരെയെല്ലാം രണ്ടാമത്തെ യെല്ലോ കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത്. ഇത്തരക്കാര്‍ക്ക് അത്യാഹിത വിഭാഗത്തില്‍ കിടത്തി നിരീക്ഷണം ആവശ്യമാണ്. ജീവന് അപായമില്ലാത്ത രോഗികള്‍, പനിയടക്കം നിസാര പ്രശ്നങ്ങളുമായി വരുന്നവരെയാണ് ഗ്രീന്‍ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇപ്രകാരം രോഗികളെ
തരംതിരിച്ച ശേഷം ഹൗസ് സര്ജന്മാരുടെ നേതൃത്വത്തില്‍ പ്രാഥമിക പരിശോധനക്ക് വിധേയമാക്കും. മൂന്ന് വിഭാഗത്തില്‍ ഏതിലാണ് രോഗി ഉള്‍പ്പെടുക എന്ന് ഹൗസ് സര്ജന് അല്ലെങ്കില്‍ മുതിര്‍ന്ന നഴ്സുമാര്‍ വിലയിരുത്തിയതിന് ശേഷമേ ഇവരെ ഡോക്ടറുടെ അടുത്ത് അയക്കുകയുള്ളൂ. രോഗിയുടെ അക്രമവാസനയും ലഹരി ഉപയോഗവും പരിശോധിക്കും. അക്രമവാസന പ്രകടിപ്പിച്ചാല്‍ രോഗിയെ പ്രത്യേക മുറിയിലേക്ക് മാറ്റും. പോലീസിനെ അറിയിച്ച ശേഷം ചികിത്സ നല്‍കും. രണ്ട് ഡോക്ടര്‍മാരും നാല് നഴ്സിങ് സ്റ്റാഫും മൂന്ന് നഴ്സിങ് അസിസ്റ്റന്റും ഉണ്ടായാല്‍ ട്രയാജ് സംവിധാനത്തിന്റെ പ്രാഥമികഘട്ടം നടപ്പാക്കാനാകും.
ഇപ്രകാരം ചെയ്യുന്നതിന്റെ ഗുണങ്ങള്‍
അത്യാഹിത വിഭാഗത്തില്‍ അധികസമയം കാത്തുനില്‍ക്കേണ്ടി വരുന്നതിനെ പറ്റിയുള്ള തര്‍ക്കങ്ങളാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരേയുള്ള അക്രമത്തില്‍ പലപ്പോഴും കലാശിക്കുന്നത്. ഇപ്രകാരമുള്ള കാറ്റഗറി തിരിക്കല്‍ തര്‍ക്കങ്ങള്‍ സൃഷ്ടിക്കുന്നത് ഒഴിവാക്കും.
ആശുപത്രികളില്‍ ചില സമയമെങ്കിലും അത്യാഹിതവിഭാഗത്തില്‍ ചികിത്സതേടുന്നവരില്‍ ഭൂരിഭാഗവും നിസാര ആരോഗ്യപ്രശ്നങ്ങളുമായി എത്തുന്നവരാണ്.ഇവര്‍ക്ക് ഔട്ട് പേഷ്യന്റ് വിഭാഗത്തിലെ ചികിത്സ മതിയാകുമെന്ന് നിഷ്കര്‍ഷിക്കാന്‍ ഇത് മൂലം സാധിക്കുന്നു.
