കളമശേരി: സംസ്ഥാന സബ് ജൂനിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കുകയാണ്.
ഇന്നു രാവിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളും വൈകുന്നേരം സെമി ഫൈനല്‍ മത്സരങ്ങളും നടക്കും. ലീഗ് മത്സരങ്ങള്‍ അവസാനിച്ചതോടെ രണ്ട് വിഭാഗങ്ങളിലെയും ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പുകള്‍ തീരുമാനമായി.
രണ്ടാം ദിനത്തില്‍ വന്‍ അട്ടിമറിയാണ് അരങ്ങേറിയത്. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്‍ ആലപ്പുഴയെ 47-43 എന്ന സ്കോറിന് തൃശൂര്‍ അട്ടിമറിച്ചു. ജെറാഡ് ജെയ്സണ്‍ 26 പോയിന്റുമായി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. തോറ്റെങ്കിലും ആലപ്പുഴയും നോക്കൗട്ടില്‍ ഇടംപിടിച്ചു.
പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്‍ കോഴിക്കോട് കടുത്ത പോരാട്ടത്തില്‍ തിരുവനന്തപുരത്തെ മറികടന്നു. നിശ്ചിത സമയത്ത് സ്കോര്‍ തുലമായി. അതോടെ രണ്ട് അധിക സമയങ്ങളിലേക്ക് നീണ്ട ശേഷമാണു മത്സരം അവസാനിച്ചത്്. സ്കോര്‍: 39-36.
ആണ്/പെണ് വിഭാഗങ്ങളില്‍ ആതിഥേയരായ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍, കോട്ടയം, ആലപ്പുഴ ടീമുകള്‍ ഇരുവിഭാഗങ്ങളിലെയും ക്വാര്‍ട്ടറില്‍ ഇടം നേടി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാട്, പത്തനംതിട്ട ടീമുകളും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കൊല്ലം, മലപ്പുറം ടീമുകളും അവസാന എട്ടില്‍ ഇടംപിടിച്ചു.







Comments