
കൊളംബോ: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയില്‍ പിടിച്ച് ശ്രീലങ്ക. ഫോളോ ഓണ്‍ നേരിട്ട ശേഷമാണു ലങ്ക ടെസ്റ്റിലെ ജയത്തോളം പോന്ന സമനില നേടിയത്.
സ്കോര്‍: ഇന്ത്യ ഒന്നാം ഇന്നിങ്സ് ഒന്‍പതിന് 503 ഡിക്ലയേഡ്. ശ്രീലങ്ക ഒന്നാം ഇന്നിങ്സ് 290, രണ്ടാം ഇന്നിങ്സ് ഒന്‍പതിന് 429 ഡിക്ലയേഡ്.
രണ്ടാം ടെസ്റ്റും വിജയിച്ച് പരമ്പര തൂത്തുവാരമെന്ന ഇന്ത്യന്‍ പ്രതീക്ഷകള്‍ക്കാണ് അടിയേറ്റത്. രണ്ട് ടെസ്റ്റുകളുടെ പരമ്പര 1-0 ത്തിനു നേടിയെങ്കിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കടക്കാന്‍ അതുമതിയാകില്ല.
ഫോളോ ഓണ്‍ ചെയ്ത് അഞ്ചാം ദിനം ബാറ്റിങ് തുടര്‍ന്ന ലങ്ക ഒന്‍പതിന് 429 റണ്‍ എന്നു നില്‍ക്കേ മത്സരം അവസാനിപ്പിക്കാന്‍ ഇരു നായകന്മാരും തീരുമാനിച്ചു. ഗാളില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ ഇന്ത്യ മികച്ച ജയം സ്വന്തമാക്കിയിരുന്നു. നാലാം തവണയാണു ലങ്ക ഫോളോ ഓണ്‍ ചെയ്ത ശേഷം സമനില നേടുന്നത്. 2010 ലെ വെസ്റ്റിന്‍ഡീസിനെതിരേ നടന്ന ഗാള്‍ ടെസ്റ്റിലാണ് ലങ്ക അവസാനം ഫോളോ ഓണ്‍ ചെയ്ത ശേഷം സമനില നേടിയത്. ഇന്ത്യ ആദ്യമായാണ് ലങ്കയെ ഫോളോ ഓണ്‍ ചെയ്യിച്ച ശേഷം സമനില വഴങ്ങുന്നത്്. മുന്‍പ് നടന്ന എട്ട് ടെസ്റ്റുകളും ഇന്ത്യക്കു ജയിക്കാനായി.
ആറിന് 229 റണ്‍ എന്ന നിലയില്‍ അവസാന ദിനം ബാറ്റിങ് ആരംഭിച്ച ലങ്കയുടെ മൂന്ന് വിക്കറ്റുകള്‍ മാത്രമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു വീഴ്ത്താനായത്. തുടര്‍ച്ചയായ രണ്ടാം ഇന്നിങ്സിലും സെഞ്ചുറിയടിച്ച സോനാല്‍ ദിനുഷയാണ് ഇന്ത്യക്കും ജയത്തിനുമിടയില്‍ വിലങ്ങുതടിയായത്. സോനാല്‍ ദിനുഷ 264 പന്തുകളിലായി രണ്ട് സിക്സറും എട്ട് ഫോറുമടക്കം 133 റണ്ണുമായി പുറത്താകാതെനിന്നു. ഒന്നാം ഇന്നിങ്സില്‍ ദിനുഷ 103 റണ്ണെടുത്തിരുന്നു. താരത്തിന്റെ പരമ്പരയിലെ മൂന്നാം സെഞ്ചുറിയായിരുന്നു അത്. രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ മൂന്ന് സെഞ്ചുറികള്‍ നേടുന്ന മൂന്നാമത്തെ ശ്രീലങ്കന്‍ ബാറ്ററാണ്്. അരവിന്ദ ഡിസില്‍വയും കുമാര്‍ സംഗക്കാരയുമാണു മുന്‍ഗാമികള്‍. ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സിലും സെഞ്ചുറിയടിക്കുന്ന എട്ടാമത്തെ ലങ്കന്‍ താരം കൂടിയാണ് ദിനുഷ.
ദിനുഷയുടെ ഇന്നിങ്സിനെ മുന്‍ നായകന് മഹേള ജയവര്‍ധനെയുടെ പ്രകടനത്തോടാണു കളിയെഴുത്തുകാര്‍ താരതമ്യം ചെയ്തത്. ആറിന് 229 റണ്‍ എന്ന നിലയില്‍ അവസാനദിനം ബാറ്റിങ് ആരംഭിച്ച ലങ്കയ്ക്ക് ദിനുഷയും കെഷാര നുവാന്ത (150 പന്തില്‍ 46) ചേര്‍ന്ന കൂട്ടുകെട്ട് രക്ഷയായി. ഇന്ത്യയുടെ ക്ഷമയെ പരീക്ഷിച്ച ഈ സഖ്യം ആദ്യ സെഷന് പൂര്‍ണമായും പിടിച്ചുനിന്നു. ഇന്ത്യന്‍ നായകന് ശുഭ്മന്‍ ഗില്‍ ബൗളര്‍മാരെ മാറ്റിമാറ്റി പരീക്ഷിച്ചിട്ടും കൂട്ടുകെട്ട് പൊളിക്കാനായില്ല. ഏഴാം വിക്കറ്റ് കൂട്ടുകെട്ട് 128 പന്തില്‍ 50 റണ്ണും 203 പന്തില്‍ മൂന്നക്കവും കടന്നു. ക്ഷമാപൂര്‍വം ബാറ്റ് ചെയ്ത ദിനുഷ 99 പന്തില്‍ അര്‍ധ സെഞ്ചുറിയും 196 പന്തില്‍ സെഞ്ചുറിയും കുറിച്ചു. മാനവ് സുതറിന്റെ പന്തില്‍ ധ്രുവ് ജൂറല്‍ പിടിച്ച് നുവാന്ത മടങ്ങുമ്പോള്‍ ലങ്ക ഏഴിന് 330 റണ്‍ എന്ന നിലയിലായിരുന്നു. 82-ാം ഓവറില്‍ പുതിയ പന്തെടുത്തിട്ടും ഈ കൂട്ടുകെട്ട് പൊളിക്കാന്‍ ഇന്ത്യക്ക് 105-ാം ഓവര്‍ വരെ കാക്കേണ്ടി വന്നു.
