
തൊടുപുഴ: ഉറ്റബന്ധുവിനെ ഉപദ്രവിച്ച കേസില്‍ മുപ്പത്തിനാലുകാരനു ജീവപര്യന്തം തടവും പിഴയും. കുട്ടമ്പുഴ മാമലകണ്ടം ബിജുവിനെയാണു ലൈംഗിക പീഡന നിരോധന നിയമ(പോക്സോ) പ്രകാരം ജില്ലാ സ്െപഷല്‍ സെഷന്‍സ് ജഡ്ജി കെ. ആര്. മധുകുമാര്‍ ശിക്ഷിച്ചത്. പ്രതി 23,000 രൂപ പിഴയൊടുക്കണം.
2015 മാര്‍ച്ച് 28നാണു കേസിനാസ്പദമായ സംഭവം. സ്കൂള്‍ ഹോസ്റ്റലില്‍ താമസിച്ചു പഠിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ പ്രതി വീട്ടിലറിയിക്കാതെ ഹോസ്റ്റലിലെത്തി കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. വാര്‍ഡനോട് പെണ്‍കുട്ടിയുടെ അമ്മാവനെ പാമ്പുകടിച്ചെന്നാണു നുണ പറഞ്ഞത്. കൊച്ചി-മധുര നാഷണല്‍ ഹൈവേയിലുള്ള വാളറ വനമേഖലയില്‍ വൈകുന്നേരം അഞ്ചു മണിയോടെ ഇയാള്‍ കുട്ടിയുമായി വന്നിറങ്ങി.
പതിവു വഴിയിലുടെ പോകാത്തതിനെക്കുറിച്ചു കുട്ടി ചോദിച്ചപ്പോള്‍ കുറുക്കുവഴിയാണെന്നു പറഞ്ഞ് വനത്തിലൂടെ കൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നു. രക്ഷപ്പെട്ടോടിയ പെണ്‍കുട്ടിയെ പിന്തുടര്ന്ന് പിടികൂടി വീണ്ടും അതിക്രമം നടത്തിയശേഷം കന്നാസില്‍ കരുതിയിരുന്ന ആസിഡ് മുഖത്തൊഴിച്ചു കൊല്ലാനും ശ്രമിച്ചു. ഒഴിഞ്ഞുമാറിയതിനാല്‍ ദേഹത്തു വീണില്ല.
ഒടുവില്‍ വനമേഖലയിലെ ഒരു വീട്ടിലെത്തിയ കുട്ടിയെ അവരുടെ സഹായത്താലാണ് രാത്രി 10നു വീട്ടിലെത്തിച്ചത്. സംഭവശേഷം ഒളിവില്‍ പോയ പ്രതിയെ ഒരുവര്‍ഷത്തിനു ശേഷം അടിമാലി പോലീസ് പിടികൂടി.
സംസ്ഥാനത്ത് 2012 ലെ പോക്സോ നിയമപ്രകാരമുള്ള കോടതി സ്ഥാപിതമായതിനു ശേഷം ഈ നിയമ പ്രകാരമുള്ള ഏറ്റവും വലിയ ശിക്ഷയായ ജീവപര്യന്തത്തിന് ഒരാളെ ശിക്ഷിക്കുന്നത് ആദ്യമാണ്.
ആസിഡ് ആക്രമണത്തിന് അഞ്ചുവര്‍ഷം കഠിനതടവും ദേഹോപദ്രവം ഏല്‍പ്പിച്ചതിനു മൂന്നുവര്‍ഷം കഠിന തടവിനും ശിക്ഷിച്ചിട്ടുണ്ട്. ഇത് ജീവപര്യന്തത്തിനൊപ്പം അനുഭവിച്ചാല്‍ മതി. പിഴസംഖ്യ അടച്ചില്ലെങ്കില്‍ ഒമ്പതു മാസംകൂടി കഠിന തടവ് അനുഭവിക്കണമെന്നും വിധിന്യായത്തിലുണ്ട്.
അടിമാലി പോലീസ് സബ് ഇന്‍സ്പക്ടര്‍ ഇ.കെ. സോള്‍ജിമോന്‍, സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍മാരായ സജി മാര്‍ക്കോസ്, ജെ. കുര്യാക്കോസ് എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയില്‍ ഹാജരാക്കിയത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി.എ. സന്തോഷ് തേവര്‍കുന്നേല്‍ ഹാജരായി.






