
ഇന്ത്യ മുഴുവന്‍ സെന്‍സസ് നടപടികള്‍ മുന്നേറുമ്പോള്‍ മണിപ്പുരിലെ സെന്‍സസ് സംബന്ധിച്ച് അനിശ്‌ചിതത്വം തുടരുകയാണ്. രണ്ടര വര്‍ഷത്തിലേറെയായി കലാപത്തിന്റെ മുറിവുകളും കുടിയൊഴിപ്പിക്കലും പരസ്‌പര അവിശ്വാസവും രാഷ്‌ട്രീയ ധ്രുവീകരണവും അനുഭവിക്കുന്ന ഒരു സംസ്‌ഥാനത്ത്, ജനസംഖ്യ തിട്ടപ്പെടുത്തുക എന്നത് വലിയൊരു രാഷ്‌ട്രീയ ദൗത്യമായി മാറിയിരിക്കുന്നു.
2027ലെ സെന്‍സസിന്റെ ആദ്യഘട്ടമായ വീടുകള്‍ സംബന്ധിച്ച വിവരശേഖരണം സെപ്‌റ്റംബര്‍ ഒന്നുമുതല്‍ 30 വരെ മണിപ്പുരില്‍ നടത്താനാണ് നിശ്‌ചയിച്ചിരുന്നത്. എന്നാല്‍, വിവിധ സംഘടനകളുടെ എതിര്‍പ്പും പ്രതിഷേധവും കാരണം എന്യൂമറേറ്റര്‍മാരുടെ പരിശീലനം പോലും നിര്‍ത്തിവച്ചിരിക്കുകയാണ്. ഓഗസ്‌റ്റ് 17ന് പ്രവര്‍ത്തനക്ഷമമാകേണ്ടിയിരുന്ന സ്വയം കണക്കെടുപ്പ് പോര്‍ട്ടലും ഇതുവരെ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തിനായി സംസ്‌ഥാന സര്‍ക്കാര്‍ കാത്തിരിക്കുകയാണ്.
ഇതിനിടെയാണ് കാങ്‌ലീപാക് സ്‌റ്റുഡന്റ്‌സ് അസോസിയേഷന്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയെ തുടര്‍ന്ന് മണിപ്പുര്‍ ഹൈക്കോടതി പ്രത്യേക ഡിവിഷന്‍ ബെഞ്ച് രൂപീകരിച്ച് വിഷയം പരിഗണിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അതോടെ ഭരണപരമായ അനിശ്‌ചിതത്വം ഇപ്പോള്‍ നിയമപരമായ പരിശോധനയ്‌ക്കും വിധേയമായിരിക്കുകയാണ്.
എന്നാല്‍, മണിപ്പുരിലെ പ്രശ്‌നത്തിന്റെ കാതല്‍ സെന്‍സസ് നടക്കണമോ വേണ്ടയോ എന്നതില്‍ മാത്രം ഒതുങ്ങുന്നില്ല. സെന്‍സസ് പൗരത്വ നിര്‍ണയത്തിനുള്ള നടപടിയല്ല. രാജ്യത്ത് താമസിക്കുന്നവരുടെ ജനസംഖ്യ, സാമൂഹികസാമ്പത്തിക സവിശേഷതകള്‍ തുടങ്ങിയവ ശേഖരിക്കുന്ന ഭരണപരമായ ഒരു കണക്കെടുപ്പാണ് സെന്‍സസ്. അതിനാല്‍ സെന്‍സസിനെ നേരിട്ട് ദേശീയ പൗരത്വ രജിസ്‌റ്ററുമായി (എന്‍.ആര്‍.സി.) തുലനം ചെയ്യുന്നത് ഭരണഘടനാപരമായും ഭരണപരമായും ശരിയായ സമീപനമല്ല. പക്ഷേ മണിപ്പുരിലെ യാഥാര്‍ഥ്യം ഇത്ര ലളിതമല്ല.
