ഇന്ത്യയിലെ വിമാനത്താവള മേഖലയില്‍ സ്വകാര്യവല്‍ക്കരണത്തിന്റെ മൂന്നാംഘട്ടത്തിന് കേന്ദ്രസര്‍ക്കാര്‍ തത്വത്തില്‍ അനുമതി നല്കിയിരിക്കുന്നു. രാജ്യത്തിന്റെ വ്യോമഗതാഗത സംവിധാനത്തിന്റെ ഭാവി, പൊതുമേഖലയുടെ പങ്ക്, സ്വകാര്യ മൂലധനത്തിന്റെ ആവശ്യകത, ഉപഭോക്തൃ താല്പര്യം, പ്രാദേശിക വികസനം എന്നിവയെല്ലാം ഒരുമിച്ച് ചര്‍ച്ച ചെേയ്യണ്ട ഘട്ടമാണിത്.
11 വിമാനത്താവളങ്ങളെ അഞ്ച് ബണ്ടിലുകളായി തിരിച്ച് സ്വകാര്യവത്കരിക്കാനുള്ള വ്യോമയാന മന്ത്രാലയത്തിന്റെ നിര്‍ദേശത്തിനാണ് പബ്ലിക് ൈപ്രവറ്റ് പാര്‍ട്ണര്‍ഷിപ്പ് അൈപ്രസല് കമ്മിറ്റി (പി.പി.പി.എ.സി.) തത്വത്തില്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. അമൃത്?സര്-കാംഗ്ര, വാരണാസി-ഗയ-കുശിനഗര്‍, ഭുവനേശ്വര്‍-ഹുബ്ബള്ളി, റായ്പൂര്‍-ഔറംഗാബാദ്, തിരുച്ചിറപ്പള്ളി-തിരുപ്പതി എന്നിവയാണ് അഞ്ച് ബണ്ടിലുകള്‍. കമ്മിറ്റിയുടെ അന്തിമ ശിപാര്ശയ്ക്കുശേഷം നിര്‍ദേശം കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതിയുടെ പരിഗണനയിലെത്തും.
സ്വകാര്യവല്‍ക്കരണത്തിനെതിരേ മാത്രം വാദിക്കുകയോ അതിനെ വികസനത്തിന്റെ അനിവാര്യ ഉപാധിയായി മാത്രം അവതരിപ്പിക്കുകയോ ചെയ്യുന്നത് വിഷയത്തിന്റെ സങ്കീര്‍ണത ലഘൂകരിക്കലായിരിക്കും. യഥാര്‍ഥ ചോദ്യം വിമാനത്താവളങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് നല്‍കണമോ എന്നതിലുപരി, എങ്ങനെയാണ് നല്‍കേണ്ടത്, ആര്‍ക്കാണ് നല്‍കേണ്ടത്, എത്രത്തോളം നിയന്ത്രണങ്ങളോടെ നല്‍കണം, അതിലൂടെ പൊതുതാല്പര്യം എങ്ങനെ സംരക്ഷിക്കണം എന്നതാണ്.
സ്വകാര്യ പങ്കാളിത്തത്തിന്റെ ആവശ്യകത നിഷേധിക്കാനാവില്ല. വിമാനത്താവളം ഇന്ന് യാത്രക്കാരെ കയറ്റിയിറക്കുന്ന ടെര്‍മിനല്‍ മാത്രമല്ല. നഗരവികസനം, വിനോദസഞ്ചാരം, ചരക്കുനീക്കം, വ്യവസായ നിക്ഷേപം, തൊഴില്‍ തുടങ്ങിയ മേഖലകളെ സ്വാധീനിക്കുന്ന സാമ്പത്തിക കേന്ദ്രമാണത്. വന്‍തോതിലുള്ള നിക്ഷേപവും ആധുനിക മാനേജ്മെന്റും സാങ്കേതികവിദ്യയും ആവശ്യമായ സാഹചര്യത്തില്‍ സ്വകാര്യ മൂലധനത്തിന്റെയും പബ്ലിക്-ൈപ്രവറ്റ് പാര്‍ട്ണര്‍ഷിപ്പിന്റെയും പങ്ക് തള്ളിക്കളയാനാവില്ല.
