
മക്കായ്: ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്ക് ഇന്നിങ്സ് ജയം. ഒരു ഇന്നിങ്സിനും 51 റണ്ണിനുമായിരുന്നു ജയം. രണ്ട് ടെസ്റ്റുകളുടെ പരമ്പര 1-1 നു സമനിലയില്‍ അവസാനിച്ചു.
സ്കോര്‍: ബംഗ്ലാദേശ് ഒന്നാം ഇന്നിങ്സ് 64, രണ്ടാം ഇന്നിങ്സ് 95. ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സ് 210.
ടെസ്റ്റ് രണ്ടാം ദിവസം തന്നെ അവസാനിച്ചെന്ന പ്രത്യേകതയുമുണ്ട്. ഒന്നാം ടെസ്റ്റില്‍ തങ്ങളെ തോല്‍പ്പിച്ച ബംഗ്ലാദേശിന് അതേ രീതിയില്‍ മറുപടി കൊടുക്കാന്‍ ഓസീസിനായി. രണ്ടാം ഇന്നിങ്സിലും ബംഗ്ലാദേശിന് നൂറ് കടക്കാനായില്ല. 146 റണ്‍ ലീഡ് വഴങ്ങി രണ്ടാമിന്നിങ്സ് ബാറ്റിങ് തുടങ്ങിയ ബംഗ്ലാദേശിന്റെ ബാറ്റര്‍മാര്‍ക്കു പിടിച്ചു നില്ക്കാനായില്ല. നാല് വിക്കറ്റെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കിന്റേയും മൂന്ന് വിക്കറ്റ് വീതമെടുത്ത നായകന് പാറ്റ് കുമ്മിന്സിന്റേയും നഥാന്‍ ലിയോണിന്റേയും ബൗളിങ് മികവ് അവര്‍ക്ക് ഇന്നിങ്സ് ജയം സമ്മാനിച്ചു. 46 പന്തില്‍ 31 റണ്ണെടുത്ത നായകന് നജ്മുല്‍ ഹുസൈന് ഷാന്റോ, 80 പന്തില്‍ 29 റണ്ണുമായി പുറത്താകാതെനിന്ന മുഷ്ഫിഖര്‍ റഹിം എന്നിവര്‍ മാത്രമാണു പിടിച്ചു നില്ക്കാന് ശ്രമിച്ചത്്. ഒന്‍പത് ബാറ്റര്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി. രണ്ട് ഇന്നിങ്സിലുമായി സ്റ്റാര്‍ക്ക് പത്ത് വിക്കറ്റുകള്‍ വീഴ്ത്തി. പാറ്റ് കുമ്മിന്‍സ് ആറ് വിക്കറ്റുമെടുത്തു. എട്ടിന് 165 റണ്‍ എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ഓസ്ട്രേലിയ വൈകാതെ ഓള്‍ഔട്ടായി. ഷോരിഫുള്‍ ഇസ്ലാം 48 റണ്‍ വഴങ്ങി ഏഴ് വിക്കറ്റെടുത്തു. തസ്കിന് അഹമ്മദ്, തായ്ജുള്‍ ഇസ്ലാം, മെഹ്ദി ഹസന് മിറാസ് എന്നിവര്‍ ഒരു വിക്കറ്റ് വീതമെടുത്തു. 67 റണ്ണെടുത്ത കാമറൂണ്‍ ഗ്രീനാണ് ടോപ് സ്കോറര്‍. നഥാന്‍ ലിയോണ്‍ 62 പന്തില്‍ ഒരു സിക്സറും നാല് ഫോറുമടക്കം 32 റണ്ണുമായി പുറത്താകാതെനിന്നു. സ്റ്റാര്‍ക്കും ഷോരിഫുളും ടെസ്റ്റിന്റെ ആദ്യ ദിവസം തന്നെ ആറ് വിക്കറ്റ് വീതമെടുത്ത അപൂര്‍വതയുമുണ്ടായി. നാലാം തവണയാണ് ഒരേ ആദ്യ ദിവസം തന്നെ രണ്ട് ടീമിലെയും ബൗളര്‍മാര്‍ ആറ് വിക്കറ്റ് വീതമെടുക്കുന്നത്. രണ്ട് ടെസ്റ്റുകളിലായി 12 വിക്കറ്റെടുത്ത മിച്ചല്‍ സ്റ്റാര്‍ക്ക് പരമ്പരയിലെയും മത്സരത്തിലെയും താരമായി. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഓസീസ് ഒന്നാം സ്ഥാനത്തു തുടരുകയാണ്. 10 കളികളില്‍നിന്ന് എട്ട് ജയം കുറിച്ച അവര്‍ 96 പോയിന്റ് (80.00 പോയിന്റ് ശതമാനം) നേടി. രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്ക നാല് കളികളില്‍നിന്നു മൂന്ന് ജയം കുറിച്ചു. 36 പോയിന്റുള്ള അവരുടെ പോയിന്റ് ശതമാനം 75.00 ആണ്. ന്യൂസിലന്‍ഡ് മൂന്നാം സ്ഥാനത്തും ബംഗ്ലാദേശ് നാലാം സ്ഥാനത്തുമാണ്. ഇന്ത്യയാണ് അഞ്ചാമത്.







Comments