
തിരുവനന്തപുരം: അവിട്ടം ദിനത്തില്‍ നടന്ന കേരളാ ക്രിക്കറ്റ് ലീഗ് മത്സരത്തില്‍ കൊച്ചിയെ കൊല്ലം കെട്ടുകെട്ടിച്ചു. ആവേശപ്പോരാട്ടത്തില്‍ മൂന്ന് റണ്ണിനാണ് ഏരീസ് കൊല്ലം സെയിലേഴ്സ് കൊച്ചി ബ്ലൂ ടൈഗേഴ്സിനെ തോല്‍പ്പിച്ചത്.
നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ തുടരെയുള്ള അഞ്ചാം തോല്‍വിയാണ്. ആദ്യം ബാറ്റ് ചെയ്ത കൊല്ലം 20 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 158 റണ്ണെടുത്തു. കൊച്ചിക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 155 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. തകര്‍പ്പന്‍ ബൗളിങ്ങിലൂടെ കൊല്ലത്തിന് വിജയമൊരുക്കിയ പവന് രാജാണ് മത്സരത്തിലെ താരം. ടോസ് നേടിയ സെയിലേഴ്സ് നായകന് വത്സല്‍ ഗോവിന്ദ് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. വത്സല്‍ ഗോവിന്ദും അഭിഷേക് ജെ. നായരും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്.
മനോഹരമായ ഷോട്ടുകള്‍ പായിച്ച ഇരുവരും ചേര്‍ന്ന് സ്കോര്‍ ബോര്‍ഡ് അതിവേഗം മുന്നോട്ടു നീക്കി. ഒരു വശത്ത് സാലി സാംസനെതിരെ വത്സല്‍ ഗോവിന്ദ് തുടരെ സിക്സറും ഫോറുമടിച്ചപ്പോള്‍ മറുവശത്ത് ആല്‍ഫി ഫ്രാന്‍സിസിനെതിരെ തുടരെ മൂന്ന് ഫോറുകളടിച്ച് അഭിഷേകും തകര്‍ത്തടിച്ചു. അഞ്ചോവറില്‍ അന്പതിലെത്തിയ സെയിലേഴ്സ് 10.1 ഓവറില്‍ 100 പിന്നിട്ടു.
സ്കോര്‍ 99ല്‍ നില്‍ക്കെ അഭിഷേകിന്റെ വിക്കറ്റ് നഷ്ടമായി. പി.എസ്. ജെറിന്റെ പന്തില്‍ കാര്‍ത്തിക് ബി.നായര്‍ പിടിച്ചാണ് അഭിഷേക് (46) മടങ്ങിയത്. അനാവശ്യ ഷോട്ടുകളിലൂടെ വിക്കറ്റുകള്‍ വലിച്ചെറിയുന്ന സെയിലേഴ്സിന്റെ ബാറ്റര്മാരെയാണു പിന്നീടു കണ്ടത്്. അജിനാസും ആനന്ദ് കൃഷ്ണനും രണ്ട് റണ്‍ വീതവും നേടി പുറത്തായി. അര്ജുന് വേണുഗോപാല്‍ (ഒന്ന്), പ്രീതിഷ് പവന് (അഞ്ച്) അഖില്‍ കെ.ജി. (എട്ട്) എന്നിവരും നിരാശപ്പെടുത്തി. 77 റണ്ണെടുത്ത വത്സല്‍ ഗോവിന്ദ് റണ്ണൗട്ടായതോടെ സെയിലേഴ്സിന്റെ ഇന്നിങ്സ് 158 ല്‍ അവസാനിച്ചു. വത്സലിനും അഭിഷേകിനും പുറമെ മറ്റാര്‍ക്കും രണ്ടക്കം കടക്കാനായില്ല. കൊച്ചിക്ക് വേണ്ടി പി.എസ്. ജെറിന്, കാര്‍ത്തിക് ബി. നായര്‍, ബേസില്‍ തമ്പി, മുഹമ്മദ് ആഷിക്ക് എന്നിവര്‍ രണ്ട് വിക്കറ്റ് വീതമെടുത്തു. മറുപടി ബാറ്റ് ചെയ്ത കൊച്ചിയുടെ തുടക്കം മികച്ചതായില്ല. 48 റണ്ണെടുക്കും മുമ്പ് വിനൂപ് മനോഹരന്റെയും (19), പവന് ശ്രീധറുടെയും (രണ്ട്), മുഹമ്മദ് ഷാനുവിന്റെയും (18) വിക്കറ്റ് നഷ്ടമായി. സാലി സാംസണും മനുകൃഷ്ണനും ചേര്‍ന്ന നാലാം വിക്കറ്റ് കൂട്ടുകെട്ട് കൊച്ചിക്ക് പ്രതീക്ഷയായി.
കരുതലോടെ ബാറ്റ് ചെയ്ത ഇരുവരും ചേര്‍ന്ന് 77 റണ്‍ കൂട്ടിച്ചേര്‍ത്തു. കൊച്ചി ജയിക്കുമെന്നു തോന്നിച്ച ഘട്ടത്തിലാണ് പവന്‍രാജ് പന്തെടുത്തത്്. 17-ാം ഓവറിലെ അഞ്ചാം പന്തില്‍ മനുകൃഷ്ണനെ (37) റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കിയ പവന് അടുത്ത ഓവറില്‍ സച്ചിന് സുരേഷിനെയും ജോബിന് ജോബിയെയും അടുത്തടുത്ത പന്തുകളില്‍ മടക്കി. 44 റണ്ണെടുത്ത സാലി സാംസണ് വിജയ് വിശ്വനാഥിന്റെ പന്തിലും പുറത്തായി. മൂന്ന് വിക്കറ്റ് ശേഷിക്കേ കൊച്ചിക്ക് അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 19 റണ്‍. അവസാന ഓവറില്‍ രണ്ട് സിക്സറുമായി ആല്‍ഫി ഫ്രാന്‍സിസ് പ്രതീക്ഷ നല്‍കിയെങ്കിലും ജയത്തിന് തൊട്ടരികെ കൊച്ചി പൊരുതിവീണു. നാലോവറില്‍ 32 റണ്‍ വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ പവന് രാജാണ് സെയിലേഴ്സിന്റെ ബൗളിങ് നിരയില്‍ തിളങ്ങിയത്. എ.ജി. അമല്‍ രണ്ട് വിക്കറ്റെടുത്തു.
ജി. അരുണ്‍







Comments