മണിപ്പുരിലെ ഒരു വിഭാഗം മേയ്‌തെയ്, നാഗാ സംഘടനകള്‍ ആദ്യം എന്‍.ആര്‍.സി. വേണമെന്നാണ് ആവശ്യപ്പെടുന്നത്. സംസ്‌ഥാനത്തെ അനധികൃത കുടിയേറ്റം ജനസംഖ്യാ സന്തുലിതാവസ്‌ഥയെ ബാധിച്ചുവെന്ന ആശങ്കയാണ് അതിനു പിന്നില്‍. മുന്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ് പോലും ഇതേ ആശങ്ക മുന്നോട്ടുവച്ചിട്ടുണ്ട്. മറുവശത്ത്, കുക്കി-സോ വിഭാഗം തങ്ങളുടെ ജനസംഖ്യയെയും ജനസംഖ്യാപരമായ നിലയെയും കുറിച്ച് പ്രചരിക്കുന്ന അവകാശവാദങ്ങള്‍ക്ക് മറുപടി നല്‍കാന്‍ നിഷ്‌പക്ഷമായ സെന്‍സസ് അനിവാര്യമാണെന്ന് വാദിക്കുന്നു.
ഒരേ കണക്കെടുപ്പിനെ രണ്ടു വിഭാഗങ്ങളും രണ്ടു വിരുദ്ധ ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. ഒരുവിഭാഗത്തിന് അത് അനധികൃത കുടിയേറ്റത്തെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള ഉപാധിയാണ്; മറ്റൊരു വിഭാഗത്തിന് സ്വന്തം ജനസംഖ്യയെക്കുറിച്ചുള്ള ആരോപണങ്ങള്‍ തള്ളിക്കളയാനുള്ള വസ്‌തുനിഷ്‌ഠ രേഖയാണ്. അതിനാല്‍ മണിപ്പുരില്‍ സെന്‍സസ് ഒരു കണക്കെടുപ്പിനേക്കാള്‍ ഏറെ വിശ്വാസ്യതയുടെ രാഷ്‌ട്രീയ പരീക്ഷണമായി മാറിയിരിക്കുന്നു.
2023 മേയ് മൂന്നിന് ആരംഭിച്ച മേയ്‌തെയ്-കുക്കി സംഘര്‍ഷം മണിപ്പുരിന്റെ സാമൂഹിക ഘടനയെ തന്നെ തകര്‍ത്തു. ആയിരക്കണക്കിന് ആളുകള്‍ വീടുകളില്‍നിന്ന് പലായനം ചെയ്‌തു. പലരും ഇന്നും സ്വന്തം വീടുകളിലേക്ക് മടങ്ങിയിട്ടില്ല. വിവിധ പ്രദേശങ്ങളിലെ ജനസംഖ്യാ ഘടനയില്‍ തന്നെ വലിയ മാറ്റങ്ങള്‍ സംഭവിച്ചു.
സ്വന്തം ഗ്രാമത്തില്‍നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട ഒരാള്‍ മറ്റൊരു ജില്ലയില്‍ താല്‍ക്കാലിക ക്യാമ്പിലോ ബന്ധുവീട്ടിലോ കഴിയുന്നുണ്ടെങ്കില്‍, അദ്ദേഹത്തിന്റെ കണക്കെടുപ്പ് എങ്ങനെ രേഖപ്പെടുത്തും? ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ എങ്ങനെ രേഖപ്പെടുത്തും? കലാപത്തില്‍ നശിച്ച വീടുകള്‍, തിരിച്ചെത്താന്‍ കഴിയാത്ത കുടുംബങ്ങള്‍, താല്‍ക്കാലികമായി താമസിക്കുന്നവര്‍... ഇതൊക്കെ എങ്ങനെ തിട്ടപ്പെടുത്തും?
ഇവയെല്ലാം സാങ്കേതികമായി പരിഹരിക്കാവുന്ന പ്രശ്‌നങ്ങളാണ്. എന്നാല്‍, മണിപ്പുരില്‍ അവയ്‌ക്ക് രാഷ്‌ട്രീയവും സാമൂഹികവുമായ അര്‍ത്ഥങ്ങളുണ്ട്.
