
കൊല്‍ക്കത്ത: മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റിനെ 4-1 നു തോല്‍പ്പിച്ച് ഈസ്റ്റ് ബംഗാള്‍ ഡുറന്‍ഡ് കപ്പ് ഫുട്ബോള്‍ ജേതാക്കളായി. 22 വര്‍ഷത്തിനു ശേഷമാണ് ഈസ്റ്റ് ബംഗാള്‍ ഡുറന്‍ഡ് കപ്പ് നേടുന്നത്. 2004 ലെ ഫൈനലിലും മോഹന്‍ ബഗാനെയാണ് (2-0) ഈസ്റ്റ് ബംഗാള്‍ തോല്‍പ്പിച്ചത്.
ഇന്നലെ നടന്ന ഫൈനലില്‍ ഈസ്റ്റ് ബംഗാളിനായി എഡ്മണ്ട് ലാല്‍റിന്‍ഡിക ഹാട്രിക്കടിച്ചു. ബിപിന്‍ സിങ്ങാണ് ഒരു ഗോളടിച്ചത്. മന്‍വീര്‍ സിങാണു ബഗാനായി ഗോളടിച്ചത്. 138 വര്‍ഷത്തെ ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം നേടുന്ന ടീമെന്ന നേട്ടത്തില്‍ ബഗാനൊപ്പമെത്താന് ഈസ്റ്റ് ബംഗാളിനായി. കളിയുടെ പത്താം മിനിറ്റില്‍ തന്നെ ബിപിന്‍ സിങ് ഈസ്റ്റ് ബംഗാളിനെ മുന്നിലെത്തിച്ചു. 12, 22, 44 മിനിറ്റുകളിലായിരുന്നു എഡ്മണ്ടിന്റെ ഗോളുകള്‍. 33-ാം മിനിറ്റില്‍ മന്‍വീര്‍ സിങ് ബഗാനു വേണ്ടി ഒരു ഗോള്‍ മടക്കി.
ബൈചുങ് ബൂട്ടിയയ്ക്കു ശേഷം കൊല്‍ക്കത്ത ഡര്‍ബിയില്‍ ഹാട്രിക്കടിക്കുന്ന ഈസ്റ്റ് ബംഗാള്‍ താരമാണ് എഡ്മണ്ട്. ബൂട്ടിയ 1997 ലെ ഫെഡറേഷന് കപ്പ് സെമി ഫൈനലിലാണു ബഗാനെതിരേ ഹാട്രിക്കടിച്ചത്. കൊല്‍ക്കത്ത ഡര്‍ബിയിലെ മറ്റ് ഹാട്രിക്കുകള്‍ ബഗാന്റെ എഡെ ചിഡി, കിയാന് നസിറി എന്നിവരുടെ വകയായിരുന്നു.







Comments