എന്നാല്‍ പി.പി.പി.എ. കമ്മിറ്റി തന്നെ ഉയര്‍ത്തിയ കുത്തകസ്വഭാവമുള്ള കേന്ദ്രീകരണത്തിന്റെ ആശങ്കയാണ് കൂടുതല്‍ ശ്രദ്ധേയമായത്. മുന്‍ഘട്ടത്തില്‍ വില്പനയ്ക്കുവച്ച ആറ് വിമാനത്താവളങ്ങളുടെയും കരാര്‍ ഒരേയൊരു വ്യവസായ ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു. ഒരു ബിഡ്ഡര്‍ക്ക് പരമാവധി രണ്ട് വിമാനത്താവളങ്ങള്‍ മാത്രമെന്ന പരിധിയും വിമാനത്താവള നടത്തിപ്പിലെ മുന്‍പരിചയം നിര്‍ബന്ധമാക്കണമെന്നുമുള്ള ധനമന്ത്രാലയത്തിന്റെയും നിതി ആയോഗിന്റെയും ശിപാര്‍ശകള്‍ അന്ന് അംഗീകരിക്കപ്പെട്ടില്ല.
ഇപ്പോള്‍ ഒരു ബിഡ്ഡര്‍ക്ക് എത്ര ബണ്ടിലുകള്‍ വരെ നല്‍കാമെന്ന കാര്യത്തില്‍ പരിധി കൊണ്ടുവരാനുള്ള നീക്കം സ്വാഗതാര്‍ഹമാണ്. എന്നാല്‍, അത് വെറും എണ്ണപരിധിയായി ചുരുങ്ങരുത്. ഒരു സ്ഥാപനത്തിന് രണ്ടോ മൂന്നോ ബണ്ടിലുകള്‍ മാത്രം നല്കുന്നതുകൊണ്ട് യഥാര്‍ഥ മത്സരം ഉറപ്പാകണമെന്നില്ല. ഓരോ ബണ്ടിലിലെയും വിമാനത്താവളങ്ങളുടെ വലുപ്പം, വരുമാനശേഷി, വളര്‍ച്ചാസാധ്യത, ഭൗമശാസ്ത്രപരമായ പ്രാധാന്യം എന്നിവയും പരിഗണിക്കണം.
വിമാനത്താവളം ഒരു സാധാരണ വ്യാപാരസ്ഥാപനമല്ല. അതൊരു പൊതുസേവന അടിസ്ഥാനസൗകര്യമാണ്. ലാന്‍ഡിങ്, പാര്‍ക്കിങ്, യാത്രക്കാരുടെ സേവനം, റീട്ടെയില്‍, പാര്‍ക്കിങ് ഫീസ് തുടങ്ങിയ മേഖലകളില്‍ സ്വകാര്യ ഓപ്പറേറ്റര്‍ക്ക് വലിയ സ്വാധീനമുണ്ടാകും. മത്സരിക്കാന്‍ കഴിയാത്ത മേഖലകളില്‍ നിരക്ക് വര്‍ധനയുടെ ഭാരം ഒടുവില്‍ യാത്രക്കാരിലേക്കാണ് മാറുക. അതിനാല്‍, സ്വകാര്യവല്‍ക്കരണത്തിന്റെ വിജയം സര്‍ക്കാര്‍ എത്ര രൂപയ്ക്ക് ആസ്തി കൈമാറി എന്നതുകൊണ്ട് മാത്രം അളക്കരുത്. സേവനനിലവാരം, നിരക്കുകളുടെ ന്യായീകരണം, വിമാനത്താവള വികസനനിക്ഷേപം, പ്രാദേശിക സമ്പദ്?വ്യവസ്ഥയ്ക്ക് ലഭിക്കുന്ന നേട്ടം എന്നിവയും മാനദണ്ഡങ്ങളാകണം.
പി.പി.പി.എ.സി. ചെയര്‍ ഉന്നയിച്ച അമിതമായ കടബാധ്യതയുടെ ആശങ്കയും പ്രസക്തമാണ്. വലിയ അടിസ്ഥാനസൗകര്യ ആസ്തികള്‍ സ്വന്തമാക്കാന്‍ അമിതമായി കടമെടുക്കുന്ന ഒരു കമ്പനിക്ക് പിന്നീട് ആ കടബാധ്യത തിരിച്ചടയ്ക്കാന്‍ വിമാനത്താവള വരുമാനം പരമാവധി ചൂഷണം ചെയ്യാനുള്ള സമ്മര്‍ദമുണ്ടാകാം. അതിന്റെ പ്രതിഫലം ഉപഭോക്തൃനിരക്കുകളിലും സേവനഗുണനിലവാരത്തിലും നിക്ഷേപത്തിലും പ്രത്യക്ഷപ്പെടാം. അതിനാല്‍ ബിഡ്ഡറുടെ സാമ്പത്തിക ശേഷിയും കടബാധ്യതയും മറ്റ് വിമാനത്താവളങ്ങളിലെ പങ്കാളിത്തവും മുന്‍കൂട്ടി പരിശോധിക്കണം.
