കേരളത്തിന്റെ സാമൂഹിക ജീവിതത്തെ കാര്‍ന്നുതിന്നുന്ന ലഹരി എന്ന മഹാമാരിക്കെതിരേ, ഈ നാട് ഒറ്റക്കെട്ടായി നടത്തിയ പോരാട്ടത്തിന്റെ പേരാണ് 'ഓപ്പറേഷന് തൂഫാന്'. ഇതൊരു പോലീസ്/എക്സൈസ് നടപടി മാത്രമായിരുന്നില്ല, മറിച്ച് ഒരു നാടിന്റെ അതിജീവനത്തിനായുള്ള കൂട്ടായ്മയായിരുന്നു. ഓരോ മണിക്കൂറിലും ആറ് പേര് അറസ്റ്റിലാകുന്നു എന്ന കണക്ക് കേള്‍ക്കുമ്പോള്‍ ആദ്യം ഞെട്ടല്‍ തോന്നാം. എന്നാല്‍ ആ കണക്കിനുപിന്നില് സര്‍ക്കാരിന്റെ ഇച്ഛാശക്തിയും, പോലീസ് സേനയുടെ അര്‍പ്പണബോധവും, ഈ നാട്ടിലെ സാധാരണ ജനങ്ങളുടെ ജാഗ്രതയുമുണ്ട്.
ഇന്ന് കേരളത്തില്‍ ലഹരിയുടെ ലഭ്യത ഗണ്യമായി കുറഞ്ഞുവെന്നത് തെരുവില്‍ ഇറങ്ങുന്ന ഏതൊരു പൗരനും മനസിലാക്കാന്‍ സാധിക്കുന്ന യാഥാര്‍ഥ്യമാണ്. സ്കൂളുകളുടെയും കോളജുകളുടെയും പരിസരത്തുനിന്നും, ബസ് സ്റ്റാന്‍ഡുകളില്‍നിന്നും, ഒഴിഞ്ഞ പറമ്പുകളില്‍നിന്നും ലഹരി വില്‍പ്പനക്കാര്‍ പിന്മാറിത്തുടങ്ങി. ഇത് ഭയന്ന് പിന്മാറലാണ്, നിയമത്തിന്റെ തൂഫാന് വീശിയടിക്കുമെന്ന ഭയം. 9280 കേസുകള്‍, 10015 അറസ്റ്റുകള്‍, 1004 കിലോഗ്രാം കഞ്ചാവ്, 8.28 കിലോഗ്രാം എം.ഡി.എം.എ. എന്നീ കണക്കുകള്‍ വെറും കണക്കുകളല്ല, അവ ഓരോ വീടിന്റെയും സമാധാനത്തിനു വേണ്ടി എടുത്ത നടപടികളുടെ അടയാളപ്പെടുത്തലുകളാണ്.
ഓപ്പറേഷന് തൂഫാന് എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്മ വരുന്നത് അതിന്റെ വേഗമാണ്. മണിക്കൂറില്‍ ആറ് അറസ്റ്റ് എന്നത് കേരള പോലീസിന്റെ ചരിത്രത്തിലെ സമാനതകളില്ലാത്ത ഒരു നേട്ടമാണ്. കൃത്യമായ ആസൂത്രണത്തിന്റെയും, രഹസ്യവിവര ശേഖരണത്തിന്റെയും, ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യയുടെ ഉപയോഗത്തിന്റെയും ഫലമാണ്. പതിനായിരത്തിലധികം അറസ്റ്റുകളെന്നത് അത്രയും ലഹരി കണ്ണികളെ സമൂഹത്തില്‍നിന്നും വേര്‍പെടുത്തി എന്നതിന്റെ തെളിവാണ്. ഇതില്‍ ചില്ലറ വില്‍പ്പനക്കാര്‍ മാത്രമല്ല, വന്‍കിട മൊത്തക്കച്ചവടക്കാര്‍, അന്തര്‍ സംസ്ഥാന കണ്ണികള്‍, ഡാര്‍ക്ക് നെറ്റിലൂടെ എം.ഡി.എം.എ. എത്തിച്ചവര്‍, ക്രിപ്റ്റോ കറന്‍സി വഴി പണം കൈമാറിയവര്‍ വരെ ഉള്‍പ്പെടുന്നു. പലപ്പോഴും ഒരു ചെറിയ കഞ്ചാവ് കേസില്‍നിന്ന് തുടങ്ങി അന്വേഷണം വലിയ എം.ഡി.എം.എ. ലോബിയില്‍ എത്തുന്ന കാഴ്ചയാണ് നാം കണ്ടത്.