പ്രഭാത് ജയസൂര്യയുമായി (28 പന്തില്‍ രണ്ട്) ചേര്‍ന്ന ദിനുഷ ബൗളര്‍മാരുടെ ക്ഷമ പരീക്ഷിക്കുന്നതു തുടര്‍ന്നു. പ്രഭാത് ജയസൂര്യയെ രവീന്ദ്ര ജഡേജ മടക്കി. ഒന്‍പതാം വിക്കറ്റില്‍ ഒന്നിച്ച ദിനുഷയും ലാഹിരു കുമാര (90 പന്തില്‍ 12) സഖ്യവും തിരിച്ചടിയായി. 169 പന്തുകള്‍ നേരിട്ട അവര്‍ 47 റണ്‍ കൂട്ടിച്ചേര്‍ത്തു.
കുമാരയെ ജഡേജ യശസ്വി ജയ്സ്വാളിന്റെ കൈയിലെത്തിച്ചതു നേരിയ സാധ്യതയായി. തുടര്‍ന്നെത്തിയ അസിത ഫെര്‍ണാണ്ടോയും ചിടിച്ചു നിന്നതോടെ സമനിലയല്ലാതെ വഴിയില്ലാതായി. 24 പന്തുകള്‍ നേരിട്ട അസിത റണ്ണെടുക്കാന്‍ മെനക്കെട്ടില്ല. ഇന്ത്യക്കായി മാനവ് സുതറും രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റ് വീതമെടുത്തു. പ്രസിദ്ധ കൃഷ്ണ, മുഹമ്മദ് സിറാജ്, സാരാംശ് ജെയ്ന്‍ എന്നിവര്‍ ഒരു വിക്കറ്റ് വീതമെടുത്തു. ദിനുഷയുടെ സെഞ്ചുറി കൂടാതെ തുടര്‍ച്ചയായ രണ്ടാം ഇന്നിങ്സിലും അര്‍ധ സെഞ്ചുറി നേടിയ പസിന്ദു സൂര്യബന്ദാര (173 പന്തില്‍ 92), കാമിന്ദു മെന്‍ഡിസ് (92 പന്തില്‍ 55), കാമില്‍ മിഷാര (39 പന്തില്‍ 32) എന്നിവരുടെ ബാറ്റിങ് മികവിലാണ് ലങ്ക പിടിച്ചു നിന്നത്.
മൂന്നാം വിക്കറ്റില്‍ 170 പന്തിലായി 115 റണ്‍ കൂട്ടിച്ചേര്‍ത്ത ബണ്ടാാരയും മെന്‍ഡിസും നാലാം ദിനം ഇന്ത്യയെ പരീക്ഷിച്ചു. ലങ്കയ്ക്ക് നാലാം ദിനം ചായക്കു ശേഷമാണ് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായത്. ഒന്നാം ഇന്നിങ്സില്‍ 290 റണ്ണിന് ഓള്‍ഔട്ടായതോടെയാണ് ലങ്കയ്ക്കു ഫോളോ ഓണ്‍ ചെയ്യേണ്ടി വന്നത്. ഫോളോഓണ്‍ ഒഴിവാക്കാന്‍ വേണ്ടിയിരുന്ന 14 റണ്ണിന് അകലെയാണ് അവര്‍ വീണത്. ഫോളോ ഓണ്‍ ചെയ്യുമ്പോഴും തുടക്കത്തില്‍ തന്നെ വിക്കറ്റ് നഷ്ടപ്പെട്ട ലങ്കയെ തിരിച്ചുകൊണ്ടുവന്നത് ബണ്ടാരയുടെ ഇന്നിങ്സാണ്.
ലഹിരു ഉദാര (മൂന്ന്), കാമില്‍ മിഷാര (32), കാമിന്ദു മെന്‍ഡിസ് (55), നായകന് ധനഞ്ജയ ഡിസില്‍വ (23), നിരോഷന്‍ ഡിക്വെല (ആറ്) എന്നിവരുടെ വിക്കറ്റുകളാണു രണ്ടാം ഇന്നിങ്സില്‍ നഷ്ടമായത്. സോനാല്‍ ദിനുഷ മത്സരത്തിലെയും ആകെ 328 റണ്ണെടുത്ത ദേവദത്ത് പടിക്കല്‍ പരമ്പരയിലെയും താരമായി.







Comments