സംസ്ഥാനത്തെ താലൂക്ക്, ജില്ലാ ആശുപത്രികളില്‍ കൂടുതലിടത്തും അത്യാഹിതവിഭാഗത്തില്‍ വൈകുന്നേരങ്ങളില്‍ ഒരു ഡോക്ടര്‍ മാത്രമാണ് ഉണ്ടാകുക. പോലീസ് അറസ്റ്റുചെയ്ത് വൈദ്യപരിശോധനയ്ക്കായി ഒട്ടേറെപ്പേരെ ഈ സമയത്ത് കൊണ്ടുവരാറുണ്ട്. പ്രതികളെ പരിശോധിക്കാനും റിപ്പോര്‍ട്ട് തയാറാക്കാനും പലപ്പോഴും അരമണിക്കൂറിലധികം വേണ്ടിവരും. തന്മൂലം അപകടം, ഹൃദ്രോഗബാധ തുടങ്ങി അടിയന്തരചികിത്സ ആവശ്യമുള്ളവര്‍ അത്യാഹിതവിഭാഗത്തില്‍ കാത്തിരിക്കേണ്ടിവരും. ഒരു ഡോക്ടര്‍തന്നെ ഇതെല്ലാം കൈകാര്യംചെേയ്യണ്ടിവരുന്ന അവസ്ഥയാണിപ്പോള്‍. എന്നാല്‍, ട്രയാജ് സംവിധാനം വരുന്നത്തോടെ അതിന് പരിഹാരം കാണാന്‍ സാധിക്കും.
ശരിയായ സമയത്ത് ശരിയായ രോഗിക്ക് ചികിത്സ നല്‍കുന്നതിലൂടെ മരണനിരക്ക് കുറയ്ക്കാന്‍ സഹായിക്കുന്നു. വിഭവങ്ങളുടെ (ബെഡുകള്‍, മരുന്നുകള്‍, ഉപകരണങ്ങള്‍) എന്നിവയുടെ ശരിയായ വിനിയോഗത്തിലൂടെ ആരോഗ്യസംവിധാനം കൂടുതല്‍ കാര്യക്ഷമമാകുന്നതിന് സഹായിക്കുന്നു. ട്രയാജ് വഴി ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും അവരുടെ സമയം ഏറ്റവും ആവശ്യമായ രോഗികള്‍ക്ക് വിനിയോഗിക്കാന്‍ കഴിയും. അതിനാല്‍ ചികിത്സ വൈകുന്നതും കുറയുന്നു.
ട്രയാജ് സംവിധാനം വ്യക്തമായ മാര്‍ഗ്ഗരേഖകള്‍ നല്കുന്നതിനാല് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തീരുമാനമെടുക്കല്‍ എളുപ്പമാകുന്നു.
സര്‍ക്കാര്‍ നടപടി ആവശ്യം
2020ല്‍ സംസ്ഥാനത്തെ ചുരുക്കം ചിലയിടങ്ങളില്‍ നടപ്പാക്കിയ ട്രയാജ് സംവിധാനം പിന്നീട് ജില്ലാ, താലൂക്ക് തല ആശുപത്രികളില്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. മതിയായ ആരോഗ്യ പ്രവര്‍ത്തകര്‍ ഇല്ലാത്തത് കാരണം പക്ഷേ ഇത് നടപ്പായില്ല. 90 ശതമാനം സ്ഥലങ്ങളിലും ട്രയാജ് ഏര്‍പ്പെടുത്താനായിട്ടില്ല. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഇനിയെങ്കിലും അത്യാഹിത വിഭാഗങ്ങളിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരേയുള്ള അക്രമങ്ങള്‍ കൂടുന്ന പശ്ചാത്തലത്തിലത്തിലും രോഗികള്‍ ചികിത്സ കിട്ടാതെ മരിക്കുന്ന സംഭവങ്ങളും ഒഴിവാക്കാന്‍ ട്രയാജ് സംവിധാനം നടപ്പാക്കണം. അതിനായി കൂടുതല്‍ ഡോക്ടര്‍മാരെയും മറ്റു ജീവനക്കാരെയും നിയമിക്കുകയും വേണം.
ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയില്‍ നില്ക്കുന്ന ഒരു അദൃശ്യ കൈയാണ് ട്രയാജ്. ഒരു രോഗിയുടെ ജീവിതം രക്ഷപ്പെടണമോ ഇല്ലയോ എന്നത് ചിലപ്പോള്‍ ഈ സംവിധാനത്തിന്റെ കൃത്യതയില്‍ ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ, ട്രയാജ് ആരോഗ്യരംഗത്തിന്റെ ജീവന് രക്ഷിക്കുന്ന ആദ്യ കവചമാണ്.
ജോബി ബേബി





Comments