വിമാനത്താവളങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് കൈമാറുന്നതിനെക്കാള്‍ പ്രധാനപ്പെട്ടത്, അവ കൈമാറിയശേഷം സര്‍ക്കാര്‍ എങ്ങനെ നിയന്ത്രിക്കുന്നു എന്നതാണ്. നിരക്കുകള്‍, യാത്രക്കാരുടെ അവകാശങ്ങള്‍, സേവനനിലവാരം, സുരക്ഷ, പരിസ്ഥിതി ബാധ്യതകള്‍ എന്നിവയ്ക്ക് ശക്തമായ റെഗുലേറ്ററി സംവിധാനം വേണം. കരാറുകളില്‍ അളക്കാവുന്ന പ്രവര്ത്തനമാനദണ്ഡങ്ങളും വ്യക്തമായ ഉത്തരവാദിത്വങ്ങളും ഉള്‍പ്പെടുത്തണം.
പുതിയ ബണ്ടിലുകളിലെ പല വിമാനത്താവളങ്ങളും പ്രാദേശിക സമ്പദ്?വ്യവസ്ഥയ്ക്ക് നിര്‍ണായകമാണ്. തിരുച്ചിറപ്പള്ളി, തിരുപ്പതി, ഗയ, കുശിനഗര്‍, കാംഗ്ര തുടങ്ങിയ വിമാനത്താവളങ്ങളെ കേവലം വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തരുത്. വിനോദസഞ്ചാരം, തീര്‍ഥാടനം, പ്രവാസി യാത്ര, വ്യാപാരം എന്നിവയ്ക്ക് അവ നല്കുന്ന സാമൂഹികസാമ്പത്തിക മൂല്യവും പരിഗണിക്കണം.
ഏറ്റവും ആവശ്യമായത് സുതാര്യതയാണ്. ബണ്ടിലുകള്‍ രൂപീകരിച്ച മാനദണ്ഡം, ആസ്തിമൂല്യം, വരുമാനസാധ്യത, സ്വകാര്യ ഓപ്പറേറ്ററുടെ ബാധ്യതകള്‍, സര്‍ക്കാരിന്റെ സാമ്പത്തിക നേട്ടം, യാത്രക്കാരുടെ സാധ്യതയുള്ള അധികചെലവ്, ഒരു ബിഡ്ഡര്‍ക്ക് അനുവദിക്കുന്ന പരിധി എന്നിവ പൊതുജനങ്ങള്‍ക്ക് വ്യക്തമാക്കണം. മുന്‍ഘട്ടത്തിലെ അനുഭവത്തില്‍നിന്ന് സര്‍ക്കാര്‍ എന്താണ് പഠിച്ചതെന്നും വിശദീകരിക്കണം.
ഇവിടെ പൊതുമേഖലയും സ്വകാര്യ മേഖലയുമെന്ന പഴയ ദ്വന്ദ്വത്തിനപ്പുറം പോകേണ്ടതുണ്ട്. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ തുടരുന്ന വിമാനത്താവളങ്ങളും കാര്യക്ഷമതയുടെ മാതൃകയാകണമെന്നില്ല; സ്വകാര്യ നിയന്ത്രണത്തിലുള്ളവ സ്വാഭാവികമായി കാര്യക്ഷമമാകുമെന്നും കരുതാനാവില്ല. ഉടമസ്ഥതയേക്കാള്‍ പ്രധാനമാണ് ഭരണരീതി, നിയന്ത്രണം, ഉത്തരവാദിത്വം, സുതാര്യത എന്നിവ. സ്വകാര്യവല്‍ക്കരണം വഴി ലഭിക്കുന്ന തുക ഒരുതവണത്തെ വരുമാനമാണ്; എന്നാല്‍ വിമാനത്താവളത്തിന്റെ ദീര്‍ഘകാല സാമ്പത്തിക മൂല്യം രാജ്യത്തിന് നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. അതിനാല്‍ ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുക വാഗ്ദാനം ചെയ്യുന്ന സ്ഥാപനത്തെ മാത്രം വിജയിയായി കാണുന്ന സമീപനം ഒഴിവാക്കണം. സാങ്കേതിക ശേഷി, സേവന നിലവാരം, നിക്ഷേപപദ്ധതി, സാമ്പത്തിക സ്ഥിരത, മത്സരപരമായ പെരുമാറ്റം എന്നിവയ്ക്കും തുല്യ പ്രാധാന്യം നല്‍കണം. കരാറുകളുടെ കാലാവധി, പുതുക്കല്‍ വ്യവസ്ഥകള്‍, കരാര്‍ ലംഘനങ്ങള്‍ക്ക് ശിക്ഷ, ആവശ്യമായപ്പോള്‍ നിയന്ത്രണം പുനഃക്രമീകരിക്കാനുള്ള അധികാരം എന്നിവയും മുന്‍കൂട്ടി വ്യക്തമാക്കണം. വിമാനത്താവളങ്ങള്‍ പൊതുസമ്പത്തിന്റെ ഭാഗമായതിനാല്‍ ജനങ്ങളുടെ താല്പര്യം കരാറിന്റെ കേന്ദ്രത്തില്‍ തന്നെയുണ്ടാകണം. സ്വകാര്യവല്‍ക്കരണത്തിന്റെ പേരില്‍ പൊതുമേഖലയുടെ ശേഷി പൂര്‍ണമായി ഉപേക്ഷിക്കാതെ, ശക്തമായ ഒരു പൊതു നിയന്ത്രണ ശേഷി നിലനിര്‍ത്തുന്നതും അത്ര തന്നെ പ്രധാനമാണ്.