ഒരു വീടിന്റെ കണക്കെടുപ്പ് പോലും അവിടെ ഭൂമിശാസ്‌ത്രപരമായ അവകാശവാദമായി വായിക്കപ്പെടാന്‍ സാധ്യതയുണ്ട്. ഒരു ഗ്രാമത്തിലെ ജനസംഖ്യാ കണക്ക് ഭാവിയിലെ രാഷ്‌ട്രീയ പ്രതിനിധിത്വവുമായി ബന്ധിപ്പിക്കപ്പെടാം. ഒരു പ്രദേശത്തെ ജനസംഖ്യ കുറഞ്ഞതായി രേഖപ്പെടുത്തിയാല്‍ അതിന്റെ രാഷ്‌ട്രീയ പ്രതിഫലത്തെക്കുറിച്ച് സംശയം ഉയരാം.
സെന്‍സസിനെ ചുറ്റിപ്പറ്റിയുള്ള ആശങ്കയുടെ മറ്റൊരു പ്രധാന കാരണം ഭാവിയിലെ മണ്ഡല പുനര്‍നിര്‍ണയമാണ്. സെന്‍സസ് നേരിട്ട് മണ്ഡല പുനര്‍നിര്‍ണയം നടത്തുന്ന നടപടിയല്ല. എന്നാല്‍, ജനസംഖ്യാ വിവരങ്ങള്‍ ഭാവിയിലെ ഡീലിമിറ്റേഷന്‍ പ്രക്രിയയില്‍ നിര്‍ണായകമായ അടിസ്‌ഥാന ഡേറ്റയായി മാറാം. അതിനാല്‍ മണിപ്പുരിലെ ചില വിഭാഗങ്ങള്‍ക്ക് ഇപ്പോഴത്തെ സെന്‍സസ് ഭാവിയിലെ രാഷ്‌ട്രീയ പ്രാതിനിധ്യത്തെ ബാധിക്കുമെന്ന ആശങ്കയുണ്ട്. മണിപ്പുരിലെ മൂന്നു പ്രധാന ജനവിഭാഗങ്ങളായ മേയ്‌തെയ്, നാഗാ, കുക്കി-സോ സമൂഹങ്ങള്‍ക്കിടയില്‍ ഇതിനകം തന്നെ ജനസംഖ്യ, ഭൂമി, ഭരണപരമായ അവകാശങ്ങള്‍, രാഷ്‌ട്രീയ പ്രതിനിധിത്വം എന്നിവയെ ചുറ്റിപ്പറ്റി കടുത്ത അവിശ്വാസമുണ്ട്. അതിനിടയില്‍ പുതിയ ജനസംഖ്യാ കണക്കുകള്‍ പുറത്തുവരുന്നത് ഏതെങ്കിലും വിഭാഗത്തിന് അനുകൂലമോ പ്രതികൂലമോ ആയ രാഷ്‌ട്രീയ വ്യാഖ്യാനങ്ങള്‍ക്ക് വഴിവയ്‌ക്കാം.
മണിപ്പുരിലെ ഇന്നത്തെ ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഒന്ന് വിവരങ്ങളുടെ വിശ്വാസ്യതയാണ്. ഓരോ വിഭാഗവും മറ്റൊരുവിഭാഗത്തിന്റെ ജനസംഖ്യയെക്കുറിച്ച് സംശയങ്ങള്‍ ഉന്നയിക്കുന്നു. അനധികൃത കുടിയേറ്റം, ജനസംഖ്യാ വളര്‍ച്ച, ഭൂമിയിലേക്കുള്ള കടന്നുകയറ്റം തുടങ്ങിയ ആരോപണങ്ങള്‍ രാഷ്‌ട്രീയ വാദപ്രതിവാദങ്ങളുടെ ഭാഗമായിട്ടുണ്ട്. ഇത്തരം സാഹചര്യത്തില്‍ സുതാര്യമായ സെന്‍സസ് അനിവാര്യമാണ്. എന്നാല്‍, ഔദ്യോഗിക കണക്ക് എന്ന പേരില്‍ പുറത്തുവരുന്ന ഏതൊരു കണക്കിനും എല്ലാവരും അംഗീകാരം നല്‍കണമെന്നില്ല. അതുകൊണ്ടാണ് കണക്കെടുപ്പിന്റെ നടപടിക്രമം തന്നെ പരമാവധി സുതാര്യവും വിശ്വാസ്യതയുള്ളതുമാക്കേണ്ടത്.