1004 കിലോഗ്രാം കഞ്ചാവ് എന്നത് ഒരു ടണ്ണിലധികം വരും. അതായത് ഒരു ടണ്ണിലധികം വിഷം നമ്മുടെ കുട്ടികളിലേക്ക് എത്താതെ തടഞ്ഞു എന്ന് അര്‍ഥം. അതുപോലെ തന്നെ 8.28 കിലോഗ്രാം എം.ഡി.എം.എ. എം.ഡി.എം.എയുടെ വിലയും അതിന്റെ പ്രഹരശേഷിയും അറിയുന്നവര്‍ക്ക് അറിയാം, ഒരു ഗ്രാം പോലും എത്രമാത്രം അപകടകാരിയാണ് എന്ന്. ഈ സാന്നിധ്യമാണ് ലഹരി മാഫിയയെ ഭയപ്പെടുത്തുന്നത്.
ലഹരിയുടെ ലഭ്യത കുറഞ്ഞതിന് മൂന്നു പ്രധാന കാരണങ്ങളുണ്ട്. ഒന്ന്, സൈപ്ല ചെയിന്‍ തകര്‍ത്തു. കേരളത്തിലേക്ക് ലഹരി എത്തിക്കുന്ന പ്രധാന ഇടനാഴികളായ അതിര്‍ത്തി ചെക്ക് പോസ്റ്റുകളായ വാളയാര്‍, പാറശാല, മുത്തങ്ങ, ആര്യങ്കാവ് എന്നിവിടങ്ങളില്‍ 24 മണിക്കൂര്‍ പരിശോധന ശക്തമാക്കി. ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണം, ഡോഗ് സ്ക്വാഡിന്റെ സഹായം, നമ്പര്‍ പ്ലേറ്റ് തിരിച്ചറിയുന്ന ക്യാമറകള്‍ ഇവയെല്ലാം ഫലം കണ്ടു. രണ്ട്, ഡിമാന്‍ഡ് കുറച്ചു. സ്കൂളുകളിലും കോളജുകളിലും നടത്തിയ ബോധവല്‍ക്കരണം, വിമുക്തി മിഷന്റെ പ്രവര്‍ത്തനങ്ങള്‍, കുടുംബശ്രീ വഴിയുള്ള അമ്മമാരുടെ കൂട്ടായ്മ, എന്‍.എസ്.എസ്, എന്‍.സി.സി, സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, എസ്.പി.സി. തുടങ്ങിയ വിദ്യാര്‍ഥി സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ഇവയെല്ലാം കുട്ടികളില്‍ അവബോധം സൃഷ്ടിച്ചു. മൂന്ന്, പേടി ഉണ്ടാക്കി. ലഹരി വില്ക്കുന്നവന് ജാമ്യം കിട്ടാന്‍ പോലും ബുദ്ധിമുട്ടാണ് എന്ന അവസ്ഥ വന്നു. കാപ്പ ചുമത്തി വര്‍ഷങ്ങളോളം അകത്തിടും എന്നറിഞ്ഞതോടെ പലരും ഈ പണി ഉപേക്ഷിച്ച് പോയി.