മറ്റൊരു നിര്‍ണായക വിഷയം യാത്രക്കാരുടെ അവകാശങ്ങളാണ്. വൈകിയ വിമാനങ്ങള്‍, റദ്ദാക്കലുകള്‍, ബാഗേജ് നഷ്ടം, സേവനത്തിലെ വീഴ്ചകള്‍ തുടങ്ങിയ പരാതികള്‍ക്ക് വേഗത്തിലുള്ള പരിഹാരസംവിധാനം വേണം. വിമാനത്താവള വികസനത്തിന്റെ പേരില്‍ പരിസരവാസികള്‍ക്കും പരിസ്ഥിതിക്കും ഉണ്ടാകുന്ന ബാധ്യതകളും അവഗണിക്കരുത്. വികസനം മനുഷ്യകേന്ദ്രിതമായിരിക്കണം; വരുമാനകേന്ദ്രിതം മാത്രമാകരുത്.
അപ്പോഴേ സ്വകാര്യവല്‍ക്കരണം സാമ്പത്തിക പരിഷ്കാരമെന്ന നിലയില്‍ ജനാധിപത്യപരമായ അംഗീകാരം നേടുകയുള്ളൂ. അല്ലെങ്കില്‍ ഇന്നത്തെ കാര്യക്ഷമത നാളത്തെ കുത്തകയായി മാറും. ഈ മുന്നറിയിപ്പ് സര്‍ക്കാര്‍ ഗൗരവമായി കണക്കിലെടുക്കണം തീര്‍ച്ചയായും.
സ്വകാര്യവല്‍ക്കരണം ഖജനാവിലേക്ക് പണം സമാഹരിക്കുന്ന പദ്ധതിയായി മാത്രം മാറരുത്. അതിന്റെ ലക്ഷ്യം മെച്ചപ്പെട്ട അടിസ്ഥാനസൗകര്യവും കാര്യക്ഷമമായ സേവനവും കൂടുതല്‍ കണക്ടിവിറ്റിയും പ്രാദേശിക സാമ്പത്തിക വളര്‍ച്ചയും ആയിരിക്കണം. ഇന്നത്തെ കരാറുകള്‍ അടുത്ത പതിറ്റാണ്ടുകളിലെ വിപണി ഘടന നിര്‍ണയിക്കും.
അതുകൊണ്ട് സ്വകാര്യവല്‍ക്കരണത്തെ അനുകൂലിക്കണോ എതിര്‍ക്കണോ എന്നതല്ല പ്രധാന ചോദ്യം. മത്സരമുള്ള സ്വകാര്യ പങ്കാളിത്തം പൊതുതാല്പര്യത്തിന് ഗുണകരമാണ്; എന്നാല്‍, കുറച്ച് സ്ഥാപനങ്ങളുടെ കൈകളില്‍ പ്രധാന വിമാനത്താവളങ്ങള്‍ കേന്ദ്രീകരിക്കുന്നത് ആരോഗ്യകരമായ വിപണി സൃഷ്ടിക്കില്ല. വിമാനത്താവളങ്ങള്‍ ആരുടെ ഉടമസ്ഥതയിലായാലും യാത്രക്കാരനും സമ്പദ്?വ്യവസ്ഥയ്ക്കും രാജ്യത്തിനും എത്രമാത്രം പ്രയോജനം ലഭിക്കുന്നു എന്നതാണ് അന്തിമ അളവുകോല്‍.
കെ.ജി. സന്ദീപ്





Comments