
ഓണം വീണ്ടും എത്തുമ്പോള്‍ മാവേലിയുടെ നാടിനെക്കുറിച്ചുള്ള പഴയ സങ്കല്പം നമ്മെ തേടിയെത്തുന്നു. ഐശ്വര്യവും സമത്വവും നീതിയും മനുഷ്യസ്നേഹവും നിറഞ്ഞ ഒരു നാട്. എന്നാല്‍, ആഘോഷത്തിന്റെ ആരവങ്ങള്‍ക്കിടയില്‍ നാം സ്വയം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്: മാവേലി ഇന്ന് കേരളത്തിലേക്ക് തിരിച്ചുവന്നാല്‍, തന്റെ നാടിനെ തിരിച്ചറിയുമോ? ആ ചോദ്യം പഴയൊരു ഐതിഹ്യത്തെക്കുറിച്ചല്ല; നാം എങ്ങനെയൊരു സമൂഹമാണ് പടുത്തുയര്ത്തിക്കൊണ്ടിരിക്കുന്നതെന്ന ആത്മപരിശോധനയെക്കുറിച്ചാണ്.
വിശപ്പില്ലാത്ത കേരളമാണ് ആദ്യം വേണ്ടത്. ഭക്ഷണം ലഭിക്കാത്ത ഒരാളുടെ മുന്നില്‍ വികസനത്തിന്റെ കണക്കുകള്‍ക്ക് അര്‍ഥമില്ല. അതുപോലെ ജാതിയുടെയും മതത്തിന്റെയും സമ്പത്തിന്റെയും അധികാരത്തിന്റെയും പേരിലുള്ള വിവേചനം നിലനില്‍ക്കുന്നിടത്ത് മാവേലിയുടെ സമത്വസങ്കല്പം അപൂര്‍ണമാണ്. അവസരങ്ങളിലെ തുല്യതയും മാന്യമായ ജീവിതത്തിനുള്ള അവകാശവും ഓരോ പൗരനും ഉറപ്പാക്കുമ്പോഴാണ് ആ സ്വപ്നത്തിന് അര്‍ഥമുണ്ടാകുന്നത്.
സ്ത്രീക്ക് ഭയമില്ലാതെ ജീവിക്കാനും യാത്ര ചെയ്യാനും ജോലി ചെയ്യാനും സ്വന്തം തീരുമാനങ്ങളെടുക്കാനും കഴിയുന്ന കേരളമാണ് യഥാര്‍ഥ പുരോഗതിയുടെ അടയാളം. യുവാക്കളെ വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്ന നാടായി മാത്രം കേരളം മാറരുത്. കര്ഷകന് തന്റെ അധ്വാനത്തിന് മാന്യമായ വരുമാനം നേടുന്നില്ലെങ്കില്‍ ഓണത്തിന്റെ വിളവെടുപ്പ് സ്മരണ മാത്രമായി ചുരുങ്ങും. ഗ്രാമീണ സമ്പദ്?വ്യവസ്ഥയും തൊഴിലും സംരംഭകത്വവും ശക്തിപ്പെടുത്താതെ യുവതലമുറയുടെ പ്രതീക്ഷകള്‍ സംരക്ഷിക്കാനാവില്ല.വയോധികര്‍ കുടുംബത്തിലും സമൂഹത്തിലും ഭാരമായി തോന്നാത്ത കേരളവും നമുക്ക് വേണം. ആയുസ്സ് കൂടുന്നതിനൊപ്പം ഏകാന്തത കൂടുന്ന സമൂഹം വികസിതമെന്നു വിളിക്കപ്പെടാന്‍ അര്‍ഹമല്ല. പരിചരണവും സുരക്ഷയും സ്നേഹവും അവകാശമായി ലഭിക്കുന്ന സാമൂഹിക അന്തരീക്ഷമാണ് അവര്‍ക്കാവശ്യം.പ്രകൃതിയെ കൊള്ളയടിച്ചുകൊണ്ട് സമൃദ്ധി സൃഷ്ടിക്കാനാവില്ല. മണ്ണും വെള്ളവും കാടും കുന്നുകളും സംരക്ഷിക്കപ്പെടുന്ന കേരളമാണ് വരുംതലമുറയ്ക്കുള്ള യഥാര്‍ഥ ഓണസമ്മാനം. അതുപോലെ മതവിദ്വേഷത്തിന് ഇടമില്ലാത്ത, വിശ്വാസങ്ങള്‍ വ്യത്യസ്തമായാലും മനുഷ്യര്‍ പരസ്പരം ബഹുമാനിക്കുന്ന കേരളം നമ്മുടെ ഏറ്റവും വലിയ സാമൂഹിക സമ്പത്താണ്.
ഓണം അതുകൊണ്ടുതന്നെ ആഘോഷത്തിന്റെ ദിവസമെന്നതിലുപരി മൂല്യങ്ങളുടെ ഓര്‍മപ്പെടുത്തലാകണം. പൂക്കളത്തിന്റെയും സദ്യയുടെയും സമൃദ്ധിക്കൊപ്പം പങ്കുവയ്ക്കലിന്റെ സംസ്കാരവും തിരിച്ചുവരണം. അയല്‍വാസിയുടെ ദുഃഖം സ്വന്തം ദുഃഖമായി കാണുന്ന മനസും അന്യന്റെ അവകാശത്തെ സ്വന്തം അവകാശം പോലെ സംരക്ഷിക്കുന്ന പൗരബോധവും വളരണം. ഭരണകൂടങ്ങള്‍ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിലുപരി അവയുടെ പ്രയോജനം അവസാനത്തെ മനുഷ്യനിലേക്കും എത്തുന്നുണ്ടെന്ന് ഉറപ്പാക്കണം. സമൂഹത്തിന്റെ പുരോഗതി അളക്കേണ്ടത് ഏറ്റവും സമ്പന്നന്റെ ജീവിതനിലവാരം കൊണ്ടല്ല, ഏറ്റവും പിന്നാക്കക്കാരന്റെ സുരക്ഷയും മാന്യതയും കൊണ്ടാണ്. ഈ ബോധം നമ്മുടെ പൊതുജീവിതത്തിന്റെ കേന്ദ്രമാകുമ്പോഴേ ഓണത്തിന്റെ സന്ദേശം കാലികമാകൂ.
അത്തരം കേരളം സ്വപ്നം കാണുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാണ് മാവേലിയെ കാത്തിരിക്കുന്നതിനെക്കാള്‍ വലിയ ഓണാചരണം. അത് രാഷ്ട്രീയത്തിന്റെയും ഭരണത്തിന്റെയും സാമൂഹിക ഇടപെടലുകളുടെയും സ്ഥിരമായ ലക്ഷ്യമായി മാറണം; ആഘോഷം അവസാനിച്ചാലും ആ പ്രതിജ്ഞ അവസാനിക്കരുത്.മാവേലി വരുമെന്ന് കാത്തിരിക്കേണ്ട കാലമല്ലിത്. മാവേലിയുടെ നാട് നാം തന്നെ സൃഷ്ടിക്കേണ്ട കാലമാണ്. വിശപ്പില്ലാത്ത, വിവേചനമില്ലാത്ത, സുരക്ഷിതവും തൊഴില്സമ്പന്നവും പ്രകൃതിസൗഹൃദവും മാനുഷികവുമായ കേരളം-അതാണ് ഓണം നമ്മില്‍നിന്ന് ആവശ്യപ്പെടുന്ന ഏറ്റവും വലിയ പ്രതിജ്ഞ.





Comments