
തിരുവനന്തപുരം: ഉത്രാട ദിനത്തില്‍ നടന്ന കേരളാ ക്രിക്കറ്റ് ലീഗ് മത്സരത്തില്‍ ആലപ്പി റിപ്പിള്‍സിനെ ആറ് വിക്കറ്റിനു തോല്‍പ്പിച്ച് ഏരീസ് കൊല്ലം സെയ്ലേഴ്സ്. ആദ്യം ബാറ്റ് ചെയ്ത ആലപ്പി റിപ്പിള്‍സ് മൂന്ന് വിക്കറ്റിന് 186 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ഏരീസ് 17.4 ഓവറില്‍ ലക്ഷ്യത്തിലെത്തി.
ആദ്യം ബാറ്റു ചെയ്ത ആലപ്പിക്കായി ഓപ്പണര്‍ മുഹമ്മദ് അസ്ഹറുദ്ദീന് സെഞ്ചുറിയടിച്ചു. 51 പന്തില്‍ ഏഴ് സിക്സറും ആറ് ഫോറുമടക്കം 100 റണ്ണെടുത്ത അസര്‍ പുറത്താകാതെനിന്നു. നായകന് സച്ചിന് ബേബിയും (34 പന്തില്‍ ഒരു സിക്സറും നാല് ഫോറുമടക്കം 40) മികച്ച ബാറ്റിങ് പുറത്തെടുത്തു. ഓപ്പണര്‍ ജലജ് സക്സേന (10), സിബിന് പി. ഗിരീഷ് (14) എന്നിവര്‍ നിരാശപ്പെടുത്തി. ടി.കെ. അക്ഷയ് എട്ട് പന്തില്‍ ഒരു സിക്സറും ഒരു ഫോറുമടക്കം 17 റണ്ണുമായി അസറിനു കൂട്ടായി. ടോസ് നേടിയ കൊല്ലം നായകന് വത്സല്‍ ഗോവിന്ദ് ആലപ്പുഴയെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. എം.ഡി. നിധീഷിന്റെ നേതൃത്വത്തില്‍ ബൗളര്‍മാര്‍ കണിശതയോടെ പന്തെറിഞ്ഞപ്പോള്‍ കരുതലോടു കൂടിയ തുടക്കമായിരുന്നു റിപ്പിള്‍സിന്റേത്. ആദ്യ രണ്ട് ഓവറില്‍ ഒരു റണ്‍ മാത്രമായിരുന്നു നിധീഷ് വിട്ടുകൊടുത്തത്.
പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റിന് 26 റണ്‍ എന്ന നിലയിലായിരുന്നു റിപ്പിള്‍സ്. നിലയുറപ്പിച്ചതോടെ അസറും സച്ചിന് ബേബിയും ചേര്‍ന്ന് ആഞ്ഞടിച്ചു. രണ്ടാം വിക്കറ്റില്‍ 101 റണ്ണിന്റെ കൂട്ടുകെട്ട് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തി. സച്ചിന് ബേബി 15-ാം ഓവറില്‍ പുറത്തായി. നിധീഷ് എറിഞ്ഞ അവസാന ഓവറില്‍ രണ്ട് സിക്സറും ഒരു ഫോറും പറത്തിയാണ് അസര്‍ ലീഗിലെ തന്റെ കന്നി സെഞ്ചുറി പൂര്‍ത്തിയാക്കിയത്. കൊല്ലത്തിനു വേണ്ടി എം.ഡി. നിധീഷും വിജയ് വിശ്വനാഥും എ.ജി. അമലും ഒരു വിക്കറ്റ് വീതമെടുത്തു.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്ലത്തിന് തുടക്കത്തില്‍ തന്നെ അരുണ്‍ പൗലോസിന്റെ (0) വിക്കറ്റ് നഷ്ടമായി. വിനില്‍ എറിഞ്ഞ ഓവറിന്റെ രണ്ടാമത്തെ പന്തില്‍ അരുണിന്റെ വിക്കറ്റ് തെറിച്ചു. രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഓപ്പണര്‍ അഭിഷേക് നായരും (34 പന്തില്‍ ഒരു സിക്സറും എട്ട് ഫോറുമടക്കം 52) നായകന് വത്സല്‍ ഗോവിന്ദും (53 പന്തില്‍ മൂന്ന് സിക്സറും 11 ഫോറുമടക്കം 93) കൊല്ലത്തിന്റെ ജയത്തിന് അടിത്തറയിട്ടു. വലിയ ലക്ഷ്യത്തിന്റെ സമ്മര്‍ദമില്ലാതെ ബാറ്റ് വീശിയ ഇരുവരും ചേര്‍ന്ന് അനായാസം ഇന്നിങ്സ് മുന്നോട്ടു നീക്കി. ഇരുവരും ചേര്‍ന്ന് 96 റണ്‍ കൂട്ടിച്ചേര്‍ത്തു. അഭിഷേക്അജിനാസിന്റെ പന്തില്‍ സച്ചിന് ബേബി പിടിച്ചു പുറത്തായി. പകരമെത്തിയ ആനന്ദ് കൃഷ്ണനും (12 പന്തില്‍ ഒരു സിക്സറടക്കം 14) നായകനു പിന്തുണ നല്കി. സെഞ്ചുറിക്ക് ഏഴ് റണ്‍ അകലെ വത്സല്‍ പുറത്തായെങ്കിലും കൊല്ലം വിജയ തീരത്ത് എത്തിയിരുന്നു. തുടരെ മൂന്ന് ഫോറുകളടിച്ച അര്ജുന് വേണുഗോപാലാണ് (നാല് പന്തില്‍ 12) ടീമിനെ ജയത്തിലെത്തിച്ചത്. അജ്നാസ് അഞ്ച് പന്തില്‍ അഞ്ച് റണ്ണുമായി പുറത്താകാതെനിന്നു. റിപ്പിള്‍സിനു വേണ്ടി അജിനാസ് രണ്ട് വിക്കറ്റും വിനില്‍, അഭിജിത് പ്രവീണ്‍ എന്നിവര്‍ ഒരു വിക്കറ്റ് വീതവുമെടുത്തു.
ജി. അരുണ്‍







Comments