എല്ലാ വിഭാഗങ്ങളുടെയും പ്രതിനിധികളുമായി മുന്‍കൂട്ടി ആശയവിനിമയം നടത്തണം. കുടിയൊഴിപ്പിക്കപ്പെട്ടവരുടെ കണക്കെടുപ്പിനായി പ്രത്യേക പ്രോട്ടോക്കോള്‍ വേണം. സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ ഉദ്യോഗസ്‌ഥരുടെ സുരക്ഷ ഉറപ്പാക്കണം. കണക്കെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ സ്വതന്ത്രമായ പരാതി പരിഹാര സംവിധാനം വേണം. ഏറ്റവും പ്രധാനമായി, സെന്‍സസ് ഡേറ്റയെ രാഷ്‌ട്രീയ അവകാശവാദങ്ങളുടെ ആയുധമാക്കാതിരിക്കാനുള്ള ഉറപ്പും ആവശ്യമാണ്.
ഇപ്പോള്‍ മണിപ്പുരിന് ഏറ്റവും ആവശ്യമുള്ളത് അനിശ്‌ചിതത്വത്തിന്റെ അവസാനമാണ്. സെന്‍സസ് നിശ്‌ചയിച്ച സമയത്ത് നടത്താനാകുമോ? കഴിയില്ലെങ്കില്‍ പകരം എന്താണ് ക്രമീകരണം? സംഘര്‍ഷബാധിതരുടെയും കുടിയൊഴിപ്പിക്കപ്പെട്ടവരുടെയും കണക്കെടുപ്പ് എങ്ങനെ നടത്തും? വിവിധ സംഘടനകളുടെ ആശങ്കകള്‍ക്ക് എന്ത് മറുപടിയാണ് കേന്ദ്രത്തിനുള്ളത്? എന്‍.ആര്‍.സി. സംബന്ധിച്ച ആവശ്യത്തില്‍ കേന്ദ്രത്തിന്റെ നിലപാട് എന്താണ്? ഇവയ്‌ക്ക് വ്യക്‌തമായ മറുപടി ലഭിക്കണം.
സെന്‍സസ് മാറ്റിവയ്‌ക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. മറുവശത്ത് കുക്കിസോ കൗണ്‍സില്‍ നിഷ്‌പക്ഷ സെന്‍സസ് ആവശ്യപ്പെടുന്നു. വിവിധ മേയ്‌തെയ്, നാഗാ സംഘടനകള്‍ എന്‍.ആര്‍.സി. ആദ്യം വേണമെന്ന് പറയുന്നു. ഈ വൈരുദ്ധ്യമാര്‍ന്ന ആവശ്യങ്ങള്‍ക്കിടയില്‍ കേന്ദ്രസര്‍ക്കാര്‍ ഒരു വിഭാഗത്തിന്റെ ആവശ്യം മറ്റൊരു വിഭാഗത്തിന്റെ ആവശ്യത്തിന് എതിരായി പരിഗണിക്കുന്ന രാഷ്‌ട്രീയ സമീപനം ഒഴിവാക്കണം. പകരം, ഭരണഘടനാപരവും നിയമപരവും ഭരണപരവുമായ മാനദണ്ഡങ്ങളുടെ അടിസ്‌ഥാനത്തില്‍ നിഷ്‌പക്ഷമായ തീരുമാനം കൈക്കൊള്ളുകയാണ് വേണ്ടത്.
മണിപ്പുരിലെ പ്രതിസന്ധി ജനസംഖ്യയുടെ പ്രശ്‌നം മാത്രമല്ല. അത് ഭൂമിയുടെയും, സുരക്ഷയുടെയും, രാഷ്‌ട്രീയ പ്രതിനിധിത്വത്തിന്റെയും, ചരിത്രപരമായ അവകാശങ്ങളുടെയും പ്രശ്‌നമാണ്; അതിലുപരി പരസ്‌പര വിശ്വാസം നഷ്‌ടപ്പെട്ട സമൂഹങ്ങളുടെ പ്രശ്‌നമാണ്. അതുകൊണ്ട് 2027ലെ സെന്‍സസ് മണിപ്പുരില്‍ വിശ്വാസം വീണ്ടെടുക്കാനുള്ള ഒരു അവസരമാക്കി മാറ്റേണ്ടതുണ്ട്.
ജോണ്‍ മാത്യു





Comments