തൂഫാന് ജനങ്ങളുടെ പിന്തുണ 100 ശതമാനമായിരുന്നു. അതിനുകാരണം, ഈ ഓപ്പറേഷന് സ്വന്തം വീടിന് വേണ്ടിയുള്ളതാണ് എന്ന് ഓരോ മലയാളിയും തിരിച്ചറിഞ്ഞു എന്നതാണ്.' എന്റെ മകന് വേണ്ടി, എന്റെ മകള്‍ക്ക് വേണ്ടി, എന്റെ കൊച്ചുമക്കള്‍ക്ക് വേണ്ടി' എന്ന ബോധ്യം അവര്‍ക്കുണ്ടായി. സമൂഹത്തില്‍ വന്ന ഈ മാറ്റമാണ് തൂഫാന്റെ അടിത്തറ. പോലീസ് ജനങ്ങളുടെ ശത്രുവല്ല, മിത്രമാണ് എന്ന തിരിച്ചറിവ്. വാട്സ്ആപ്പ് നമ്പറുകള്‍, രഹസ്യ വിവരങ്ങള്‍ കൈമാറാനുള്ള സംവിധാനങ്ങള്‍, പേര് വെളിപ്പെടുത്താതെ വിവരം നല്‍കാനുള്ള സൗകര്യം, പോലീസ് ആപ്പ് വഴിയുള്ള പരാതി സംവിധാനം ഇവയെല്ലാം ജനങ്ങളെ മുന്നോട്ട് വരാന്‍ പ്രേരിപ്പിച്ചു. കുടുംബശ്രീ അമ്മമാര്‍, ഓട്ടോ തൊഴിലാളികള്‍, വ്യാപാരികള്‍, വിദ്യാര്‍ഥികള്‍, ലൈബ്രറി പ്രവര്‍ത്തകര്‍, മത്സ്യത്തൊഴിലാളികള്‍ എല്ലാവരും പോലീസിന്റെ കണ്ണുകളായി മാറി. ഇതാണ് ജനകീയ പ്രസ്ഥാനം. ഒരു നാട് മുഴുവന്‍ കാവല്‍ നില്ക്കുന്നു. തൂഫാന് കാണിച്ചു തന്നത്, തിന്മയ്ക്കെതിരായ പോരാട്ടം ജനങ്ങളെ അണിനിരത്തിയാല്‍ മാത്രമേ വിജയിക്കൂ എന്നാണ്. പോലീസിന്റെ ലാത്തി കൊണ്ട് മാത്രം ലഹരിയെ തുരത്താന്‍ കഴിയില്ല, അതിന് അമ്മയുടെ വാത്സല്യവും അധ്യാപകന്റെ ശാസനയും നാട്ടുകാരന്റെ ജാഗ്രതയും വേണം. കേരളം അത് കാണിച്ചു കൊടുത്തു.
ഓണം എന്നത് മലയാളിയുടെ മനസില്‍ സന്തോഷത്തിന്റെ, സമൃദ്ധിയുടെ, ഒത്തുചേരലിന്റെ, സ്നേഹത്തിന്റെ കാലമാണ്. ഓണക്കാലത്തെ സുരക്ഷിതമാക്കുക എന്നത് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുക എന്നത് കൂടിയാണ്. അതിനായി സ്കൂള്‍ പരിസരങ്ങളില്‍ ഷാഡോ പോലീസിന്റെ നിരീക്ഷണം ശക്തമാണ്. രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഓണക്കോടിക്കൊപ്പം ഒരു കുട്ടിയും ലഹരി എന്ന വിഷം വാങ്ങരുത് എന്നതാണ് തൂഫാന്റെ ഓണ സന്ദേശം. ഓണം ആഘോഷിക്കേണ്ടത് പൂക്കളുടെ നിറത്തിലാണ്, ലഹരിയുടെ ലഹരിയിലല്ല.
ടോബി തൈപ്പറമ്പില്‍
(രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഹയര്‍
സെക്കന്‍ഡറി സ്കൂള്‍ പൊളിറ്റിക്കല്‍
സയന്‍സ് അധ്യാപകനാണ് ലേഖകന്‍)





Comments